കോഴിക്കോട്: കുട്ടിക്ക് നിപ ബാധിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഗുരുതര വീഴ്ച ഉണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പന്ത്രണ്ടുവയസ്സുകാരന്റെ സ്രവം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയില്ല എന്നാണ് പറയുന്നത്. അപ്രകാരം ചെയ്തിരുന്നെങ്കില്‍ കുട്ടിക്ക് വൈറസ് ബാധ നേരത്തെ തിരിച്ചറിഞ്ഞ് ചികില് നടത്താമായിരുന്നു. എന്നാല്‍ കുട്ടിയുടെ ആരോഗ്യനില കണക്കിലെടുത്താണ് സാമ്പിള്‍ ശേഖരിക്കാതിരുന്നതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്.
ആരോഗ്യം മോശമായ അവസ്ഥയില്‍ നട്ടെല്ലിന്റെ ഭാഗത്തുനിന്ന് സ്രവം കുത്തിയെടുക്കുക അപകടകരമായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുത്താനാണ് ശ്രമിച്ചതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
നിപ സംശയത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചതും രോഗം സ്ഥിരീകരിച്ചതും. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഓഗസ്റ്റ് 31ന് ഉച്ചയോടെയാണ് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ മൊബൈല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഐ.സി.യു. കിട്ടാത്തതിനാല്‍ ഒന്നിന് ബുധനാഴ്ച രാവിലെ 11 മണിയോടെ രക്ഷിതാക്കള്‍ കുട്ടിയെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയി.
മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ സ്രവപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. സ്രവ പരിശോധന നടത്തുന്നതില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: