കൊച്ചി: ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇ ഡിക്ക് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി വിവരം. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ പത്ത് കോടി രൂപ എത്തിയെന്നും ഇത് പത്രത്തിന്റെ ആവശ്യത്തിന് വേണ്ടി വിനിയോഗിക്കാതെ പിന്‍വലിച്ചെന്നും പത്രത്തിന്റെ ഭാഗമായുള്ളവര്‍ തന്നെ ഇ ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. തെളിവുകളെല്ലാം എതിരായതോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തുന്നതിന് മുമ്പ് കൊച്ചിയില്‍ നിയമ വിദഗ്ധരുമായി കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി.
നിയമോപദേശം നല്കിയവരില് ഇ ഡിയുടെ മുന്‍ അഭിഭാഷകരുമുണ്ട്. കുഞ്ഞാലിക്കുട്ടിക്കെതിരായുള്ള അന്വേഷണം ഇ ഡി ഊര്‍ജിതമാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിനെത്താനായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് സാവകാശം തേടിയ കുഞ്ഞാലിക്കുട്ടി കൊച്ചിയിലെ സുഹൃത്തുക്കള്‍ കൂടിയായ മുതിര്‍ന്ന അഭിഭാഷകരുമായും, ഇ ഡിയുടെ മുന്‍ അഭിഭാഷകനുമായും കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. ഇ ഡിയുടെ നടപടികളോട് തത്ക്കാലം സഹകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
തുടര്‍ നീക്കങ്ങള്‍ പരിശോധിച്ച് മറ്റ് നിയമ നടപടികളിലേക്ക് കടക്കാമെന്നുമുള്ള നിയമോപദേശമാണ് ലഭിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ മകന് ആഷിഖിനോട് നാളെ കൊച്ചി ഓഫീസിലെത്താനും ഇ ഡി സമന്‍സ് നല്‍കിയിട്ടുണ്ട്. പത്തുകോടിയുടെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചില പ്രധാന വിവരങ്ങളും, തെളിവുകളും ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മുന്‍ മന്ത്രി കെ.ടി. ജലീലിനോട് കൈവശമുള്ള രേഖകള്‍ കൈമാറാന്‍ നിര്‍ദേശിച്ചത്. ഇതിന്റെയടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ജലീല്‍ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചതും വിശദമായ മൊഴി നല്കിയതും.
കുഞ്ഞാലിക്കുട്ടിക്കും, ബന്ധുക്കള്‍ക്കും 300 കോടിയിലധികം രൂപയുടെ നിക്ഷേപം മലപ്പുറത്തെ എആര്‍ നഗര്‍ സഹകരണ ബാങ്കിലുണ്ടെന്നും, എന്‍ആര്‍ഐ അക്കൗണ്ട് തുടങ്ങാന്‍ അനുമതിയില്ലാത്ത ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ വിദേശത്തുള്ള മകന് നിക്ഷേപമുണ്ടെന്നും പരാതി ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: