ചെറിയ ഒരിടവേളയ്ക്കുശേഷം നിപ വൈറസ് വീണ്ടും എത്തിയിരിക്കുന്ന വിവരം കൊവിഡ് മഹാമാരിയില്‍ നട്ടംതിരിയുന്ന മലയാളികളുടെ മനസ്സില്‍ ആശങ്കയുടെ തീ കോരിയിടുന്നതാണ്. രോഗബാധ സ്ഥിരീകരിച്ചത് ഒരു കുട്ടിയിലാണെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്താനാവാത്തത് ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മാതാപിതാക്കളും, കുട്ടിയുമായി അടുത്തിടപഴകിയവരുമെല്ലാം നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളില്‍ മാത്രമേ ആര്‍ക്കൊക്കെ രോഗബാധയുണ്ട് എന്ന കാര്യം സ്ഥിരീകരിക്കാനാവൂ. കുട്ടിയുടെ വീടുള്‍പ്പെടുന്ന പ്രദേശം അടച്ചുകെട്ടിയിരിക്കുന്നത് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലാണ്. ഇത് രണ്ടാം തവണയാണ് നിപ വൈറസ് കോഴിക്കോട് പ്രത്യക്ഷപ്പെടുന്നത്. 2018 ലും കോഴിക്കോട്ടു തന്നെ ഈ രോഗം കണ്ടെത്തുകയും, ഭീതിയുടെ വലിയൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്തു. കാര്യമായ മരുന്ന് ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ വൈറസ് വവ്വാലുകളില്‍നിന്ന് പകരുന്നതായാണ് വിദഗ്ദ്ധര്‍ പറയുന്നത്. കൊവിഡിനെ അപേക്ഷിച്ച് മരണനിരക്ക് വളരെക്കൂടുതലാണെങ്കിലും രോഗവ്യാപനനിരക്ക് കുറവാണെന്നത് വലിയ ആശ്വാസത്തിന് വക നല്കുന്നു. അപ്പോഴും കൊവിഡ് വ്യാപനം അനുദിനമെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കേരളത്തിന് നിപയുടെ വരവ് ഇരട്ടപ്രഹരമാണ്.
കേരളത്തിലെ കൊവിഡ് വ്യാപനം ഭീതിജനകമാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം സംസ്ഥാന സര്‍ക്കാരിനുള്ള താക്കീതാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കൊവിഡ് സാഹചര്യം ഗുരുതരമാണെന്ന് പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിട്ടും അതൊന്നും അംഗീകരിക്കാതെ തെറ്റായ അവകാശവാദങ്ങളുമായി മുന്നോട്ടുപോകുന്ന ഇടതുമുന്നണി സര്‍ക്കാരിനു നേര്‍ക്ക് സത്യാവസ്ഥയുടെ കണ്ണാടി കാണിക്കുകയാണ് പരമോന്നത നീതിപീഠം ചെയ്തത്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ എഴുപത് ശതമാനവും കേരളത്തിലാണെന്നതിനാല്‍ വിദ്യാര്‍ത്ഥികളെ ആപത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്ലസ് വണ്‍ പരീക്ഷ കോടതി മാറ്റിവച്ചത് സമയോചിതമായ നടപടിയാണ്. കൊവിഡ് വ്യാപനത്തെ നേരിടാന്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനങ്ങളല്ല സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കോടതിയുടെ തീരുമാനത്തില്‍നിന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്താണെന്ന് കണ്ടുപിടിക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടിരിക്കുന്നു. ആരോഗ്യമന്ത്രിയാവട്ടെ നിയമസഭയിലും പുറത്തും ചില പൊള്ളയായ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ രോഗവ്യാപനം തടയുന്നതിന് ഫലപ്രദമായ നടപടികളെടുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ഇതിനിടെയാണ് നിപ വൈറസ് ബാധിച്ച് ഒരു കുട്ടി മരിച്ചിരിക്കുന്നു എന്ന വാര്‍ത്ത ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കൊവിഡിനെപ്പോലെ നിപ വൈറസിനും ഒരു ചൈനീസ് കണക്ഷനുള്ളതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയുണ്ടായി. എന്നാല്‍ ഇതിനോടും കൃത്യമായി പ്രതികരിക്കാതെ ഉരുണ്ടുകളിക്കുന്ന സമീപനമാണ് ചൈനീസ് അധികൃതര്‍ സ്വീകരിച്ചത്. കൊവിഡില്‍നിന്ന് വ്യത്യസ്തമായി ഉറവിടം കണ്ടെത്താനായാല്‍ നിപ രോഗം തടഞ്ഞു നിര്‍ത്താന്‍ കഴിയും. ഇതിന് കഴിയാതിരുന്നതാണ് മുന്‍പ് കോഴിക്കോട് ഈ രോഗം പ്രത്യക്ഷപ്പെട്ടപ്പോള്‍ ഭീഷണമായ ഒരു പരിതസ്ഥിതി സൃഷ്ടിച്ചത്. രാഷ്ട്രീയപ്രേരിതമായ അനാവശ്യ വിവാദങ്ങള്‍ക്കും അതു വഴിവച്ചു. കൊവിഡിന്റെ കാര്യത്തിലേതുപോലെ ജനങ്ങള്‍ കര്‍ശനമായ ജാഗ്രത പാലിക്കുകയാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. ഇപ്പോഴത്തെ നിലയ്ക്ക് കൊവിഡിന് നല്കുന്ന മരുന്നാണ് നിപയ്ക്കും നല്‍കുന്നത്. കടുത്ത പനിയും ചുമയും ഛര്‍ദിയുമൊക്കെയാണ് നിപയുടെയും ലക്ഷണമായി പറയുന്നത്. ആര്‍ക്കെങ്കിലും ഈ രോഗം വന്നാല്‍ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാവണം. ഇപ്പോള്‍ രോഗം പ്രത്യക്ഷപ്പെട്ടിരിക്കുന്ന പ്രദേശത്തെ ജനങ്ങളെ ഇതിന് പ്രേരിപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിയണം. കൊവിഡിന്റെ കാര്യത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അനാസ്ഥ ഇക്കാര്യത്തില്‍ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. നിപ വൈറസ് രോഗബാധ കണ്ടെത്താനുള്ള വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് പോലും കേരളത്തിലില്ലെന്നതാണ് ദൗര്‍ഭാഗ്യകരം. രോഗനിര്‍ണ്ണയത്തിന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിനെയാണ് ഇത്തവണയും ആശ്രയിച്ചിരിക്കുന്നത്. കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനുള്ള കേന്ദ്രസഹായം പോലും സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥ കാരണം ഫലപ്രാപ്തിയിലെത്തിയില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് കേന്ദ്ര സംഘം സംസ്ഥാനത്തെത്തിയിട്ടുണ്ട്. അവരുമായി പൂര്‍ണതോതില്‍ സഹകരിച്ച് രോഗപ്രതിരോധം ശക്തിപ്പെടുത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ എടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: