കാബൂള്‍: എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന മുല്ല ബരാദറെ പുറത്താക്കി ഹഖാനി ശൃംഖലയെ അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് പാകിസ്ഥാന്. ഇതിനായാണ് പാകിസ്ഥാന് രഹസ്യസേനയായ ഐഎസ് ഐയുടെ തലവന്‍ ലഫ്. ജനറല്‍ ഫെയ്സ് ഹമീദ് എത്തിയിരിക്കുന്നതെന്ന് പറയുന്നു.
ഐഎസ് ഐ തലവന്‍ ലഫ്. ജനറല്‍ ഫെയ്സാണ് മുല്ല ബരാദര്‍ വിഭാഗവും ഹഖാനി ഗ്രൂപ്പും തമ്മിലുള്ള സര്‍ക്കാര്‍ രൂപീകരണത്തിന് മധ്യസ്ഥത വഹിക്കുന്നത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറച്ച് താലിബാന് സര്‍ക്കാര്‍ രൂപീകരണത്തിനാണ് ഐഎസ് ഐ തലവന്‍ കാബൂളില്‍ എത്തിയിരിക്കുന്നതെങ്കിലും ഹഖാനി ശൃംഖലയ്ക്ക് അനുകൂലമായി കരുക്കള്‍ നീക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. ഹഖാനി ഗ്രൂപ്പിന് ആയുധങ്ങളും സൈനികപിന്തുണയും നല്‍കുക എന്നതും പാകിസ്ഥാന്റെ ലക്ഷ്യമാണ്.
ഇതിന് കാരണമുണ്ട്. പാകിസ്ഥാനും ഹഖാനി ശൃംഖലയും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെ ആക്രമണം നടത്താന്‍ ഐഎസ് ഐ ഉപയോഗിച്ചത് ഹഖാനി ശൃംഖലയെയാണ്. ഹഖാനി ശൃംഖലയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്ന മറ്റൊരു തീവ്രവാദസംഘമാണ് അല്‍ ഖ്വെയ്ദ. ഇതും പാകിസ്ഥാന്റെ പിന്തുണയുള്ള ഗ്രൂപ്പാണ്. വര്‍ഷങ്ങളോളം അല്‍ ഖ്വെയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന് പാകിസ്ഥാനില്‍ ഒളിച്ചിരിക്കാന്‍ സാധിച്ചത് പാക് സര്‍ക്കാരിന്റെ ഈ പിന്തുണ കാരണമാണ്.
ഹക്കാനി ശൃംഖയുടെ നേതാക്കള്‍ സിറാജുദ്ദീന് ഹഖാനിയും അനസ് ഹഖാനിയുമാണ്. താലിബാന്റെ തീവ്രമുഖമാണ് ഹക്കാനി ശൃംഖല. സുന്നി പഷ്തൂണ്‍ സമുദായക്കാരുടെ തീവ്രവാദസംഘടന. സിറാജുദ്ദീന് ഹഖാനി പാകിസ്ഥാനിലാണ് ബാല്യം ചെലവഴിച്ചത്. താലിബാനെതിരെ ഉയരുന്ന എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തുന്ന ചുമതലയാണ് ഇദ്ദേഹത്തിന്റേത്. പണ്ട് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട താലിബാന് നേതാവ് ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് അനസ് ഹഖാനി. ഗറില്ല യുദ്ധതന്ത്രങ്ങളിലൂടെ യുഎസിനെ നേരിട്ട ഹഖാനി ശൃംഖലയുടെ അറിയപ്പെടുന്ന നേതാവായിരുന്നു ജലാലുദ്ദീന്‍ ഹഖാനി. ഏറെ പാരമ്പര്യമുള്ള ജലാലുദ്ദീന്‍ ഹഖാനി ഒരു കാലത്ത് യുഎസിന്റെ പ്രിയപുത്രനായിരുന്നു. സോവിയറ്റ് റഷ്യയ്ക്കെതിരെ പടനയിച്ച ജലാലുദ്ദീന്‍ ഹഖാനിയെ യുഎസ് അന്ന് കയ്യയച്ച് സഹായിച്ചു. എന്നാല്‍ പിന്നീട് ഇദ്ദേഹം താലിബാന് നേതാവായി മാറി. യുഎസ് നേറ്റോ സംഘത്തിന്റെ ആക്രമണത്തില്‍ 2014ല്‍ ജലാലുദ്ദീന്‍ ഹഖാനി കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ ഐഎസ്ഐയുമായി സജീവബന്ധമാണ് ഹഖാനി ഗ്രൂപ്പിന്.
അതിതീവ്ര ഗ്രൂപ്പാണ് ഹഖാനി ശൃംഖല. ചാവേര്‍ പോരാളികളെ ഉപയോഗിച്ച് കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ പാകിസ്ഥാനില്‍ ഒട്ടേറെ ആക്രമണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ചാവേറായി ഡ്രൈവര്‍മാരെ ഉപയോഗിക്കുകയാണ് ഈ ഗ്രൂപ്പിന്റെ പതിവ്. സൈനിക കേന്ദ്രങ്ങളിലും എംബസികളിലും ഒട്ടേറെ ആള്‍നാശങ്ങള്‍ ഉണ്ടാക്കിയി്ട്ടുള്ള തീവ്രഗ്രൂപ്പാണിത്. 2013ല്‍ ഹഖാനി ട്രക്ക് അഫ്ഗാന് സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ 61,500 പൗണ്ട് സ്ഫോടകവസ്തുക്കളാണ് നിറച്ചിരുന്നത്. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുക, 2008ല്‍ അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയെ വധിക്കാന്‍ ശ്രമിക്കുക, എന്നിങ്ങനെ ഒട്ടേറെ ആക്രമണപദ്ധതികള്‍ ഇവര്‍ നടത്തിയിട്ടുണ്ട്.
ബൈഡന് ഭരണകൂടം നിശ്ശബ്ദമായി പാകിസ്ഥാനോട് ഐഎസ് ഐഎസ് ഖൊറാസന്‍ ഗ്രൂപ്പിനെയും അല്‍ ഖ്വെയ്ദയെയും അമര്‍ച്ച ചെയ്യുന്നതിന് താലിബാന് സര്‍ക്കാരിനെ സഹായിക്കണമെന്ന് നിര്‍ബന്ധിക്കുന്നുണ്ട്. അതേ സമയം പാകിസ്ഥാന് അഫ്ഗാനിസ്ഥാനില്‍ ഇരട്ട റോള്‍ കളിക്കുകയാണെന്നും ആരോപണമുണ്ട്. ഒരു വശത്ത് യുഎസിന് അനുകൂലമായ തീരുമാനമെടുക്കുകയും മറുവശത്ത് അല്‍ ഖ്വെയ്ദയുമായി രഹസ്യബാന്ധവമുള്ള ഹഖാനി ഗ്രൂപ്പിന് അധികാരത്തില്‍ വാഴ്ത്താന്‍ ശ്രമിക്കുകയുമാണ് പാകിസ്ഥാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: