ജോബി ബാലകൃഷ്ണന്‍
മെമ്പര്‍ ,നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂക്കേഷന്‍ ( NCTE),
‘ New l education policy must help re – establish teachers, at all levels, as the most respected and essential members of our socitey, because theyt ruely shape our next generation of citizens.’ (NEP 20 പേജ് 4, പാര: 3 )
ദേശീയ അദ്ധ്യാപക ദിനം .1888 സെപ്തംബര്‍ 5, പഴയ മദ്രാസ് സംസ്ഥാനത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ആന്ധ്രപ്രദേശിലെ തിരുത്തണി എന്ന ഗ്രാമത്തില്‍, ദരിദ്രം എന്നു തന്നെ വിളിക്കാവുന്ന സാധാരണ കുടുംബത്തില്‍ ജനിച്ച സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്‍മദിനമാണ് നമ്മള്‍ ദേശീയ അദ്ധ്യാപക ദിനമായി കൊണ്ടാടുന്നത്. ഇന്ന് അദ്ദേഹത്തിന്റെ 134 ആം ജന്‍മദിനമാണ്. ‘തത്വജ്ഞാനികളുടെ രാജാവ് ‘ എന്ന് ബര്‍ട്രാന്‍ഡ് റസ്സല്‍ വിളിച്ച , ഭാരതത്തിന്റെ രാഷ്‌ട്രപതി ആയിരുന്ന ഭാരതരത്‌നം ഡോ. എസ് രാധാകൃഷ്ണന്റെ ജന്‍മദിനം എന്തുകൊണ്ട് ദേശീയ അദ്ധ്യാപക ദിനമായി എന്നത് വളരെ ഗൗരവത്തോടെ മനസ്സിലാക്കേണ്ട കാര്യമാണ്. പ്രത്യേകിച്ച്, അദ്ദേഹം സ്വപ്നം കണ്ട ഒരു വിദ്യാഭ്യാസ സംസ്‌കാരം ദേശീയ വിദ്യാഭ്യാസ നയം 2020 (NEP 2020 ) ലൂടെ നടപ്പിലാകുന്ന ഈ സമയത്ത്.
സദാശിവ സമാരംഭ
ശങ്കരാചാര്യ മദ്ധ്യമ
അസ്മതാചാര്യ പര്യന്ത
വന്ദേ ഗുരു പരമ്പരാം
എന്ന് ഗുരുസ്മരണ നടത്തിവന്ന ഭാരതീയ സംസ്‌ക്കാരത്തില്‍ ഗുരുവിന്റെ സ്ഥാനം ഈശ്വരന് തുല്യമാണ്. ത്യാഗവും സേവനവും മുഖമുദ്രയാക്കി , വനസ്ഥലികളില്‍, ഗുഹാന്തരങ്ങളില്‍, നദീതടങ്ങളില്‍, ഫലമൂലാദികള്‍ ഭക്ഷിച്ച്, ആത്മ സാക്ഷാത്ക്കാരം തേടി, പ്രപഞ്ചത്തിന്റെ പൊരുള്‍ തേടി തപസ്സനുഷ്ഠിച്ച ഋഷീശ്വരന്‍മാരുടെ ഒരു വലിയ നിരയാണ് ഭാരതത്തിന്റെ ജ്ഞാന പൈതൃകത്തിന്റെ അവകാശികള്‍ . ആ ജ്ഞാനത്തെ ലോകത്തിന് വിതരണം ചെയ്യുകയാണ് ഭാരതം ചിരപുരാതന കാലം മുതലേ ചെയ്തു വരുന്നത്. ആ ജ്ഞാന വിതരണത്തിന്റെ നൈരന്തര്യമാണ് ഭാരതീയ അദ്ധ്യാപക സമൂഹവും കാത്തു പോരുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും പവിത്രമായ ഒരു പ്രവൃത്തിയായാണ് അദ്ധ്യാപക വൃത്തിയെ നമ്മുടെ സമൂഹം കണ്ടുവരുന്നത്. അതു കൊണ്ട് തന്നെ ഉദാത്തമായ ഒരു മാതൃകയാവണം നമ്മുടെ അദ്ധ്യാപക സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെടേണ്ടത് എന്നതുകൊണ്ടാണ് ഡോ. എസ്. രാധാകൃഷ്ണന്‍ നമ്മുടെ അദ്ധ്യാപകര്‍ക്ക് മാതൃകയാവുന്നതും അദ്ദേഹത്തിന്റെ ജന്‍മദിനം അദ്ധ്യാപകര്‍ക്കായി മാറ്റിവെക്കപ്പെട്ടതും. ഭാരതീയ ജ്ഞാന പൈതൃകത്തിന്റേയും തത്വചിന്തയുടേയും പ്രചാരകനും പ്രയോക്താവുമായിരുന്നു ഡോ.രാധാകൃഷ്ണന്‍ എന്നതാണ് അതിന് കാരണമായത്. സ്വാമി വിവേകാനന്ദനു ശേഷം ഭാരതീയ തത്വചിന്ത ലോകം കേട്ടത് ഇദ്ദേഹത്തിലൂടെയായിരുന്നു. നമുക്ക് പരിശോധിക്കാം.
തിരുത്തണി / തിരുത്താനിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുപ്പതിയിലെ ലൂതറന്‍ മിഷന്‍ ഹൈസ്‌ക്കൂളിലാണ് ഇദ്ദേഹം സെക്കണ്ടറി വിദ്യാഭ്യാസം നടത്തിയത്. തിരുപ്പതിയുടെ ഭക്തിസാന്ദ്ര അന്തരീക്ഷം ശ്രീ.രാധാകൃഷ്ണനെ ഹൈന്ദവ ജീവിത കാഴ്ചപാടുകളോടും ഈശ്വര വിശ്വാസത്തോടും കൂടുതല്‍ അടുപ്പിക്കുകയും അദ്ദേഹത്തിന്റെ മതാത്മക മനോഭാവത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വെല്ലൂരിലെ വൂര്‍ഹീസ് കോളേജില്‍ നിന്ന് എഫ്.എയും മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് എം.എയും പൂര്‍ത്തിയാക്കി. െ്രെകസ്തവ സ്ഥാപനങ്ങളിലെ പഠനം അദ്ദേഹത്തില്‍ ഒരുപാട് ആന്തരിക സംഘര്‍ഷങ്ങളുണ്ടാക്കിയിരുന്നു. ചെറുപ്പം മുതലേ െ്രെകസ്തവ വേദപഠനങ്ങള്‍ അദ്ദേഹത്തിന് ചെയ്യേണ്ടതായി വന്നു. ഈ പഠനങ്ങള്‍ക്കിടക്ക് െ്രെകസ്തവ മിഷണറിമാര്‍ നടത്തിയ ഹിന്ദുമത വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. അക്കാലത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു
‘ സ്വാമി വിവേകാനന്ദന്റെ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ട് ഉത്ഥാപിതമായ എന്റെ ഹിന്ദുമതാഭിമാനം, മിഷണറി സ്ഥാപനങ്ങളില്‍ നിന്ന് ഹിന്ദുമതത്തിന് ലഭിച്ച പെരുമാറ്റം കൊണ്ട് വ്രണിതമായിത്തീര്‍ന്നു. ഭാരതീയ സംസ്‌ക്കാരത്തെ നിലനിര്‍ത്തിക്കൊണ്ടിരുന്ന ഋഷികളും തപസ്വികളും , പാരമ്പര്യ വിശ്വാസമനുസരിച്ച് മതാനുഷ്ഠാനങ്ങള്‍ നടത്തിപ്പോരുന്ന നിരക്ഷരരായ പാവപ്പെട്ട ഗ്രാമീണരുമൊക്കെ മതബോധമില്ലാത്തവരാണെന്ന് വിശ്വസിക്കാനെനിക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ ജനത അന്ധവിശ്വാസങ്ങള്‍ക്കധീനരാണെങ്കിലും മതബോധരഹിതരാണെന്നെനിക്ക് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഓരോ മാതാവും മുലപ്പാലോടൊപ്പം തന്നെ മതമനോഭാവത്തോടെ വളര്‍ന്നു വരാനാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഈശ്വരനെ സ്‌നേഹിക്കാനും പാപ നിര്‍മുക്തരായിരിക്കാനും ക്ലേശിക്കുന്നവരോട് സഹാനുഭൂതി കാട്ടി സഹായിക്കാനും അവര്‍ ഉപദേശിക്കുന്നു.എന്നിട്ടും അവര്‍ മത വിശ്വാസമില്ലാത്തവരാണെന്ന് പറഞ്ഞാല്‍ അത് ക്ഷന്തവ്യമല്ല. ‘
ഇങ്ങനെ എഴുതിയെങ്കിലും, ഹിന്ദുമതം സര്‍വ മതങ്ങളേയും ബഹുമാനിക്കാനും വിശ്വാസ സഹിഷ്ണുത പ്രകടിപ്പിക്കുവാനുമാണ് പഠിപ്പിക്കുന്നത് എന്നുള്ളതു കൊണ്ട് , മനുഷ്യാത്മാവ് പരിശുദ്ധമായി ഗണിച്ചതും ഗണിക്കുന്നതുമായ ഒന്നിനേക്കുറിച്ചും നിന്ദാപൂര്‍വ്വം ഒരു വാക്കുപോലും ഉച്ചരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.മാത്രവുമല്ല, ഒന്നിനോടും അന്ധമായ അഭിമാനത്തിനും വിശ്വാസത്തിനും വിധേയനാകുക എന്നത് ചിന്താശീലത്തിനും ധിഷണാശാലിത്വത്തിനും ചേര്‍ന്നതല്ല എന്ന അഭിപ്രായമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അതുകൊണ്ട് ഹിന്ദു മതത്തെക്കുറിച്ച് സ്വയം ഒരു പഠനം നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. ഇതു തന്നെയാണ് മുമ്പ് സ്വാമി വിവേകാനന്ദനും ചെയ്തത്. സ്വയം അന്വേഷിച്ച് ബോധ്യപ്പെടുക .(ഒരു അദ്ധ്യാപകന് ഉണ്ടാവേണ്ടതും കുട്ടിയിലേക്ക് പകരേണ്ടതും ആയ ഏറ്റവും പ്രധാന ഗുണമാണ് ഇത്.) ഈ പഠനത്തിന്റെ ഫലമാണ് ഇരുപതാം വയസ്സില്‍ അദ്ദേഹം തന്റെ എം.എ ബിരുദത്തിന് വേണ്ടി സമര്‍പ്പിച്ച ‘ വേദാന്തത്തിന്റെ ധര്‍മശാസ്ത്രം (Ethics of Vedanta) ‘ എന്ന പ്രബന്ധം . തത്വചിന്തകനായ അദ്ധ്യാപകന്‍ എന്ന നിലയിലേക്കുള്ള യാത്ര അദ്ദേഹം ആരംഭിച്ചത് അവിടെ നിന്നാണ്.
1909 ല്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ അസി: ലക്ചറര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ.രാധാകൃഷ്ണന്‍ 1917ല്‍ രാജമന്ദ്രി കോളേജിലും ജോലി നോക്കി. 1918 മൈസൂരില്‍ പുതുതായി ആരംഭിച്ച സര്‍വ്വകലാശാലയില്‍ തത്വചിന്താ വിഭാഗം പ്രൊഫസറായി അദ്ദേഹം നിയമിക്കപ്പെട്ടു. 1921 ല്‍ ‘ബംഗാളിലെ പുലി’ എന്നറിയപ്പെട്ടിരുന്ന കല്‍ക്കത്താ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അശുതോഷ് മുഖര്‍ജി ഡോ.രാധാകൃഷ്ണനെ മൈസൂറില്‍ നിന്ന് ക്ഷണിച്ചു വരുത്തി , കിംഗ് ജോര്‍ജ്ജ് അഞ്ചാമന്‍ സ്മാരക പ്രൊഫസര്‍ സ്ഥാനം നല്‍കി വകുപ്പ് മേധാവിയായി നിയമിച്ചു. ഇന്ത്യക്കാരനായ ഒരു പ്രൊഫസര്‍ക്ക് ലഭിക്കാവുന്ന അത്യുന്നതമായ ഒരു സ്ഥാനം ആയിരുന്നു അത്. ഇക്കാലത്താണ് പ്രൊഫ: ജെ.എച്ച് മൂര്‍ ഹെഡ്ഡ് ‘തത്ത്വശാസ്ത്ര ഗ്രന്ഥാവലി ‘യില്‍ ഇന്ത്യന്‍ തത്ത്വശാസ്ത്രങ്ങളെക്കുറിച്ച് ഗ്രന്ഥം രചിക്കാന്‍ ആവശ്യപ്പെട്ടത്. തദനുസരണമാണ് ഭാരതീയ തത്ത്വശാസ്ത്ര ചരിത്രത്തിലെ ക്ലാസ്സിക്ക് രചനയായി മാറിയ ‘ഇന്ത്യന്‍ തത്ത്വശാസ്ത്രം (Indian Philosophy)’ എന്ന ഗ്രന്ഥം രണ്ട് വാല്യങ്ങളായി 1923 ലും 1927 ലും പ്രസിദ്ധീകരിക്കപ്പെട്ടത്. ഇന്നും അതുല്യ സ്ഥാനം വഹിച്ചു പോരുന്ന ഇതേ ഗ്രന്ഥമാണ് ഈ ലേഖന രചനക്കും പ്രചോദനമായത് എന്ന് സാന്ദര്‍ഭികമായി പറഞ്ഞുകൊള്ളട്ടെ.
അപ്പോഴേക്കും ഭാരതീയ തത്വശാസ്ത്രങ്ങളുടെ ആധികാരിക വക്താവ് എന്ന നിലയിലേക്ക് ഡോ.രാധാകൃഷ്ണന്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവുകളാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ‘അപ്ടണ്‍ പ്രഭാഷണ’ പരമ്പരയില്‍ ‘ഹൈന്ദവജീവിത വീക്ഷണം’ എന്ന വിഷയം സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ടതും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ ‘പരിഷ്‌കാരത്തിന്റെ ഭാവി’ എന്ന വിഷയത്തില്‍ പ്രഭാഷണം ചെയ്യാന്‍ ക്ഷണിക്കപ്പെട്ടതും കേം ബ്രിഡ്ജില്‍ നടന്ന സമ്മേളനത്തില്‍ ക്ഷണിക്കപ്പെട്ടതുമൊക്കെ. 1929 ല്‍ മാഞ്ചസ്റ്ററില്‍ അദ്ദേഹം പ്രൊഫ: സ്ഥാനം സ്വീകരിച്ചു. 1931 ല്‍ ആന്ധ്ര സര്‍വ്വകലാശാലയില്‍ അദ്ദേഹം വൈസ് ചാന്‍സലറായി. തുടര്‍ന്ന് ഓക്‌സ്‌ഫോര്‍ഡിലേക്ക് പോയ അദ്ദേഹം ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി തിരിച്ചെത്തി. ഒന്‍പത് വര്‍ഷക്കാലം ശമ്പളം പറ്റാതെയാണ് അദ്ദേഹം അവിടെ സേവനമനുഷ്ഠിച്ചത്. അക്കാലത്താണ് ഹൈന്ദവ നവോത്ഥാനത്തിന്റെ കേന്ദ്രമായി ബനാറസ് ഹിന്ദു സര്‍വ്വകലാശാല മാറിയത്. ബ്രിട്ടീഷ് ഭരണകൂടം സര്‍വ്വകലാശാലയെ മിലിട്ടറി ആശുപത്രിയാക്കി മാറ്റാന്‍ നടത്തിയ ശ്രമം ഡോ.രാധാകൃഷ്ണന്റെ വ്യക്തി പ്രഭാവം ഒന്നു കൊണ്ടു മാത്രമാണ് പരാജയപ്പെട്ടത്. അദ്ദേഹം വൈസ്രോയ് ലിന്‍ലിത്‌ഗോയുമായി നടത്തിയ കൂടിക്കാഴ്ചയാണ് സര്‍വകലാശാലയെ രക്ഷപ്പെടുത്തിയത്. ഇടക്ക് കുറച്ചു കാലം ബറോഡ സര്‍വ്വകലാശാലയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. പിന്നീട് റഷ്യയിലെ ഭാരതത്തിന്റെ അമ്പാസ്സഡര്‍, ഭാരതത്തിന്റെ രണ്ടാമത്തെ രാഷ്‌ട്രപതി , ഭാരതരത്‌നം എന്നീ നിലകളിലേക്ക് അദ്ദേഹം ഉയര്‍ന്നു.
ഇത്തരത്തില്‍ ഭാരതീയ തത്വചിന്തയുടെ , പൈതൃകത്തിന്റെ പ്രചരണവും പ്രയോഗവും , നടപ്പിലാക്കിയ ഒരു മഹാനായ അദ്ധ്യാപകന്‍ ആയിരുന്നു ഡോ.രാധാകൃഷ്ണന്‍ . അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെല്ലാം തത്വചിന്താധിഷ്ഠിതമായിരുന്നതു കൊണ്ട്, ഒരു തത്വചിന്തകന്‍ എന്ന നിലയിലാണ് ലോകം അദ്ദേഹത്തെ ആദരിച്ചത്. ആ നിലക്ക്, ലോകത്ത് ഏറ്റവും മികച്ച തത്വചിന്തകന്‍ എന്ന സ്ഥാനം തന്നെയാണ് അദ്ദേഹത്തിനുള്ളത്. അതു കൊണ്ടാണ്, ലേഖനാരംഭത്തില്‍ സൂചിപ്പിച്ചതു പോലെ, ബര്‍ട്രാന്‍ഡ് റസ്സല്‍ എന്ന ലോകോത്തര തത്വചിന്തകന്‍ അദ്ദേഹത്തെ തത്വജ്ഞാനികളുടെ രാജാവ് എന്ന് വിളിച്ചത്.
എന്നാല്‍, തന്റെ ആത്മാന്വേഷണത്തിന്റെ , താന്‍ പഠിച്ച അറിവുകളും തന്റെ പ്രാഥമിക വിദ്യാലയങ്ങളില്‍ നിന്ന് ലഭിച്ച അറിവുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മനസ്സില്‍ രൂപപ്പെട്ട സത്യാന്വേഷണ ത്വരയുടെ ബഹിര്‍സ്ഫുരണമായിരുന്നു ഒരു തത്വചിന്തകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പരിണാമം. അടിസ്ഥാനപരമായി അദ്ദേഹം അദ്ധ്യാപകനായിരുന്നു. അദ്ധ്യാപകന്‍ തന്റെ മുന്നിലുള്ള കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളില്‍ സ്വയം ബോധ്യവും തിരിച്ചറിവും ഉള്ളവനായിരിക്കണം എന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധബുദ്ധിയാണ് അദ്ദേഹത്തെ അന്വേഷകനാക്കിയത്.
നിരന്തരമായ അന്വേഷണ ബുദ്ധിയോടെ അറിവ് തേടുന്നവന് മാത്രമേ മികച്ച അദ്ധ്യാപകനാവാന്‍ കഴിയൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. തന്റെ കുട്ടികളെ ഏറെ സ്‌നേഹിക്കുകയും ഒപ്പം ചേര്‍ന്നു നില്‍ക്കുകയും അവരോടൊപ്പം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ക്ക് അദ്ദേഹത്തോട് എത്ര കണ്ട് സ്‌നേഹ ബഹുമാനങ്ങള്‍ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് മൈസൂരില്‍ നിന്ന് അദ്ദേഹത്തിന് കിട്ടിയ യാത്രയയപ്പ്. ശിഷ്യഗണം അദ്ദേഹത്തെ രഥത്തില്‍ കയറ്റി അവര്‍ സ്വയം രഥം വലിച്ചാണ് അദ്ദേഹത്തെ റെയില്‍വേസ്‌റ്റേഷനില്‍ എത്തിച്ചത്. ചിക്കാഗോ പ്രസംഗത്തെത്തുടര്‍ന്ന് നടത്തിയ ദിഗ് വിജയ പ്രഭാഷണ പരമ്പരക്കു ശേഷം മടങ്ങിയെത്തിയ സ്വാമി വിവേകാനന്ദനെ രാമനാട് രാജാവ് തേരില്‍ കയറ്റി സ്വയം തേര്‍ തെളിച്ച് സ്വീകരിച്ചാനയിച്ചതാണ് ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് .
വിദ്യാഭ്യാസത്തെക്കുറിച്ച് ,അതിന്റെ രീതിശാസ്ത്രങ്ങളെക്കുറിച്ച്, പ്രയോഗ സാധ്യതകളെക്കുറിച്ച് സുവ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്ന ആളാണ് ഡോ.രാധാകൃഷ്ണന്‍. ജീവിത ക്ഷേമത്തെ വളര്‍ത്തുന്നതും ആത്മാവിന് സര്‍വ്വോത്കൃഷ്ടമായ വികാസം നല്‍കുന്നതുമാകണം വിദ്യാഭ്യാസം എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ‘സാ വിദ്യയാ വിമുക്തയേ ,’
എന്നതായിരുന്നു അദ്ദേഹം സ്വീകരിച്ച ആപ്തവാക്യം .മനുഷ്യ ജീവിതത്തിന് സുഖവും സുഖത്തിന് സമ്പത്തും ആവശ്യമാണെന്നിരിക്കിലും അതിനേക്കാള്‍ വിശിഷ്ടമായ മറ്റു ചില കാര്യങ്ങള്‍ കൂടി അത്യാവശ്യമാണെന്നുള സത്യത്തെ ആവിഷ്‌ക്കരിക്കുന്ന ഒരു സമൂഹമായി വിദ്യാലയത്തിനകത്തുള്ളവര്‍ മാറണം. അദ്ദേഹം പറയുന്നു,
‘വിദ്യാര്‍ത്ഥികള്‍ക്കു നിശ്ശബ്ദമായിരിക്കാനുള്ള പരിശീലനം ലഭിക്കണം; തങ്ങളുടെ ചിന്തകളെ മുഴുവന്‍ സഞ്ചയിക്കാനും , വ്യക്തിത്വത്തെ സ്വയം കണ്ടറിഞ്ഞ് പുന:സംഘടിപ്പിക്കാനും മനസ്സിനും ഹൃദയത്തിനും നവോന്‍മേഷം ലഭിക്കാനും മൗനത്തിന്റെ ആവശ്യമുണ്ട്. ആ നിശ്ശബ്ദ വേളകളില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ബന്ധനസ്ഥന്റെ വിലാപവും, സ്വന്തം തറവാട്ടിലേക്ക് മടങ്ങാനുളള ആകാംക്ഷയും , അനശ്വരതയിലേക്കുളള നശ്വരതയുടെ പ്രയാണ ശബ്ദവും നാം കേള്‍ക്കുന്നു. ‘
വിദ്യാഭ്യാസ രംഗം ആന്തരിക ശക്തികളെ കണ്ടറിയാനും അവയെ ക്രമീകൃതമായി വികസിപ്പിക്കാനും സഹായിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. സ്വാമി വിവേകാനന്ദന്റെ വിദ്യാഭ്യാസ ദര്‍ശനങ്ങളെ പിന്‍പറ്റി തന്നെയാണ് ഡോ.രാധാകൃഷ്ണനും തന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെച്ചത്.
കേവലം അറിവ് നേടുന്നതിനപ്പുറം, ആത്മവിശ്വാസത്തോടെ ജീവിതത്തെ കാണാനും അഭിമുഖീകരിക്കാനും ഒരുവനെ സഹായിക്കുന്നതാവണം വിദ്യാഭ്യാസം.
അദ്ധ്യാപകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നിസ്തുലമായ അനുഭവസമ്പത്തും വിദ്യാഭ്യാസത്തെക്കുറിച്ചുളള കാഴ്ചപ്പാടും ആണ് അദ്ദേഹത്തെ സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ സര്‍വ്വകലാശാലാ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ കാരണമായത്. മാനുഷികവും ശാസ്ത്രീയവും സാങ്കേതികവുമായ മൂന്ന് ഘടകങ്ങളുടെ സംതുലിതമായ ഏകീകരണത്തെയാണ് അദ്ദേഹം വിദ്യാഭ്യാസം എന്നത് കൊണ്ട് ആഗ്രഹിച്ചത്. ഒരു സമഗ്ര മനുഷ്യന്റെ സൃഷ്ടിയിലൂടെ മനുഷ്യപരിണാമ ലക്ഷ്യത്തെ സാക്ഷാത്ക്കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.
ഇത് സാക്ഷാത്ക്കരിക്കണമെങ്കില്‍ ഭാരതീയ മൂല്യങ്ങളില്‍ അവഗാഹമുള്ള, അഭിമാനമുള്ള തത്വചിന്തകര്‍ കൂടിയായ അദ്ധ്യാപകരെ ആവശ്യമുണ്ട്. മെക്കാളെ പ്രഭുവിന്റെ കാലം മുതല്‍ യൂറോ സെന്‍ട്രിക് ആയിപ്പോയ വിദ്യാഭ്യാസത്തെ ഇന്തോ സെന്‍ട്രിക് (യൂറോപ്പ് കേന്ദ്രീകൃതത്തില്‍ നിന്ന് ഭാരത കേന്ദ്രീകൃതം) ആക്കി മാറ്റണമെങ്കില്‍, ഭാരതീയ മനസ്സും ചിന്തയും ഉള്ള ഡോ.രാധാകൃഷ്ണനേപ്പോലുള്ള അദ്ധ്യാപകര്‍ ഉണ്ടാവേണ്ടതുണ്ട്. ഈ ഒരു കാഴ്ചപ്പാടോടു കൂടിയാണ് ദേശീയ വിദ്യാഭ്യാസ നയം 2020 (NEP 2020 ) ഭാരതത്തിലെ അദ്ധ്യാപക പരിശീലന രംഗത്തിന്റെ അലകും പിടിയും മാറ്റാന്‍ തീരുമാനിച്ചത്.
‘New education policy must help re – establish teachers, at all levels, as the most respected and essential members of our socitey, because theyt ruely shape our next generation of citizens.’ (NEP 20 പേജ് 4, പാര: 3 )
വിദ്യാഭ്യാസ പ്രക്രിയയില്‍ അദ്ധ്യാപകന്റെ അഥവാ ഗുരുവിന്റെ സ്ഥാനം അദ്വിതീയമാണ് എന്ന് പറഞ്ഞുറപ്പിക്കുകയാണ് NEP 2020. ഭാരതത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ ഗുരുവിന്റെ സ്ഥാനം എന്തായിരുന്നോ ആ സ്ഥാനത്തേക്ക് അദ്ധ്യാപകനെ പുനസ്ഥാപിക്കുക എന്നതാണ് നയം അതിന്റെ പ്രധാന ലക്ഷ്യമായി പറയുന്നത്. 2040 ആകുമ്പോഴേക്ക് ചലനാത്മക വിജ്ഞാന സമൂഹമായി (Vibrant Knowledge Socitey ) ഭാരതം മാറണം എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ അതിന് സജ്ജമായ ഒരു അദ്ധ്യാപക സമൂഹം ഉണ്ടാവണം. അതുകൊണ്ട് തന്നെ നയം ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് അദ്ധ്യാപകനേയും അദ്ധ്യാപക പരിശീലനത്തേയും കുറിച്ചാണ്.
അദ്ധ്യായം അഞ്ചും അദ്ധ്യായം പതിനഞ്ചും ഈ രണ്ട് കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്നു.
വിദ്യാഭ്യാസത്തേയും അതിന്റെ ചരിത്രവികാസഘട്ടങ്ങളേയും കുറിച്ചും ഭാരതത്തിന്റെ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും ഇവിടത്തെ നഗരഗ്രാമീണ ജീവിതങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായി മനസ്സിലാക്കുന്നവനാകണം അദ്ധ്യാപകന്‍. ആ ഒരു കാഴ്ചപ്പാട് വെച്ചിട്ടാണ് അദ്ധ്യാപക പരിശീലനം 4 വര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്‌സ് ആക്കി മാറ്റാന്‍ തീരുമാനിക്കുന്നത്. ( NEP – 5:23 Page 20 ) തുറന്ന മനസ്സും ചിന്തയും ഉള്ളവരെയാണ് അദ്ധ്യാപകരായി നയം ആഗ്രഹിക്കുന്നത്. തങ്ങള്‍ ഈ നാടിന്റെ സൃഷ്ടി നടത്തുന്നവരാണ് എന്ന ബോധ്യം അദ്ധ്യാപകന് ഉണ്ടാവണം. നാല് വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലനത്തിലൂടെ കടന്നുപോവുന്ന ഒരാളെ സംബന്ധിച്ച് ഇത് സാദ്ധ്യമാവും എന്നാണ് നയം വിചാരിക്കുന്നത്.
ഡോ.രാധാകൃഷ്ണന്‍ സ്വപ്നം കണ്ടതുപോലെ, ആധുനികതയുടെ ഉത്കൃഷ്ടതകളെ പാരമ്പര്യവുമായി ചേര്‍ത്തിണക്കി ഒരു പുതിയ ഭാരതം ഉടലെടുക്കണം. അതിനു വേണ്ട എല്ലാ സംവിധാനങ്ങളും NEP 2020 ഒരുക്കുന്നുണ്ട്.
ഈ നയത്തിന്റെ ഏറ്റവും അകര്‍ഷമായ ഒന്നാണ് കണ്ടിന്യൂവസ് പ്രൊഫഷനല്‍ ഡെവലപ്‌മെന്റ് ( CP D)ഓരോ വര്‍ഷവും മിനിമം 50 മണിക്കൂറില്‍ കുറയാത്ത നിര്‍ബന്ധിത പരിശീലനം അദ്ധ്യാപകര്‍ക്ക് NEP 20 ഉറപ്പു നല്‍കുന്നു. കൂടാതെ DIKSHA , SWAYAM, MOOC പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധിയായ കോഴ്‌സുകള്‍ ലഭ്യമാക്കുന്നുണ്ട് . ഈ കോഴ്‌സുകളിലൂടെ ആധുനിക പഠനരീതികളും പഠനസമീപനങ്ങളും മനസ്സിലാക്കുകയും അദ്ധ്യാപകര്‍ക്ക് തങ്ങളുടെ ക്ലാസുമുറികളെ ആധുനികമായിത്തന്നെ നില നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
അദ്ധ്യാപകനെ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി മറ്റു പ്രവൃത്തികളില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും ക്ലാസുമുറികളില്‍ സമ്പൂര്‍ണ്ണാധികാരം ഉറപ്പാക്കണം എന്നും നയം പറയുന്നു ( NEP 20 – 5: 13, 14 Page 21 ) .
അദ്ധ്യാപകന്റെ പരമാവധി പിന്തുണ നയത്തിന്റെ നടത്തിപ്പിന് ഉറപ്പാക്കുന്നതിന് വേണ്ടി കരിയര്‍ മാനേജ്‌മെന്റ് ആന്‍ഡ് പ്രോഗ്രഷന്‍ (CMP)
ശമ്പളവും മറ്റു അനുബന്ധ ആനുകൂല്യങ്ങളുടേയും കാര്യത്തില്‍ അനിവാര്യവും ഉദാരവും ആയ സമീപനമാണ് എടുത്തിരിക്കുന്നത് (NEP 205 : 17,18,19 Page22 )
അദ്ധ്യാപകന് കഴിവും പ്രകടനവും അനുസരിച്ചുളള ആനുകൂല്യങ്ങളും പ്രൊമോഷന്‍ സാധ്യതകളും ഉറപ്പാക്കുന്ന നയം , അദ്ധ്യാപകര്‍ക്ക് നാഷണല്‍ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡും നിര്‍ദ്ദേശിക്കുന്നു (NPST) . അതിനായി പ്രൊഫഷണല്‍ സ്റ്റാന്‍ഡാര്‍ഡ് സെറ്റിംഗ് ബോഡി (PS ST) എന്ന സംവിധാനവും വേണമെന്ന് പറയുന്നു. ഇത്തരത്തില്‍ ദേശീയ തലത്തില്‍ തന്നെ അദ്ധ്യാപകരുടെ വിലയിരുത്തലും നിലവാര ഏകീകരണവും നടക്കും.
അദ്ധ്യാപക പരിശീലന പദ്ധതിയിലും കാര്യമായ മാറ്റങ്ങളാണ് വരുന്നത് (NEP 20 – 15:1 – 11 Page 42, 43) പരമാവധി വിദ്യാലയാനുഭവങ്ങള്‍ നല്‍കിക്കൊണ്ട് , മികച്ച അദ്ധ്യാപകരെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് വിഭാവനം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും മികച്ച തലച്ചോറുകള്‍ അദ്ധ്യാപന രംഗത്തേക്ക് വരുന്നതിന് വേണ്ട ആകര്‍ഷകങ്ങളായ പഠനരീതികളും സമീപനവും ആണ് സ്വീകരിക്കുന്നത്. പരിചയ സമ്പന്നരും വിദഗ്‌ദ്ധരുമായവരുടെ സേവനം ലഭ്യമാക്കുന്നതിന് വേണ്ടി നാഷണല്‍ മിഷന്‍ ഫോര്‍ മെന്ററിംഗ് നടപ്പാക്കും എന്ന് നയം പറയുന്നു.
ചുരുക്കത്തില്‍ ഏറ്റവും മികച്ച അദ്ധ്യാപകരിലൂടെ മാത്രമേ , ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കാന്‍ കഴിയൂ എന്നുള്ളതു കൊണ്ട് , അതിന് സഹായകമായ ആസൂത്രണമാണ് അദ്ധ്യാപക വിദ്യാഭ്യാസത്തില്‍ വരാന്‍ പോകുന്നത്.
ഡോ.എസ്.രാധാകൃഷ്ണന്റെ ജന്‍മദിനത്തില്‍ നിന്നുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയം 2020 നെ നോക്കിക്കാണുന്ന സമയത്ത്, അദ്ദേഹം വിഭാവനം ചെയ്ത ഒരു വിദ്യാഭ്യാസമാണ് രാജ്യത്ത് നടപ്പാക്കാന്‍ പോകുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയും. പഠനം എന്നത് ജീവിതാന്ത്യം വരെ നീളുന്ന ഒരു പ്രക്രിയ ആണെന്നും അദ്ധ്യാപകനും ഒരു വിദ്യാര്‍ത്ഥി ആയിരിക്കണമെന്നും ഉള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നയം അരക്കിട്ടുറപ്പിക്കുന്നു.
‘ഡോ.രാധാകൃഷ്ണന്‍ സംസാരിക്കുമ്പോള്‍ ഭാരതത്തിന്റെ മസ്തിഷ്‌കവും ഹൃദയവും ഒന്നിച്ചു സംസാരിക്കുന്നു ,ഔപനിഷദമായ ചിന്തകളേയും ശങ്കരന്റെ തത്വശാസ്ത്രത്തെയും എടുത്തു പാടിക്കൊണ്ട് വിശ്വവൃക്ഷത്തിന്റെ ഒരു ചില്ലയില്‍ നിന്നു മറ്റൊന്നിലേക്ക് തത്തിപ്പാറുന്ന രാധാകൃഷ്ണന്‍ കാളിദാസന്റെ കവിത്വത്തേയും വാഴ്‌ത്താന്‍ മടിക്കുന്നില്ല. തത്ത്വമസി യിലൂടെയും അദ്വൈതവേദാന്തത്തിലൂടെയും ശാകുന്തളത്തിലൂടെയും അദ്ദേഹം കണ്ടെത്തുന്നത് ചിരന്തന ഭാരതത്തിന്റെ പ്രാണന്റേയും പ്രജ്ഞയുടെയും വിലാസങ്ങളാണ്. ടാഗോറിന്റെ കവിതയുടെ ഉത്കര്‍ഷത്തെക്കുറിച്ചും മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെ മഹിമാതിരേകത്തെക്കുറിച്ചും പറയുമ്പോള്‍ ഭാരത ചൈതന്യത്തിന്റെ നാഡീസ്പന്ദനമാണ് അവയില്‍ കേള്‍ക്കുന്നത്. ഇങ്ങനെ സ്വയം ഇന്ത്യയുടെ ആത്മവക്താവാകാന്‍ സാധിച്ച രാധാകൃഷ്ണന്‍ സ്വാമി വിവേകാനന്ദന് ആയുര്‍ല്ലോപം നിമിത്തം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ഒരു കൃത്യം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ് എനെനിക്ക് തോന്നുന്നു ‘ എന്ന് ഡോ.സുകുമാര്‍ അഴീക്കോട് വിലയിരുത്തിയ ആ മഹാന്റെ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ സമഗ്ര വിദ്യാഭ്യാസം എന്ന ആശയം നടപ്പിലാക്കാന്‍ സ്വാതന്ത്ര്യം കിട്ടി 74 വര്‍ഷങ്ങള്‍ പിന്നിടേണ്ടി വന്നു എന്നതാണ് ചിന്തവ്യമായ കാര്യം.
ഇത് പുതിയ ഭാരതമാണ്, ദേശീയതയെ അംഗീകരിക്കുന്ന, ദേശീയ നേതാക്കളെയും അവരുടെ സ്വപ്നങ്ങളേയും അവര്‍ സമര്‍പ്പിച്ച ജീവിതത്തേയും വിലമതിക്കുന്ന പുതിയ ഭാരതം.
ഈ ,പുതിയ ഭാരതം ജഗദ്ഗുരു പദത്തിലേക്കുള്ള യാത്രയില്‍ ഇവിടത്തെ അദ്ധ്യാപക സമൂഹത്തെയാണ് വിശ്വാസത്തിലെടുക്കുന്നത്.2020 സെപ്തംബര്‍ 11 ന് ആരാധ്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭാരതത്തിലെ അദ്ധ്യാപകരോട് പറഞ്ഞു, ‘ദേശീയ വിദ്യാഭ്യാസ നയം 2020 ഒരു സര്‍ക്കാരിന്റെ നയമല്ല, ഇത് , നിങ്ങള്‍ അദ്ധ്യാപകരുടെ നയമാണ്. നിങ്ങളാണ് ഇത് ഏറ്റെടുക്കേണ്ടത് , നടപ്പാക്കേണ്ടത്’
ആ സമയത്ത് അദ്ദേഹത്തിന്റെ മനസ്സില്‍ തെളിഞ്ഞിരുന്ന രൂപം ഉറപ്പായും ഡോ. എസ്.രാധാകൃഷ്ണന്റേതായിരിക്കണം.
ഭാരതത്തിന്റെ അദ്ധ്യാപക മാതൃക.
അവലംബം : 1.ഭാരതീയ ദര്‍ശനം വാല്യം 1 & 2 -ഡോ. എസ്.രാധാകൃഷ്ണന്‍
2. ഡോ.കെ.എസ്.രാധാകൃഷ്ണന്‍- സി.പി.ശ്രീധരന്‍
(മാതൃഭൂമി ബുക്‌സ് )
പ്രതികരിക്കാൻ ഇവിടെ എഴുതുക: