കോഴിക്കോട്: നിപ സ്ഥിരീകരിച്ച കോഴിക്കോട് സ്ഥിതി ആശങ്കാജനകമാകുന്നു. വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ള രണ്ടുപേര്‍ക്ക് രോഗ ലക്ഷണം. കുട്ടിയെ ചികിത്സിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗലക്ഷണം. ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികതയ്യാറാക്കി. 158 പേരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 20 പേര് പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരാണ്. കുട്ടിയുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയാണ് റൂട്ട് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം ഒരു ഘട്ടത്തിലും കുട്ടിക്ക് കോവിഡ് പോസിറ്റീവായിരുന്നില്ല. കുട്ടി ചികിത്സക്കെത്തിയ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രാവിലെ കോഴിക്കോട്ടെത്തി യോഗം ചേര്‍ന്നു. നിപ കട്രോള്‍ റൂം കോഴിക്കോട്ടു ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചാത്തമംഗലം ചൂലൂരിലും പരിസരത്തും വിവിധ മെഡിക്കല്‍ സംഘങ്ങള്‍ സന്ദര്‍ശിക്കുകയാണ്.
സ്ഥിതി അവലോകനം ചെയ്യാന്‍ കോഴിക്കോട് ജില്ലാ കളക്ട്രേറ്റില്‍ ഉന്നതതല യോഗം ഇപ്പോഴും നടന്നുവരികയാണ്. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ എകെ ശശീന്ദ്രന്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും സവിശേഷ സാഹചര്യം പരിഗണിച്ച് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. നിപയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: