Categories: Kerala

പ്രദേശത്ത് ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യം കൂടുതല്‍; നിപ ഉറവിടം തേടി ആരോഗ്യ വകുപ്പ്

Published by

കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച  കുട്ടിക്ക് രോഗം വന്നതിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് തുടങ്ങി. പ്രദേശത്തെ ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യമാണ് അന്വേഷിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ വരും ദിവസങ്ങളില്‍ നടക്കും.  

ശനിയാഴ്ച രാത്രിയോടെയാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. പ്ലാസ്മ, സിഎസ്എഫ്, സെറം എന്നീ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് അര്‍ധ രാത്രിയോടെ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശം പോലീസെത്തി അടക്കുകയായിരുന്നു. വീടുള്‍പ്പെടുന്ന വാര്‍ഡിലേക്കുള്ള റോഡും അടച്ചു. 17പേരെ ഇതിനകം നിരീക്ഷണത്തിലാക്കി. മരിച്ച കുട്ടിയുടെ അഞ്ചു ബന്ധുക്കളും ഇതില്‍ ഉള്‍പ്പെടും. 

ഇതിനിടെ കുട്ടിയുടെ പിതാവിന്റെ സഹോദരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. കുടുംബത്തിലെ ഏക മകനാണ് മരിച്ച കുട്ടി. മാതാപിതാക്കളും കുട്ടിയുമായി അടുത്തിടപഴകിയ ബന്ധുക്കളും അയല്‍വാസികളും നിരീക്ഷണത്തിലാണ്. നേരത്തെ കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാനും ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.

പനിയോടെ തുടക്കം

മരിച്ച കുട്ടിക്ക് സാധാരണ പനി മാത്രമാണ് ഉണ്ടായിരുന്നത്. മുക്കത്തെ രണ്ട് ആശുപത്രികളില്‍ ആദ്യം കാണിച്ചു. രോഗം ഗുരതരമായതോടെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ഛര്‍ദ്ദിയും മസ്തിഷ്‌ക ജ്വരവും ഉണ്ടായി. മെഡിക്കല്‍ കോളേജില്‍ കുറച്ച് ദിവസം അഡ്മിറ്റായിരുന്നു. രോഗത്തിന് ശമനമുണ്ടായില്ല. വെന്റിലേറ്റര്‍ ലഭ്യതയുടെ പ്രശ്‌നം നേരിട്ടതോടെയാണ് ഒന്നാം തിയതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആറ് ദിവസത്തോളം കുട്ടി അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടിക്ക് 104 ഡിഗ്രി പനി ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഡോക്ടര്‍മാര്‍ക്ക് രോഗത്തെ കുറിച്ച് സംശയം തോന്നിയതോടെയാണ് സാമ്പിളുകള്‍ പരിശോധനയക്കയച്ചത്. ശനിയാഴ്ച രാത്രി നിപയാണെന്ന് സ്ഥിരീകരിക്കുന്ന ഫലം പുണെയിലെ ലാബില്‍ നിന്ന് ലഭിച്ചു. ഇതിനിടെ, കുട്ടിയുടെ നില അതീവ ഗുരതരമായി, ഞായറാഴ്ച പുലര്‍ച്ചെ 4.45 ഓടെ മരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക