കൊവിഡ്ബാധയുടെ ദുരിതം മറികടക്കാനുള്ള പോരാട്ടത്തിനിടയിലാണ് നിപയുടെ മൂന്നാം വരവ്. 2018 ലാണ് ആദ്യമായി നിപ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡിനിടയില്‍ നിപയുടെ വരവ് ആശങ്കപ്പെടുത്തുന്നതാണ്. അതീവ ജാഗ്രതയും കരുതലുമുണ്ടായാല് കൊവിഡിനിടയിലും നിപയെ അതിജീവിക്കാന്‍ കഴിയും. കൊവിഡിനേക്കാള്‍ തീവ്രമാണ് നിപ. മരണനിരക്കും കൂടും. നൂറില്‍ തൊണ്ണൂറ്റിയഞ്ച് എന്ന നിലയിലാണ് ഇതിന്റെ മരണനിരക്ക്. രോഗം വ്യാപകമാകുന്നത് തടയുകയും രോഗസ്രോതസ്സ് കണ്ടെത്തുകയും ചെയ്യുകയെന്നതാണ് പരമപ്രധാനം. ഇതിന് ജനകീയ ബോധവല്‍ക്കരണവും ജനപങ്കാളിത്തവും പ്രധാനമാണ്. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ കൂട്ടായ പ്രയത്നഫലമാണ് നിപയുടെ ആദ്യവരവില്‍ രോഗവ്യാപനത്തെ പിടിച്ചുനിര്‍ത്തിയത്. കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള എന്‍സിഡിസിയുടെ പങ്ക് ഇതിലേറെയാണ്. അന്നത്തെ ജില്ലാ ഭരണകൂടത്തിന്റെ പങ്കാളിത്തവും ജില്ലാകലക്ടര്‍ യു.വി.ജോസിന്റെ പങ്കും വിസ്മരിക്കാനാകില്ല.
എറണാകുളത്തെ പറവൂരില്‍ നിപയുടെ രണ്ടാം വരവിനെ ഫലപ്രദമായി തടഞ്ഞുനിര്‍ത്താന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞത് കോഴിക്കോട്ടെ മാതൃകയാണ്. നിപയുടെ മൂന്നാം വരവിനെയും ഫലപ്രദമായി തടയാന്‍ കഴിയുമെന്നാണ് ഇത് തെളിയിക്കുന്നത്. ഇത്തവണ രോഗത്തിന്റെ തുടക്കത്തില്‍തന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞുവെന്നത് ഏറെ ആശ്വാസകരമാണ്. രോഗിയുമായുള്ള സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കുക എന്നത് പ്രധാനമാണ്. ഇക്കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടിവരും. രോഗബാധിത മേഖലകളെയും രോഗബാധിതരുമായി സമ്പര്‍ക്കമുള്ളവരെയും കണ്ടെത്തി അവിടെ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്. സമ്പര്‍ക്കപട്ടികയിലുള്ളവരെ നിരന്തരമായി നിരീക്ഷിക്കുകയും അവരില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് രോഗസമ്പര്‍ക്കം ഉണ്ടാകാതിരിക്കുകയും വേണം. ഇതിനായിരിക്കണം പ്രാഥമിക പരിഗണന നല്‍കേണ്ടത്.
കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടയില്‍ നിപ വൈറസ് ബാധകൂടി രൂക്ഷമാകാതെ പിടിച്ചു നിര്‍ത്തേണ്ടതുണ്ട്. രോഗം വ്യാപിച്ചാല്‍ രോഗനിയന്ത്രണം കൂടുതല്‍ ശ്രമകരമായിരിക്കുമെന്നതിന് കൊവിഡ് രോഗബാധ തെളിവാണ്. ഇതിന് ജനങ്ങളുടെ സഹകരണം കൂടിയേ മതിയാവൂ. ഭയപ്പെടേണ്ടതില്ല, ആശങ്കപ്പെടേണ്ടതില്ല തുടങ്ങിയ പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ രോഗബാധയെ കുറിച്ചുള്ള ഗൗരവം കുറയ്ക്കാന്‍ ഇടവരുത്തുമെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. നിപവൈറസ്ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭയപ്പെടേണ്ടതില്ല എന്നതിനോടൊപ്പംതന്നെ കൂടുതല്‍ ജാഗ്രതയുണ്ടാകണമെന്നതിനായിരിക്കണം മുന്‍തൂക്കം. ജനങ്ങള്‍ ഭയവിഹ്വലരാകേണ്ടതില്ല. എന്നാല്‍ രോഗവ്യാപനത്തെ നിസ്സാരമായി കാണാനും പാടില്ല. ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന രോഗമാണിത്. വവ്വാലുകള്‍, വവ്വാലുകളുമായി സമ്പര്‍ക്കത്തിലാകുന്ന വളര്‍ത്തു മൃഗങ്ങള്‍, പക്ഷികള്‍ കടിച്ചുപേക്ഷിച്ച പഴങ്ങള്‍ എന്നിവ രോഗവാഹകരാകാം. വവ്വാലുകളുടെ കാഷ്ഠമടക്കം രോഗം പരത്തും. മരം കയറുന്ന ജോലിക്കാരടക്കം ശ്രദ്ധചെലുത്തേണ്ടതുണ്ട്. രോഗബാധയുള്ള വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. രോഗബാധയുള്ള ആളുകളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് അണുബാധ ഉണ്ടാകാം. രോഗബാധമൂലമുള്ള മരണത്തിനുശേഷം മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ആരോഗ്യ വകുപ്പിന്റെ ഉപദേശങ്ങള്‍ അനുസരിക്കേണ്ടതുണ്ട്. പഴംതീനി വവ്വാലുകളുടെ സ്വാഭാവിക ഇടങ്ങളില്‍ നിന്നുള്ള പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് മൂലം രോഗബാധയുണ്ടാവാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ട്. ഈ രോഗം സാധാരണയായി മസ്തിഷ്കജ്വരമായാണ് ഗുരുതരമാകുന്നത്. രോഗബാധയുടെ ആദ്യഘട്ടത്തില്‍ തുടര്‍ച്ചയായ ചുമയും, കടുത്ത പനിയും, ശ്വാസതടസ്സവുമുണ്ടാവും. ഇത്തരം രോഗലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തിരമായി ചികിത്സ തേടേണ്ടതുണ്ട്.
രോഗ വ്യാപനസാധ്യതയെ തള്ളിക്കളയാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് കൊണ്ടായിരിക്കണം രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും. 12 വയസ്സുകാരന് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടാകുന്നത്. സമ്പര്‍ക്കം ഒഴിവാക്കുകയെന്നതാണ് ഏറെ പ്രധാനം. എല്ലാ വൈറസുകള്‍ക്കും വ്യാപനശേഷിയുണ്ട്. ചിലതിന് കൂടിയും മറ്റുചിലതിന് കുറഞ്ഞുമിരിക്കും. വിവിധ വകുപ്പുകളുടെ ഏകോപനം രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യമാണ്. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ മേഖലാ കേന്ദ്രം കോഴിക്കോട്ടാണ്. കഴിഞ്ഞ തവണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന സംഭാവന ചെയ്യാന്‍ ഇതിന് കഴിഞ്ഞിട്ടുണ്ട്. ഡോ. സുജിത്ത് കുമാര്‍, ഡോ. രവീന്ദ്രന്, ഡോ. ജയന്, ഡോ. എം.കെ.ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യത്തില്‍ സുപ്രധാനപങ്കാണ് വഹിച്ചത്. പ്രോട്ടോകോള്‍ നിശ്ചയിക്കുന്നതിനും സൂക്ഷ്മ ആസൂത്രണത്തിലും കേന്ദ്രസംഘം നിര്‍ണ്ണായക പങ്കു വഹിച്ചു. ഇത് നിലവിലുള്ള രോഗവ്യാപന, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായിരിക്കും. ഈ മേഖലാ കേന്ദ്രത്തെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടതുണ്ട്.
വവ്വാലുകളില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് ആദ്യനിഗമനം. മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്ന് മൃഗസംരക്ഷണ വകുപ്പും കൂടുതല്‍ പരിശോധന നടത്തേണ്ടതായിരുന്നു. ഒന്നും രണ്ടും ഘട്ടങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടന്നിട്ടില്ല. പഞ്ചായത്ത് തലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനം ആസൂത്രണം ചെയ്യണം. കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അനുഭവം ഇതില്‍ നമുക്ക് പാഠമാകേണ്ടതുണ്ട്. അശാസ്ത്രീയമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്ക് പകരും ശാസ്ത്രീയ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ട്. രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുമായി ജനങ്ങള്‍ ഇക്കാര്യത്തില്‍ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കണം.
കൊവിഡ് രോഗത്തെത്തുടര്‍ന്ന് മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം വ്യാപകമായിട്ടുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ മാസ്ക് ധരിക്കുക എന്നത് പ്രധാനമാണ്. ഉപയോഗിച്ച മാസ്ക് നശിപ്പിക്കുന്നതിലും ജാഗ്രത കാണിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി ഒരു മാസ്ക് തന്നെ കഴുകി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. ആറ് മണിക്കൂര്‍ കൂടുതല്‍ ഒരു മാസ്കും ഉപയോഗിക്കരുത്. മാസ്ക് നനഞ്ഞാല്‍ അത് മാറ്റി മറ്റൊരു മാസ്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നിപ വൈറസിനെതിരായ പോരാട്ടത്തില്‍ ജനങ്ങളുടെ സഹകരണം ഏറെ പ്രധാനമാണ്. അതുറപ്പാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്.
ഡോ. എം.കെ. ഷൗക്കത്തലി
മുന്‍ അഡൈ്വസര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം
(2018 ലെ ആദ്യനിപവ്യാപനകാലത്ത് എന്‍സിഡിസി ജോയിന്റ് ഡയറക്ടര്‍ എന്ന നിലയില്‍ കേന്ദ്രസംഘാംഗമായിരുന്നു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: