കാബൂള്‍: താലിബാനെ ചെറുത്തു നിൽക്കുന്ന അഫ്ഗാനിസ്ഥാനിലെ ദേശീയ പ്രതിരോധ സേനയുടെ ശക്തികേന്ദ്രമായ പഞ്ച്ഷീശീറില് താലിബാനു സഹായവുമായി പാക് വ്യോമസേന എത്തിയെന്ന് താലിബാന് വിരുദ്ധ സേനയുടെ നേതാവായ അഹമ്മദ് മസൂദ്. പഞ്ച്ശീറിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ അഹമ്മദ് മസൂദിന്റെ വക്താവ് ഫഹിം ദാഷ്ടിയും മസൂദിന്റെ കുടുംബാംഗങ്ങളില്‍ ചിലരും കൊല്ലപ്പെട്ടെന്ന് മസൂദ് പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശബ്ദസന്ദേശത്തിലാണ് അഹമ്മദ് മസൂദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡ്രോണുകള്‍ ഉപയോഗിച്ച് പ്രദേശത്ത് സ്മാര്‍ട്ട് ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനു പുറമെ ചൈനയും റഷ്യയും താലിബാനെ സഹായിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം അഫ്ഗാന് ജനകീയ സേനയെ സഹായിക്കാന്‍ ഒരു രാജ്യവും മുന്നോട്ട് വന്നിട്ടില്ല. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ക്ക് ഇവരോട് മാനസിക ഐക്യം ഉണ്ടെങ്കിലും ആക്രമണങ്ങളില്‍ പങ്കെടുക്കാന്‍ ഇവര്‍ തയ്യാറല്ല.
സമാൻഗനിൽ നിന്നുള്ള മുന്‍ എംപി സിയ അറിയാൻജാദിനെ ഉദ്ധരിച്ച് ആമാജ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പഞ്ച്ശീര്‍ മേഖലയിൽ പ്രതിരോധസേന താലിബാനിൽ നിന്ന് കനത്ത തിരിച്ചടി നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
താലിബാൻ മേഖലയിൽ പിടിമുറുക്കിയതോടെ പ്രതിരോധസേനാ നേതാക്കള്‍ തജിക്കിസ്ഥാനിലേയ്ക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാക് ബോംബാക്രമണത്തില്‍ അഹമ്മദ് മസൂദിന്റെ വക്താവ് ഫഹിം ദാഷ്ടിയും അഹമ്മദ് ഷാ മസൂദിന്റെ അനന്തരവൻ അബ്ദുള്‍ വദൂദ് സോറും മറ്റൊരു പ്രമുഖ മുജാഹിദീൻ കമാൻഡറും കൊല്ലപ്പെട്ടതായും അസ്വാക വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യം പ്രതിരോധ സേനയും സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. രക്തസാക്ഷികളെ അഭിനന്ദിക്കുന്നതായി പ്രതിരോധ സേന ഫേസ്ബുക്കിൽ കുറിച്ചു.
താലിബാൻ കനത്ത നാശം വിതച്ചതിനു പിന്നാലെ പ്രതിരോധസേന മേഖലയിൽ വെടിനിര്‍ത്തൽ ആവശ്യപ്പെട്ടതായും സമാധാന ചര്‍ച്ച വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഈ ആവശ്യം താലിബാൻ തള്ളി. പഞ്ച്ഷീര്‍ താഴ്വര ഉടൻ തന്നെ താലിബാന്റെ പൂര്‍ണനിയന്ത്രണത്തിലായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം പ്രതിരോധസേന ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പഞ്ച്ശീര്‍ പ്രവിശ്യാ ഗവർണറുടെ കാര്യാലയത്തിനു മുന്നിൽ താലിബാൻ ഭീകരർ നിൽക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ബസാറഖ് പിടിച്ചെടുത്തതായി താലിബാന് അവകാശപ്പെട്ടിട്ടുണ്ട്. ബസാറഖ് ഉള്‍പ്പെടെ നാല് ജില്ലകള്‍ പൂര്‍ണ്ണമായി കീഴടക്കിയതായി താലിബാന് പറയുന്നു. ഷുതുല്‍, പര്യാന്, ഖിഞ്ച്, അബ്ഷര്‍ എന്നീ ജില്ലകള്‍ പിടിച്ചതായാണ് താലിബാന് അവകാശപ്പെടുന്നത്.
വെള്ളിയാഴ്ച മുതലാണ് മേഖലയിൽ താലിബാൻ ശക്തമായ തിരിച്ചടി തുടങ്ങിയത്. ഏറ്റുമുട്ടലിനിടെ അറുനൂറോളം താലിബാൻ ഭീകരരെ വധിച്ചതായും ആയിരത്തോളം പേരെ തടവിലാക്കിയതായും പ്രതിരോധസേന അവകാശപ്പെട്ടിരുന്നു. കാബൂളിൽ നിന്ന് 90 മൈൽ മാറി ഹിന്ദു കുഷ് മലനിരകളിലാണ് പഞ്ച്ഷീര്‍ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ മറ്റെല്ലാ പ്രദേശങ്ങളും നിയന്ത്രണത്തിലാക്കിയെങ്കിലും പഞ്ച്ഷീര്‍ താലിബാന് പിടികൊടുക്കാതെ മാസങ്ങളോളം നിലകൊള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: