എം. ശ്രീഹര്ഷന്
ഗാങ്ടോകില്‍ എത്തുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. ഇരുട്ടിന്റെ കരിമ്പടം മൂടിനില്ക്കുന്ന മലനിരകള്‍. വൈദ്യുതവെളിച്ചത്തിന്റെ വടിവില്‍ വരച്ചിട്ട നഗരം. ഇളംകാറ്റില്‍ തണുപ്പിന്റെ സൂചിക്കുത്ത്. ഡാര്‍ജിലിങ്ങില്‍നിന്നുള്ള നീണ്ടയാത്ര. മലമടക്കുകളിലൂടെ. ചുരങ്ങള്‍ കയറിയും ഇറങ്ങിയും. സാധനസാമഗ്രികള്‍ ഹോട്ടല്‍മുറിയില്‍വച്ച് മുഖം കഴുകി പുറത്തിറങ്ങി. തിരക്കില്ലാത്ത റോഡിലൂടെ കൈവീശി നടക്കുകയാണ്.
ഗാങ്ടോക്. ‘മലമുകളില്‍’ എന്നര്‍ഥം. സമുദ്രനിരപ്പില്‍നിന്ന് 5,410 അടി ഉയരത്തിലുള്ള പര്‍വതനഗരം. സിക്കിമിന്റെ തലസ്ഥാനം. കിഴക്കന്‍ ഹിമാലയത്തിലെ ശിവാലിക്നിരയുടെ കൊമ്പത്തെ ഒരു ശിഖരം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിവരെ കുഗ്രാമമായിക്കിടന്ന കുന്നിന്‍പുറം. 1840 ല്‍ ഒരു ബുദ്ധവിഹാരം സ്ഥാപിക്കുന്നതുവരെ. എഞ്ചേയ് ബുദ്ധവിഹാരത്തിന്റെ വരവോടെ വികാസം കൈവന്ന് ചെറുപട്ടണമായി മാറി. സിക്കിമീസ് രാജാവായ തുടോംബ് നംഗ്യാല്‍ 1890 ല്‍ ഇവിടം തന്റെ തലസ്ഥാനമാക്കിയതോടെ മട്ടുമാറി. രാജകീയതയുടെ ആളനക്കങ്ങള്‍ നിറഞ്ഞ പര്വതനഗരമായി.
ചോഗ്യാല്‍ എന്നറിയപ്പെടുന്ന ബുദ്ധപുരോഹിതരാജാക്കന്മാരുടെ ഭരണം. 1890 ലാണ് സിക്കിം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാവുന്നത്. സ്വാതന്ത്ര്യത്തെത്തുടര്‍ന്ന് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാതെ വേറിട്ടരാജ്യമായെങ്കിലും ഇന്ത്യയുടെ സംരക്ഷിതപദവി സ്വീകരിച്ചിരുന്നു. 1973 ല്‍ ചോഗ്യാലിന്റെ കൊട്ടാരത്തിനു മുന്നില്‍ വലിയ രാജവിരുദ്ധകലാപങ്ങള് നടന്നു. നോക്കിനില്ക്കാന് നമുക്കു കഴിയുമായിരുന്നില്ല. ഇന്ത്യന്‍സൈന്യം ഗാങ്ടോക് നഗരം പിടിച്ചെടുത്തു. ജനഹിത പരിശോധനപ്രകാരം സിക്കിം ഇന്ത്യയുടെ ഇരുപത്തി രണ്ടാമത്തെ സംസ്ഥാനമായി മാറി. ഗാങ്ടോക് തലസ്ഥാനനഗരവും.
നേര്‍ത്ത ഇരുട്ടില്‍ റോഡരികിലൂടെ പതുക്കെ നടന്നു. ആള്‍ത്തിരക്കും വാഹനത്തിരക്കും കുറവാണ്. കാല്‍നടയാത്രക്കാര്‍ ഇല്ലെന്നുതന്നെ പറയാം. പരദേശികളായ ഞങ്ങള്‍ മൂന്നുനാലു പേര് മാത്രം. വലതുവശത്തെ തുറസ്സിലൂടെ ദൂരെ കാഞ്ചന്‍ജംഗ കാണാം. ആകാശത്ത് മേഘസാഗരതിരകളില് പൊങ്ങിക്കിടക്കുന്ന വെള്ളാരന്കുന്ന്. പയ്യോളിക്കടപ്പുറത്തുനിന്ന് നോക്കുമ്പോള്‍ നുരയുന്ന തിരകളില്‍ പൊങ്ങിക്കാണുന്ന വെള്ളിയാങ്കല്ലുപോലെ. നഗരത്തിന്റെ താഴ്വരക്കാഴ്ചകള്. തലയുയര്ത്തിയാടുന്ന കോണിഫറസ് മരങ്ങളും പോപ്ലാര്മരങ്ങളും. ഇടയില്‍ ഓക്കും ബിര്ച്ച്മരങ്ങളും.
നടന്നുകയറിയത്് മാള്റോഡിലാണ്. മഹാത്മാഗാന്ധി മാള്‍റോഡ്. നഗരത്തിന്റെ ഹൃദയഭാഗം. സന്ദര്‍ശകരുടെ കൗതുകവീഥി. മനോഹരമായ ഷോപ്പിംഗ് കേന്ദ്രം. ഒരു ഓപ്പണ്‍ മാള്‍. ഡാര്‍ജിലിങ്ങിലെ മാള്റോഡുപോലെ തട്ടുതട്ടായി ഇടുങ്ങിയ തെരുവുകളല്ല. പരന്നപ്രതലത്തില്‍ വീതികൂടിയ അലങ്കരിച്ച ടൈല്‍ പതിച്ച നിരത്ത്. അങ്ങോട്ടും ഇങ്ങോട്ടും വേര്‍തിരിച്ച് നടുവില്‍ ഇരിപ്പിടങ്ങള്‍. വാഹനങ്ങള്‍ക്ക് അനുവാദമില്ല. രണ്ടറ്റങ്ങളിലും മികച്ച പാര്‍ക്കിങ് സൗകര്യങ്ങള്‍. എത്തിച്ചേരാനും മറുഭാഗം പറ്റാനുമുള്ള പോക്കറ്റ് റോഡുകള്‍. മറ്റു തെരുവുകളുമായി ബന്ധിപ്പിക്കുന്ന വഴികള്‍.
ഇരുവശത്തും ഷോപ്പിങ് കോംപ്ലക്സുകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍. എല്ലാവിധത്തിലുള്ള സാധനങ്ങളും ലഭിക്കുന്ന കടകള്‍. തണല്‍മരങ്ങളും വിക്ടോറിയന്‍ വിളക്കുകാലുകളും. ശുചിത്വത്തിലും ഭംഗിയിലും കേമം. ഒരറ്റത്ത് ഗാന്ധിജിയുടെ പൂര്‍ണകായപ്രതിമ. മറ്റൊരിടത്ത് അര്‍ധകായപ്രതിമയും. നിരത്തിന്റെ നടുവിലെ വേര്‍തിരിവില്‍ ചെറുചെടികളും പൂച്ചട്ടികളും ജലധാരകളും കമനീയ ശില്പ്പവേലകളുമടങ്ങിയ നീണ്ട ഉദ്യാനം. രാത്രിയിലാണ് തെരുവിന് ഭംഗി കൂടുതല്‍. വൈദ്യുതവിളക്കുകളുടെ മായികപ്രഭയില്‍ കുളിച്ച് നേര്‍ത്ത തണുപ്പിന്റെ വസ്ത്രമണിഞ്ഞ് മലമുകളില്‍ പള്ളികൊള്ളുന്ന നിശാസുന്ദരി.
സാമാന്യം തിരക്കുണ്ട്. കുടുംബസമേതം സായാഹ്നസവാരിക്കിറങ്ങിയവര്, യുവമിഥുനങ്ങള്‍, വിദ്യാര്‍ഥികള്‍, സഞ്ചാരികള്‍. ഒറ്റക്കും കൂട്ടായും നടകൊള്ളുന്നവര്. ചെറിയ തണുപ്പും വിളക്കുകാലില്‍നിന്നുള്ള അരണ്ടവെളിച്ചവും സൃഷ്ടിക്കുന്ന സുഖദമായ അന്തരീക്ഷം. കടകളില്‍നിന്നു പുറത്തേക്കൊഴുകുന്ന നേര്‍ത്ത സംഗീതവീചികള്. മരച്ചില്ലകളുടെയും ആളുകളുടെയും മര്മരങ്ങള്.
ഒരു റസ്റ്ററന്റിലേക്ക് കയറി. ക്ലാസിക്ശൈലിയിലുള്ള കമനീയമായ ഇരിപ്പിടങ്ങള്‍. നല്ല വിശപ്പുണ്ട്. ഡാര്‍ജിലിങ്ങില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ച് ഒരു മണിക്ക് യാത്ര തിരിച്ചതാണ്. ഒരു സിക്കിം താലിമീല്‍സ് ഓര്‍ഡര്‍ ചെയ്തു. ”ദയവായി അര മണിക്കൂര്‍ കാത്തിരിക്കൂ…” വിളമ്പുകാരന്റെ ഭവ്യമായ അപേക്ഷ. നിവൃത്തിയില്ല. കാത്തിരിക്ക തന്നെ. മേശമേല്‍ കൈമുട്ടുകളൂന്നി താടിതാങ്ങിപ്പിടിച്ച് പുറംകാഴ്ചകള്‍ നോക്കിക്കണ്ടുകൊണ്ടങ്ങിരുന്നു. പൊയ്കയിലെ ജലപ്പരപ്പ് പോലെ അങ്ങോട്ടുമിങ്ങോട്ടും പതുക്കെ ഒഴുകുന്ന തെരുവ്. നീണ്ട പകല്സഞ്ചാരത്തിന്റെ അലകള്‍ മനസ്സിലേക്ക് പതഞ്ഞുവരികയാണ്.
ഡാര്‍ജിലിങ്ങില്‍നിന്ന് ഗാങ്ടോക്കിലേക്ക് ഏതാണ്ട് നൂറ് കിലോമീറ്ററിനടുത്ത് ദൂരം വരും. സാമാന്യയാത്രക്ക് മൂന്നര-നാല് മണിക്കൂര്‍ മതി. എട്ടാള്ക്കിരിക്കാന് കഴിയുന്ന ട്രാവലേഴ്സ് കാബിലാണ് യാത്ര. ഡാര്‍ജിലിങ് നഗരം പിന്നിട്ടതോടെ ടീസ്റ്റാനദി ഒപ്പം ചേര്‍ന്നു. ഇടയ്ക്കിടെ ഒളിഞ്ഞുമാറിയും വെളുക്കെച്ചിരിച്ചും ടീസ്റ്റ കൂടെ സഞ്ചരിക്കുകയായിരുന്നു.
മലകള്‍ ചുറ്റിയും കയറിയും തിരിഞ്ഞും മറിഞ്ഞുമുള്ള യാത്ര. ഒരു മലമടക്കില്‍നിന്ന് അടുത്തതിലേക്കു ഇറങ്ങിക്കയറും. വീണ്ടും ചുറ്റിക്കയറി അടുത്തതിലേക്ക്. ചിലയിടത്ത് മലകളെ ബന്ധിപ്പിക്കുന്ന പാലങ്ങളുണ്ട്. ഒന്നൊന്നായി മലകള്‍ താണ്ടിക്കടന്നുള്ള ദീര്‍ഘസഞ്ചാരം. ഒരു മരക്കൊമ്പില്‍നിന്ന് അടുത്തതിലേക്കും അവിടെനിന്ന് അപ്പുറത്തുള്ളതിലേക്കും ചാടിക്കടന്നുപോകുന്ന കുരങ്ങനെപ്പോലെ. കയറിയും ഇറങ്ങിയും ചുറ്റിയും വളഞ്ഞും പുളഞ്ഞുമുള്ള യാത്ര.
സിങ്ടമിലെത്തി. ടീസ്റ്റ അവിടെവച്ച് യാത്രപറഞ്ഞ് വഴിമാറിപ്പോയി. ഇനിയങ്ങോട്ട് ടീസ്റ്റയുടെ പുത്രിയായ റാണിഖോള എന്ന കൊച്ചുനദിയാണ് ഞങ്ങള്‍ക്ക് വഴികാട്ടിയായി കൂട്ടിനുണ്ടാവുക. ചെറിയൊരു പട്ടണമാണ് സിങ്ടം. ചായത്തോട്ടങ്ങളുടെ കേന്ദ്രം. രണ്ട് മണിക്കൂര്‍ സഞ്ചരിച്ച് കഴിഞ്ഞിരുന്നു. വാഹനം അവിടെ നിര്‍ത്തി. ഡ്രൈവര്‍ വണ്ടിയില്‍നിന്ന് പുറത്തേക്ക് ചാടിയിറങ്ങി. ഗണേശ് ഗുരുങ്. ഇരുപത്തിരണ്ടില്ത്താഴെയേ പ്രായം കാണൂ. നല്ല ചുറുചുറുക്കുള്ള ഗൂര്ഖപയ്യന്. ഒന്നും പറയാതെ മൂളിപ്പാട്ടും പാടി അവന് ഒരു ചെറുകടയിലേക്ക് കയറിപ്പോയി. ഞങ്ങളില്‍ച്ചിലര്‍ പുറത്തിറങ്ങി അവിടവിടെ ചുറ്റിക്കറങ്ങി.
അര മണിക്കൂര്‍ കഴിഞ്ഞിട്ടും ‘ഡ്രൈവന്’ വരുന്നത് കാണുന്നില്ല. ആ കടയിലേക്ക് ഞങ്ങള്‍ കയറിച്ചെന്നു. കൊച്ചുവീടിനോട് ചേര്‍ന്നുള്ള ചെറിയൊരു ചായക്കട. പിന്‍വശത്ത് ഒരു ചായ്പ്പ്. അവിടെയിരുന്ന് ആശാന് ശാപ്പാട് അടിച്ചുമാറുകയാണ്. മുന്നില്‍ പലവിധ വിഭവങ്ങള്‍ നിരത്തിവച്ചിരിക്കുന്നു. ഞങ്ങള്‍ ഓരോ ചായ വാങ്ങിക്കുടിച്ച് അവനോട് കുശലം പറഞ്ഞു. യാത്രക്കിടയില്‍ അവര്‍ക്കു കിട്ടുന്ന ഒരു സൗജന്യമാണത്രേ ഈ തീറ്റ. ഒരു ട്രിപ്പിന് ട്രാവല്‍ ഏജന്‍സി അവനു നല്‍കുക എഴുന്നൂറ് രൂപയാണ്. വണ്ടി നാളെ കാലത്ത് സിലിഗുരിയില്‍ തിരിച്ചെത്തിച്ചാല്‍ മതി. അതിനിടയില്‍ ഡ്രൈര്‍മാര്‍ക്ക് എത്ര വേണമെങ്കിലും ഭക്ഷണം കഴിക്കാം. അതിന്റെ ബില്ലുകൊടുത്താല്‍ അത്രയും കാശുകൂടി കിട്ടും. അതിനാല്‍ തഞ്ചം കിട്ടുന്നിടത്തൊക്കെ പരമാവധി ഉദരപൂരണം ചെയ്യുക. അതൊരു പതിവാണ്. സ്ഥിരം കയറുന്ന കടകള്ക്കടുത്തെത്തുമ്പോള് വണ്ടി നിര്‍ത്തും. പിന്നെ ഒരു മണിക്കൂര്‍ യാത്രയുടെ ഇടവേളയാണ്.
ഗണേശിന്റെ പിതാവ് സൈനികനായിരുന്നു. അരുണാചല്‍ അതിര്ത്തിയിലായിരിക്കുമ്പോള് മൈന്‍ പൊട്ടി ഇരുകാലുകളും നഷ്ടപ്പെട്ട മേജര്‍ രാംനാഥ് ഗുരുങ്. മൂത്ത രണ്ടു ജ്യേഷ്ഠന്മാരും സൈന്യത്തിലാണ്. ഒരാള്‍ ആര്‍മിയിലും മറ്റൊരാള്‍ എയര്‍ഫോഴ്സിലും. ഒരനിയത്തിയുണ്ട്. മെഡിസിന് പഠിക്കുന്നു. അമ്മയാണ് വീട്ടില്‍ കുടുംബം നോക്കുന്നതും അച്ഛനെ കൊണ്ടുനടക്കുന്നതും. ഗണേശും സൈന്യത്തില്‍ ചേരാനുള്ള ഒരുക്കത്തിലാണ്. അതുവരെ ഇത്തരം ജോലികള്‍ ചെയ്ത് സമ്പാദിക്കുന്ന പണം അനിയത്തിയുടെ പഠനത്തിന് നല്‍കും. അവളാണ് അവന്റെ ജീവന്. കുടുംബത്തെക്കുറിച്ച് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ തിളങ്ങുന്നു. സ്നേഹത്തിന്റെ നിലാവെട്ടം. ആത്മബന്ധത്തിന്റെ പ്രസരിപ്പ്. അച്ഛനെക്കുറിച്ചും സൈനികജീവിതത്തെക്കുറിച്ചും പറയുമ്പോള്‍ മുറ്റിയ ആവേശം. നൂറ് നാവ്. അമ്മയെക്കുറിച്ചു പറയുമ്പോള്‍ അവന്റെ കണ്ണു നിറയും. അമ്മയാണ് എല്ലാവര്ക്കും പ്രചോദനം. അമ്മയാണ് എല്ലാവര്ക്കും താങ്ങ്. അമ്മയാണ് വീടിന്റെ വിളക്ക്.
സംസാരിക്കുന്നതിനിടയില്‍ ഗണേശ് അകത്താക്കിയ തീറ്റിപ്പണ്ടങ്ങള്ക്ക് അളവില്ല. നല്ല ചേലോടും വൃത്തിയോടും കൂടിയുള്ള ഭോജനം. കണ്ടുനില്‍ക്കുന്നവര്‍ക്കും മനസ്സുനിറയും. വിളമ്പിക്കൊണ്ടിരുന്ന തടിച്ചുകുറുകിയ കടക്കാരനോട് നന്ദി പറഞ്ഞ് അവന് എഴുന്നേറ്റ് കൈയും മുഖവും തുടച്ച് ബില്ലു വാങ്ങി കാശ്കൊടുത്ത് വണ്ടിയിലേക്ക് ഓടിക്കയറി. തീറ്റ കഴിഞ്ഞ് വയറുനിറച്ച് ഉത്സാഹത്തോടെ ഓടിച്ചാടിപ്പോവുന്ന കുതിരയെപ്പോലെ. പിന്നീടവന് വളരെ വേഗതയിലാണ് വണ്ടിയോടിച്ചത്. ഒരു സര്‍ക്കസ്സുകാരനെപ്പോലെ വാഹനം മലമടക്കുകളിലൂടെ ചീറിപ്പായുമ്പോള്‍ ഉള്ളില്‍ ചെറിയ കത്തല് ഇല്ലാതില്ല.
എന്റെ മുന്നില്‍ സിക്കിം താലിമീല്‍സ് നിരന്നു. ഒരു ബൗളില്‍ ചുര്‍പ്പി സൂപ്പ്; കോട്ടണ്‍ ചീസ് കൊണ്ട് നിര്‍മ്മിച്ചത്. തളികയില്‍ ഡാല്‍ ഭട്ട്; ആവിയില്‍ വേവിച്ച നല്ല പച്ചരിച്ചോറും ഡാല്‍ കറിയും. ഗുണ്ട്രുക്ക് എന്ന ഇലക്കറി; റാഡിഷ്, കാബേജ്, കടുക് എന്നിവയുടെ ഇലകള്‍ കൊണ്ട് ഉണ്ടാക്കിയ സ്വാദൂറുന്ന കറി. സിങ്കി; റാഡിഷിന്റെ വേരുകള്‍കൊണ്ട് നിര്‍മ്മിച്ച അച്ചാറുപോലുള്ള ഒരു കറിയാണ്. കൈന; ചോറിനൊപ്പം മാംസത്തിന് പകരമായി ഉപയോഗിക്കുന്ന ഒരു ജനപ്രിയവിഭവം. പുളിപ്പിച്ച സോയാബീന്‍ കറിയാണത്. മോമോസ്; ആവിയില്‍ വേവിച്ച ഒരുതരം ബണ്ണ്. ഷാ ഫാലി; രുചികരമായ ഒരു ടിബറ്റന്‍ വിഭവമാണ്. ഗോതമ്പുമാവിനുള്ളില് വേവിച്ച വിവിധ പച്ചക്കറികള്‍ നിറച്ചുരുട്ടി വറുത്തെടുക്കുന്നത്. ഷിമി കോ ആചാര്; ഷിമി എന്ന നാടന്‍ പച്ചക്കറി ഉപയോഗിച്ചാണിതുണ്ടാക്കുന്നത്. രുചി കൂട്ടാന്‍ എള്ള് ചേര്‍ക്കും. ഏരിവിന് പച്ചമുളകും പുളിക്ക് നാരങ്ങനീരും ചേര്‍ക്കുന്നു.
മുന്നില്‍ നിരത്തിവച്ച വിഭവങ്ങള്‍ ഓരോന്നായി എടുത്ത് കഴിച്ചു. ഒന്നു കഴിഞ്ഞ് അടുത്തത് എടുക്കുക. അതാണ് അവിടത്തെ ഭക്ഷണക്രമം. ഓരോന്നിന്റെയും രുചി വെവ്വേറെയായി ആസ്വദിക്കണം. സാവധാനത്തില്‍ സമയമെടുത്തേ കഴിക്കാവൂ. ഞങ്ങളുടെ കൂട്ടത്തിലെ ഒരാള്‍ ധൃതിപിടിച്ച് വാരിവലിച്ചു തിന്നുന്നത് കണ്ട് അവിടെയിരിക്കുന്ന എല്ലാവരും അയാളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഓരോന്നു കഴിയുമ്പോഴും വേണമെങ്കില്‍ ആ വിഭവം വീണ്ടും വിളമ്പും. സിക്കിം താലിമീല്‍സ് നാവിനും വയറിനും പുതിയ അനുഭവം നല്കി. നാവിനെ ത്രസിപ്പിക്കുന്നു. ഒട്ടും അലോസരപ്പെടുത്താതെ വയറു നിറക്കുന്നു. കഴിച്ചു കഴിഞ്ഞപ്പോള്‍ പുതിയൊരുന്മേഷം. ദീര്‍ഘയാത്രയുടെ ചൊരുക്കും ക്ഷീണവും അകന്നു.
ഭക്ഷണം കഴിഞ്ഞപ്പോള്‍ മാള്‍റോഡിലൂടെ വെറുതെ ചുറ്റിക്കറങ്ങി. അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങി. തെരുവുഭംഗികള് ക്യാമറയില്‍ പകര്‍ത്തി. നടുവിലെ ചാരുബഞ്ചുകളിലിരുന്ന് വര്‍ത്തമാനങ്ങള്‍ ചൊല്ലി. യാത്രാനുഭവങ്ങള്‍ അയവിറക്കി.
തെരുവിന് ഒരറ്റത്ത് മുകള്‍ത്തട്ടിലായി ഒരു വലിയ ക്ഷേത്രത്തിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു. അതിമനോഹരമായ ചിത്രവേലകളും കൊത്തുപണികളും ദീപജാലങ്ങളും നിറഞ്ഞ ഒരു കൃഷ്ണക്ഷേത്രം. ഏറ്റവും മുകളില്‍ ഗീതോപദേശത്തിന്റെ ഒരു കൂറ്റന്‍ പെയിന്റിങ് വെളിച്ചത്തില്‍ തിളങ്ങിക്കാണാം. പതുക്കെ എഴുന്നേറ്റ് അങ്ങോട്ടു നടന്നുകയറി.
മുന്നില്‍ വിശാലമായ മുറ്റത്ത് പുല്‍ത്തകിടിയും ചെറിയ ചെടികളും ഇരിപ്പിടങ്ങളും. വശങ്ങളില് വിവിധ ഭാവത്തിലുള്ള വലിയ കൃഷണവിഗ്രഹങ്ങളും ദശാവതാരശില്പ്പങ്ങളും. അകത്ത് എന്തൊക്കെയോ പണികള്‍ നടക്കുന്നതിന്റെ ശബ്ദം കേള്‍ക്കാം. താഴത്തെ തെരുവും തട്ടുതട്ടായുള്ള നഗരക്കാഴ്ചകളും കാണാം. പുല്ത്തകിടിക്കറ്റത്തുള്ള ഉദ്യാനത്തില്‍ വലിയ ചട്ടികളിലുള്ള ചെടികളും വള്ളിക്കുടിലുകളും. എല്ലാം പൂ നിറഞ്ഞു നില്ക്കുന്നു. വിവിധ നിറത്തിലും വലുപ്പത്തിലുമുള്ളവ. ഇടക്കിടെ ദീപാലങ്കാരങ്ങളുമുണ്ട്.
നടുവില്‍ വലിയൊരു ചട്ടിയില്‍ വേറിട്ടുനില്‍ക്കുന്ന ഒരു ചെടി. അതില്‍ വെളുത്ത ഒരു വലിയ പൂവ്. പിറകില്‍നിന്നുള്ള വെളിച്ചത്തില്‍ അത് ശോഭ പരത്തുന്നു. അടുത്തേക്കു ചെന്നു. ബ്രഹ്മകമലം. ദേവപുഷ്പം. മഹാവിഷ്ണുവിന്റെ നാഭിയില്‍നിന്നു വിടരുന്ന താമര. ബ്രഹ്മാവിന്റെ ഇരിപ്പിടം.
തിബത്തന്‍ മേഖലകളിലും മ്യാന്മാറിന്റെ വടക്കും ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ ഹിമാലയമേഖലകളിലും വ്യാപകമായി കണ്ടുവരുന്ന വലിയ പൂവ്. സൂര്യാസ്തമയത്തിനു ശേഷമാണ് പൂവിടരുക. കേദാര്‍നാഥിലെയും ബദരിനാഥിലെയും പൂജാപുഷ്പം. കരള്‍രോഗത്തിനുള്ള ഉത്തമൗഷധം. താമരപ്പൂവിന്റെ ആകൃതി. തൂവെള്ള നിറം. ഉത്താരാഖണ്ഡിന്റെ സംസ്ഥാനപുഷ്പം. ഹിമാചല്‍പ്രദേശിലും ധാരാളമായി കാണാം. സിക്കിമിലും വടക്കുകിഴക്ക് ഹിമാലയമേഖലകളിലും വിരളമായിരിക്കും.
സോസുറിയ ഒബ്വല്ലാറ്റ എന്ന് ശാസ്ത്രനാമം. നൈറ്റ് ബ്ലൂമിംഗ് സെറിയസ്. രാജ്ഞിയുടെ രാജ്ഞി. ലേഡി ഓഫ് ദി നൈറ്റ്. വിശേഷണപദങ്ങളാണ്.
ചട്ടിയില്‍ കള്ളിച്ചെടിയുടേതുപോലെ നീണ്ട ഇലകള്‍ മാത്രമുള്ള തണ്ടില്ലാത്ത ചെറുസസ്യം. ഒരടിയോളം ഉയരം വരും. ഇലകളുടെ മധ്യത്തിലാണ് പൂ വിരിഞ്ഞു നില്‍ക്കുന്നത്. ഒരു കിണ്ണത്തിന്റെ വലുപ്പം. തെളിഞ്ഞ വെണ്മയില് കണ്മുന്നില് നിറഞ്ഞുനില്‍പ്പാണ്. പത്തുമുപ്പത് ശുഭ്രദളങ്ങള്. ഏതാണ്ട് അത്രയോളം വിദളങ്ങള്‍. നടുവില്‍ ഇളംമഞ്ഞ നിറത്തിലുള്ള കേസരങ്ങള്‍. ആകാശോന്മുഖിയായി പുഞ്ചിരിച്ചു നില്ക്കയാണ്.
പൂവിന് ഇപ്പുറത്തുനിന്ന് നോക്കുമ്പോള്‍ മീതെ മാനത്ത് പ്രഭ ചൊരിയുന്ന പൂര്ണചന്ദ്രന്. നിലാവിന്റെ ഇളംനീല കമ്പളം പുതച്ചുനില്‍ക്കുന്ന പ്രകൃതി. അപ്പുറത്ത് താഴ്വരകളിലെ ദീപജാലങ്ങള്. വിണ്ണില്‍ പരന്നുനിറഞ്ഞ ചന്ദ്രികയെപ്പേടിച്ച് താഴെ മലഞ്ചരിവുകളില്‍ വന്നൊളിച്ച നക്ഷത്രകണങ്ങള് പോലെ. ദൂരെ ചക്രവാളസീമയില്‍ പൗര്ണമിയില്ത്തിളങ്ങിനില്ക്കുന്ന കാഞ്ചന്‍ജംഗയുടെ ധവളിമ. ആകാശോദ്യാനത്തില്‍ വിടര്‍ന്ന ഭീമാകാരമായ ബ്രഹ്മകമലം. ബ്രഹ്മദേവന്റെ പത്മാസനം. സര്‍ഗകാമനയുടെ പരമപീഠം. പ്രപഞ്ചവിസ്മയത്തിന്റെ മഹാസാന്നിധ്യം. അരികിലുള്ള പൂവിതളുകളില്‍ പതുക്കെ തലോടി. വിദൂരതയില്‍ വിശ്വപ്രകൃതിയുടെ പൂജാപുഷ്പമായി വിരിഞ്ഞുനില്ക്കുന്ന കാഞ്ചന്‍ജംഗയുടെ ഹിമദളങ്ങളിലാണോ കൈവിരലുകള്‍ സ്പര്‍ശിച്ചത്!
(അടുത്തത്: മലമുകളിലെ പ്രാര്‍ഥനാചക്രങ്ങള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: