മക്കളേ,
ഇന്നു സ്ത്രീപുരുഷസമത്വത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. വാസ്തവത്തില്‍ സ്ത്രീപുരുഷ സമത്വമല്ല, സ്ത്രീപുരുഷ ഐക്യമാണ് നമുക്കാവശ്യം. ശാരീരികതലത്തില്‍ പുരുഷനും സ്ത്രീയ്ക്കും തുല്യത കൈവരിക്കുവാന്‍ പ്രയാസമാണ്. മാനസികതലം നോക്കിയാലും തുല്യത പ്രയാസംതന്നെ. എന്നാല്‍ സ്ത്രീയുടെ ഉള്ളില്‍
പുരുഷത്വവും പുരുഷനില്‍ സ്ത്രീത്വവുമുണ്ട്. പ്രാചീനരായ ഋഷിമാരുടെ ധ്യാനത്തില്‍ തെളിഞ്ഞ അര്ദ്ധനാരീശ്വരസങ്കല്പം ഈ സത്യത്തെ വെളിപ്പെടുത്തുന്നു. സ്ത്രീത്വത്തിന്റെയും പുരുഷത്വത്തിന്റെയും ഐക്യത്തിലാണ് പൂര്‍ണ്ണത.
സ്ത്രീപുരുഷസമന്വയം എന്നതുകൊണ്ട് അമ്മ ശാരീരികതലമല്ല ഉദ്ദേശിക്കുന്നത്.
പൊതുവെ, സ്ത്രീയില്‍ സ്ത്രീത്വവും പുരുഷത്വവുമുണ്ടെങ്കിലും സ്ത്രീത്വമാണ് മുന്നിട്ടുനില്‍ക്കുന്നത്. അതുപോലെ പുരുഷനില്‍
പുരുഷത്വവും സ്ത്രീത്വവുമുണ്ടെങ്കിലും പുരുഷത്വമാണ് മുന്നിട്ടുനില്‍ക്കുന്നത്. ഏതെങ്കിലും സ്ത്രീയില്‍ പുരുഷത്വം മുന്നിട്ടുനില്‍ക്കുന്നുണ്ടെങ്കില്‍ അവള് സ്ത്രീയാണെങ്കിലും ഒരു പുരുഷനാണ് എന്നു നമ്മള് പറയും. അതുപോലെ സ്ത്രൈണത മുന്നിട്ടു നില്ക്കുന്ന
പുരുഷന്മാരെ നോക്കി നമ്മള് പറയും, അവനൊരു പെണ്ണാണ് എന്ന്. ഇതു ശാരീരികതലം നോക്കി പറയുന്നതല്ലല്ലോ.
പുരുഷത്വമെന്നാല്‍ ആത്മനിഷ്ഠ, സ്വാശ്രയത്വം, ധീരത തുടങ്ങിയ ഗുണങ്ങളാണ്. ആ പൗരുഷഗുണങ്ങളെ തന്നില്‍ ഉണര്‍ത്താന്‍ സ്ത്രീക്കും കഴിയും. അതുപോലെ തന്റെയുള്ളില്‍ മറഞ്ഞുകിടക്കുന്ന ക്ഷമ, കരുണ, വാത്സല്യം തുടങ്ങിയ സ്ത്രീത്വഗുണങ്ങള്‍ ഉണര്‍ത്താന്‍ പുരുഷനും ശ്രമിക്കണം. പുരുഷനും സ്ത്രീയും തങ്ങള്‍ക്കുള്ളിലെ പൂരകശക്തികളെ ഉണര്‍ത്തേണ്ടതുണ്ട്. അര്ദ്ധനാരീശ്വരസങ്കല്പം അതാണു കാട്ടിത്തരുന്നത്. ഇത് അനുഭവത്തില്‍ കൊണ്ടുവരണമെങ്കില്‍ സാധന അനുഷ്ഠിക്കാതെ സാദ്ധ്യമല്ല. പക്ഷെ, ഇന്നുള്ളവര്‍ക്ക് അതിനു ക്ഷമയില്ല. അവര്‍, പുറമെയുള്ളതെല്ലാം സത്യമായിക്കണ്ട്, ശാരീരികസുഖമെന്ന മരീചികയ്ക്കു പിറകേ ഓടിയോടി നാശമടയുന്നു.
സ്ത്രീ അന്ധമായി പുരുഷനെ അനുകരിക്കുകയല്ല വേണ്ടത്, മറിച്ച് തന്നിലെ പൗരുഷത്തെ വളര്ത്തുകയാണു വേണ്ടത്. അതിനു ശ്രമിക്കാതെ പുരുഷനെ ബാഹ്യതലത്തില്‍, മദ്യപാനത്തിലും പുകവലിയിലും മറ്റും സ്ത്രീകള്‍ അനുകരിക്കുവാന്‍ ശ്രമിക്കുന്നതിലൂടെ അവര്‍ സ്ത്രീത്വത്തെ നഷ്ടപ്പെടുത്തുന്നു. പുരുഷത്വം നേടുന്നതുമില്ല. അതുപോലെ പുരുഷന് സ്ത്രീയിലെ മാതൃഭാവംകൂടി ഉള്‍ക്കൊള്ളണം. സ്ത്രൈണഗുണമായ ഹൃദയഭാവങ്ങളും പുരുഷഗുണമായ ആത്മനിഷ്ഠയും ഒരേസമയം ഉണര്‍ത്താനും ജീവിതത്തില്‍ പ്രകാശിപ്പിക്കാനും കഴിയുമ്പോഴാണ് ഓരോ വ്യക്തിയും പൂര്‍ണ്ണത പ്രാപിക്കുന്നത്.
സമൂഹതലത്തിലും കുടുംബതലത്തിലും യഥാര്‍ത്ഥത്തില്‍ വേണ്ടതു സ്ത്രീപുരുഷന്മാര് തമ്മില്‍ കെട്ടുറപ്പുള്ള ബന്ധവും സഹകരണവുമാണ്. വൈദ്യുതപ്രവാഹത്തിനു പോസിറ്റീവും നെഗറ്റീവും ധ്രുവങ്ങള്‍ ആവശ്യമായതുപോലെ സാമൂഹ്യജീവിതപ്രവാഹം പൂര്‍ണ്ണമാകുവാന്‍ പുരുഷനോടൊപ്പം സ്ത്രീയുടെ സാന്നിദ്ധ്യവും ആവശ്യമാണ്. സ്ത്രീയും പുരുഷനും പരസ്പരം താങ്ങും തണലുമായി തങ്ങളുടെ ധര്‍മ്മം നിര്‍വ്വഹിക്കുമ്പോഴാണ് സാമൂഹ്യജീവിതം പുഷ്പിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ പേരില്‍ പലരും കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള സ്വാതന്ത്ര്യമാണ് ആഗ്രഹിക്കുന്നത്. ചുമതലകളില്ലാത്ത അമിതസ്വാതന്ത്ര്യം അവരെ വഴിതെറ്റിക്കാന്‍ എളുപ്പമാണ്. കുടുംബാംഗങ്ങള്‍ തമ്മില്‍ മത്സരബുദ്ധിയോടെ പെരുമാറുന്ന കുടുംബത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ എങ്ങനെ സാധിക്കും. അതേസമയം സ്നേഹത്തിലൂടെയും വിട്ടുവീഴ്ചയിലൂടെയും പരസ്പരം അറിഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ അവിടെ സംഭവിക്കുന്നതു സ്ത്രീപുരുഷ സമത്വമല്ല, ഐക്യമാണ്, സമന്വയമാണ്. അതിലൂടെയാണ് ആരോഗ്യകരമായ കുടുംബജീവിതം സാദ്ധ്യമാകുന്നത്. അപ്പോള്‍ പരസ്പരവൈരുദ്ധ്യങ്ങള്‍ മറന്നു സ്ത്രീപുരുഷന്മാര് ഒന്നായിത്തീരുന്നു. ഒരാളുടെ കുറവു മറ്റെയാള്‍ പരിഹരിക്കുന്നു. ഒരാളുടെ ക്രോധത്തെ മറ്റെയാള്‍ സ്നേഹത്തിലൂടെ മറികടക്കുന്നു. ചാപല്യത്തെ സഹിഷ്ണുത കൊണ്ടു് അതിജീവിക്കുന്നു. ഇവിടെയാണു രണ്ടുപേര്‍ക്കും സ്വാതന്ത്ര്യം അനുഭവിക്കുവാന്‍ കഴിയുന്നത്.
സ്ത്രീ പുരുഷന്റെയും പുരുഷന് സ്ത്രീയുടെയും പൂരകശക്തിയാണ്. ഇരുവര്‍ക്കും മറ്റെയാളുടെ സഹായവും പ്രോത്സാഹനവും പ്രചോദനവും ആവശ്യമുണ്ട്. ഇവിടെ ഒരാള്‍ മറ്റെയാള്‍ക്കു ഭാരമായിത്തീരുന്നില്ല, മറിച്ച്, താങ്ങും തണലുമായി മാറുന്നു. ഇതിനു കഴിയണമെങ്കില്‍ ആദ്ധ്യാത്മികതയുടെ ഒരു കാഴ്ചപ്പാടുകൂടി ജീവിതത്തിലുണ്ടാകണം. അതു ബാഹ്യമായ വൈരുദ്ധ്യങ്ങളെ അതിക്രമിച്ച് ആന്തരിക ഐക്യത്തെ, ആത്മസത്തയെ അറിയുവാന്‍ സഹായിക്കുന്നു.
ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: