പാരിസ്: ഫിഫ ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഡെന്മാര്ക്ക് ടീമുകള്‍ക്ക് വിജയം. ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് സമനിലയില്‍ കുരുങ്ങി.
ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ മോണ്ടെനെഗ്രോയെയാണ് നെതര്‍ലന്‍ഡ്സ് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. നെതര്‍ലന്‍ഡ്സിനായി സൂപ്പര്‍ താരം മെംഫിസ് ഡീപേ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വൈനാള്‍ഡവും ഗാക്പോയും ഓരോ ഗോള്‍ നേടി. ജയത്തോടെ നെതര്‍ലന്‍ഡ്സ്, ഗ്രൂപ്പ് ജിയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. തുര്‍ക്കിയാണ് ഒന്നാമത്.
ക്രൊയേഷ്യ എതിരില്ലാത്ത ഒരു ഗോളിന് സ്ലൊവാക്യയെ കീഴടക്കി. 86-ാം മിനിട്ടില്‍ മാഴ്സെലോ ബ്രോസോവിച്ചാണ് വിജയ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പ് എച്ചില് രണ്ടാം സ്ഥാനത്തെത്തി. സൈപ്രസിനെ 2-0ന് തോല്‍പ്പിച്ച് റഷ്യയും വിജയം സ്വന്തമാക്കി. അഞ്ച് കളികളില്‍ നിന്ന് 10 പോയിന്റുമായി റഷ്യയാണ് ഗ്രൂപ്പില്‍ ഒന്നാമത്.
ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഉക്രെയ്നാണ് സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 44-ാം മിനിട്ടില്‍ മൈക്കോള ഷാപ്പറെങ്കോയിലൂടെ ഉക്രെയ്നാണ് ആദ്യം ലീഡെടുത്തത്. 50-ാം മിനിട്ടില്‍ ഫ്രാന്‍സിനായി ആന്റണി മാര്‍ഷ്യല്‍ സമനില ഗോള്‍ നേടി. സമനില വഴങ്ങിയെങ്കിലും 5 കളികളില്‍നിന്ന് 9 പോയിന്റുമായി ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഉക്രെയ്ന് മൂന്നാം സ്ഥാനത്താണ്. ഫിന്‍ലന്‍ഡാണ് രണ്ടാമത്.
ഇന്നലെ ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ വെയ്ല്‍സ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബലാറസിനെ തകര്‍ത്തു. സൂപ്പര്‍ താരം ഗരെത്ത് ബെയ്ലിന്റെ ഹാട്രിക്കാണ് വെയ്ല്‍സിന് വിജയം സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: