തൃശൂര്‍: കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചില്ലെങ്കില്‍ കണ്ടെയ്ന്മെന്റ് സോണുകളിലടക്കം മുഴുവന്‍ കടകളും താമസിയാതെ തുറക്കേണ്ടി വരുമെന്ന് വ്യാപാരികള്‍. കൊവിഡിന്റെ പേരില്‍ സര്‍ക്കാര്‍ ഇടയ്ക്കിടെ ഇറക്കുന്ന ഉത്തരവുകളിലെ അശാസ്ത്രീയതെ മൂലം ഗ്രാമപ്രദേശങ്ങളിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി അടഞ്ഞു കിടക്കുകയാണ്. ഇതേതുടര്‍ന്ന് വ്യാപാരികള്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
ബെവ്കോ, ബാങ്ക്, പൊതുഗതാഗതം എന്നിവിടങ്ങളിലെ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ അശാസ്ത്രീയമായ ഉത്തരവ് കാരണം ചെറുകിട വ്യാപാരികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാകുകയാണ്.
നിലവിലെ പ്രതിവാര രോഗനിരക്കിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ മുഴുവന്‍ അടച്ചിടുന്ന രീതി അവസാനിപ്പിക്കണം. ഇതിനു പകരം മൈക്രോ കണ്ടെയ്മെന്റ് സോണ്‍ ആക്കണമെന്ന വ്യാപാരികളുടെ ആവശ്യം സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് വ്യാപാരികള്‍ പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ നിയന്ത്രിത മേഖലകളിലുള്‍പ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടുത്ത് തന്നെ തുറക്കേണ്ടി വരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
കടകള്‍ തുറക്കുന്ന വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാകുന്നില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളൊന്നും ഇപ്പോള്‍ വ്യാപാര മേഖലയ്ക്ക് ലഭിക്കുന്നില്ല. ജില്ലാഭരണകൂടം തോന്നിയ പോലെയാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. പലയിടങ്ങളിലും കടകള്‍ തുറക്കാന്‍ അനുവദിക്കാത്ത അവസ്ഥയുണ്ട്.
ഈ സ്ഥിതിയില്‍ കൂടുതല്‍ കാലം വ്യാപാര സമൂഹത്തിന് മുന്നോട്ട് പോകാനാവില്ല. നഗരസഭകളില്‍ നടപ്പാക്കിയ വാര്‍ഡ്തല രീതി പഞ്ചായത്തുകളിലും നടപ്പാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: