ഓയൂര്‍: ഓയൂരിലെ ഒളിവില്‍ പോയ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഉടമയെയും കുടുംബത്തെയും കണ്ടെത്താന്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിനായില്ല. സ്വര്‍ണപ്പണയവും നിക്ഷേപം നടത്തിയതുമായ 57 പേരുടെ പരാതികള്‍ പോലീസിന് ലഭിച്ചു. ലഭിച്ച പരാതികള്‍ പ്രകാരം ഏകദേശം നൂറ് പവനും ഒരു കോടിരൂപയും നഷ്ടമായിട്ടുണ്ട്. പരാതിക്കാരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. ഓയൂര്‍ ജങ്ഷനിലും, മരുതമണ്‍പള്ളി ജങ്ഷനിലും കാര്‍ത്തിക ഫൈനാന്‍സ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന മരുതമണ്‍പള്ളി കോഴിക്കോട് കാര്‍ത്തികയില്‍ പൊന്നപ്പന്, ഭാര്യ ശാന്തകുമാരി എന്നിവരെയാണ് കഴിഞ്ഞ 31 മുതല്‍ കാണാതായത്.
കഴിഞ്ഞ 30 വര്‍ഷമായി ഫിനാന്‍സ് നടത്തിവരുന്ന പൊന്നപ്പന് നാട്ടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റി ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. വീട് വയ്ക്കുന്നതിനും, പെണ്മക്കളെ കെട്ടിക്കുന്നതിനും സര്‍വീസില്‍ നിന്നും പിരിഞ്ഞപ്പോള്‍ ലഭിച്ചതും ഉള്‍പ്പെടെയുള്ള തുക നിരവധി പേര് സ്ഥാപനത്തില്‍ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ആറുമാസം മുതല്‍ നിക്ഷേപം പിന്‍വലിക്കാനെത്തിയവരോട് പല കാരണങ്ങള്‍ പറഞ്ഞ് അവധിക്ക് വയ്ക്കുകയായിരുന്നു. കഴിഞ്ഞ 31നാണ് മിക്ക ആളുകളോടും നിക്ഷേപം മടക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നത്.
സ്വര്‍ണം പണയം വച്ചിരുന്ന നിരവധി ആളുകള്‍ സ്വര്‍ണം തിരികെ എടുക്കുന്നതിനു വേണ്ടി പലിശ ഉള്‍പ്പെടെ തുക അടച്ചിരുന്നു. ഇവര്‍ക്കും 31ന് സ്വര്‍ണം തിരികെ നല്‍കാമെന്നാണ് അറിയിച്ചിരുന്നത്. ഇടപാടുകാര്‍ എത്തിയപ്പോഴാണ് ഫൈനാന്‍സ് ഉടമയും കുടുംബവും മുങ്ങിയതായി അറിയുന്നത്. തുടര്‍ന്നാണ് പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. ഇവരുടെ ഉടമസ്ഥതയിലുള്ള മൂന്നു കാറുകള്‍ വീട്ടിലുണ്ട്. സ്വന്തം വാഹനങ്ങളും, മൊബൈല്‍ ഫോണുളും ഉപയോഗിക്കാത്തതും അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവരുടെ രണ്ട് മക്കള്‍ വിദേശത്താണ്. വിദേശത്തേക്ക് കടന്നിട്ടുണ്ടോ എന്നും അന്വേഷിച്ചുവരുന്നു. ഉടമകളെ കാണാതായി ആറു ദിവസം പിന്നിട്ടിട്ടും തുമ്പൊന്നും ലഭിക്കാതായതോടെ കൂടുതല്‍ അങ്കലാപ്പിലായിരിക്കുകയാണ് നിക്ഷേപകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: