കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടുത്ത ഒരാഴ്ച നിര്‍ണ്ണായകമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിരിക്കുന്ന മാവൂരില്‍ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കണ്ടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ച് കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇപ്പോള്‍ രോഗലക്ഷണമുള്ളത്. പ്രത്യേകം നിപ വാര്‍ഡ് സജ്ജമാക്കി ഇവരെ ഇന്ന് വൈകിട്ടോടെ അതിലേക്ക് മാറ്റി നിരീക്ഷണം ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗികളെ മാറ്റിക്കഴിഞ്ഞു. മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലും പ്രവര്‍ത്തിക്കുന്ന രണ്ട് ആരോഗ്യപ്രവര്‍ത്തകരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. 158 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 20 പേര് പ്രാഥമിക പട്ടികയിലാണ്. ഇവര്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും
നിരീക്ഷണത്തിലുള്ളവര്‍ക്കായി തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെ നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതിനായി സംഘം എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പോയിന്റ് ഓഫ് കെയര്‍ പരിശോധനയില്‍ പോസിറ്റീവായാല്‍ കണ്ഫേര്മേറ്റീവ് പരിശോധ നടത്തും. 12 മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭ്യമാക്കാമെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിപയ്ക്ക് വേണ്ടി മാത്രം പ്രത്യേക കോള്‍ സെന്ററും തുറന്നിട്ടുണ്ട്. 0495 2382500, 0495 2382800 എന്നിങ്ങനെയാണ് നമ്പറുകള്‍ ഗസ്റ്റ്ഹൗസ് കേന്ദ്രീകരിച്ച് ഒരു കണ്ട്രോള് റൂമും തുറന്നിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: