കാബൂള്‍ : കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രത്യേക നിയമങ്ങള്‍ പുറത്തിറക്കി താലിബാൻ. സര്‍വകലാശാലയില്‍ പഠിക്കുന്ന എല്ലാ സ്ത്രീകളും നിര്‍ബന്ധമായും അബായ വസ്ത്രവും നിഖാബും ധരിക്കണമെന്ന് താലിബാന്റെ മാർഗരേഖയിൽ പറയുന്നു. കണ്ണുകള്‍ ഒഴിച്ച് ബാക്കി മുഖഭാഗങ്ങളെല്ലാം മറയ്ക്കുന്ന വസ്ത്രങ്ങളാണിത്.
തിങ്കളാഴ്ച സ്വകാര്യ കോളേജുകൾ തുറക്കാനിരിക്കെയാണ് താലിബാന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവ് എല്ലാ കോളേജുകൾക്കും ബാധകമാകുമെന്നാണ് സൂചന. ആണ്‍കുട്ടികളോടൊപ്പം ഒരേ ക്ലാസില്‍ പഠിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ലിംഗഭേദമനുസരിച്ച് ക്ലാസുകള്‍ വേര്‍തിരിക്കാന്‍ അധികാരികളോട് ആവശ്യപ്പെട്ടു. ഇതിന് പുറമേ പെണ്‍കുട്ടികളെ വനിത അദ്ധ്യാപകര്‍ മാത്രമേ ക്ലാസെടുക്കാന്‍ അനുവദിക്കുകയുള്ളു. സർവകലാശാലകൾക്ക് അവരുടെ സംവിധാനങ്ങൾക്കനുസരിച്ച് വിദ്യാർത്ഥിനികൾക്ക് വേണ്ടി വനിതാ അധ്യാപികമാരെ നിയമിക്കാം.
അദ്ധ്യാപികമാരെ ലഭിക്കാതെ വന്നാല്‍ നല്ല സ്വഭാവമുള്ള വൃദ്ധരായ അദ്ധ്യാപകരെ നിയമിക്കാന്‍ അനുമതിയുണ്ട്. സ്കൂളുകളിലും കോളേജുകളിലും വരുമ്പോഴും ഇടവേളകളിലും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി പരസ്പരം ഇടപഴകുന്നതിനും വിലക്കുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പ്രവേശന കവാടങ്ങൾ കോളേജിൽ ഉണ്ടായിരിക്കണം. ആൺകുട്ടികളേക്കാൾ അഞ്ച് മിനിറ്റ് മുമ്പ് തന്നെ പെൺകുട്ടികളെ വീടുകളിലേക്ക് വിടണമെന്നും താലിബാൻ പുറത്തിറക്കിയ നിയമത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: