‘അങ്കവും കാണാം താളിയും ഒടിക്കാം’ എന്നൊരു പഴഞ്ചൊല്ലുണ്ട്. ‘ഒരു വെടിക്ക് രണ്ട് പക്ഷി’ എന്ന നാടന്‍ പ്രയോഗവും ഇതേ അര്‍ത്ഥമാണ് കാണിക്കുന്നത്. ഈ പ്രയോഗങ്ങള്‍ക്ക് ഒരു പുതിയ ചൊല്ല് കൂടി ഉണ്ടാക്കാനാവും. ‘കിഴങ്ങും കഴിക്കാം, കറന്റും വരുത്താം’ സംഗതി വളരെ ലളിതം. പുഴുങ്ങിയ കിഴങ്ങില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. അത് കഴിഞ്ഞാല്‍ കിഴങ്ങെടുത്ത് കറിവയ്‌ക്കുകയും ചെയ്യാം.
വൈദ്യുതി എത്തപ്പെടാന്‍ തീരെ ബുദ്ധിമുട്ടുള്ള ദുര്‍ഘട സ്ഥലങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് അത്യാവശ്യം വൈദ്യുതി നല്‍കാന്‍ ഈ പുതിയ കണ്ടുപിടുത്തം അവസരമൊരുക്കുമെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
ഉരുളക്കിഴങ്ങില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാനാവും എന്ന അറിവിന് പുതുമയില്ല. കാരണം കിഴങ്ങ് പ്രകൃതിദത്തമായ ഒരു ഇലക്‌ട്രോലൈറ്റ്(വൈദ്യുത വിശ്ലേഷണത്തിനാവശ്യമായ ദ്രാവക മാധ്യമം)ആണെന്ന് ശാസ്ത്രജ്ഞര്‍ക്കറിയാം. പക്ഷേ ജറുസലേമിലുള്ള ഹീബ്രു സര്‍വകലാശാലയിലെ ഗവേഷകര്‍ ആ കിഴങ്ങ് വൈദ്യുതി പത്തിരിട്ടി വര്‍ധിപ്പിക്കാനുള്ള സൂത്രമാണ് കണ്ടെത്തിയത്. ഒന്നും ചെയ്യേണ്ട കിഴങ്ങ് പുഴുങ്ങിയാല്‍ മതി.
കിഴങ്ങിനുള്ളിലെ കോശഭിത്തികള്‍, പുഴുങ്ങുന്ന അവസരത്തില്‍ പൊട്ടിത്തകരുന്നതാണ് വൈദ്യുതി ഉല്‍പ്പാദനം കുത്തനെ കൂട്ടാന്‍ സഹായിക്കുന്നത്. ഇത്തരത്തിലുള്ള ഓരോ കിഴങ്ങ് സെല്ലുകളും 20 മണിക്കൂര്‍ വരെ ചെറുവെളിച്ചം പകരുമത്രേ. മണിക്കൂറില്‍ കിലോവാട്ട് ഒന്നിന് 50 ഡോളര്‍ വരെ ബാറ്ററി കറന്റിന് ചെലവ് വരുമ്പോള്‍ കിഴങ്ങ് വൈദ്യുതിക്ക് ഒന്‍പത് ഡോളര്‍ മാത്രം മതിയാവുമെന്നാണ് ‘ജേര്‍ണല്‍ ഓഫ് റിന്യൂവബിള്‍ ആന്‍ഡ് സസ്റ്റയിനബിള്‍ എനര്‍ജി’യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ അവകാശവാദം. കിഴങ്ങ് എന്ന ഇലക്‌ട്രോലൈറ്റും രണ്ട് ഇലക്‌ട്രോഡുകളും ചേര്‍ന്നതാണ് ഒരു സെല്‍. അത്തരം നിരവധി സെല്ലുകള്‍ ചേരുമ്പോള്‍ കരുത്തുറ്റ ബാറ്ററിയാവുന്നു. ഈ വിദ്യ ഉപയോഗത്തിന് റെഡിയാണെന്ന് ഗവേഷകരില്‍ പ്രമുഖനായ ഹമിം റബിനോവിച്ച് പറയുന്നു.
ഏത്തപ്പഴവും സ്‌ട്രോബറിയുമൊക്കെ ഇലക്‌ട്രോ ലൈറ്റുകളാക്കി മാറ്റി വൈദ്യുതി കൊയ്യാമെന്നും റബിനോവിച്ചും കൂട്ടരും പറയുന്നുണ്ട്. പക്ഷേ അവയുടെ മൃദുലമായ കോശകലകള്‍ ബാറ്ററിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. മാത്രമല്ല അവയിലെ പഞ്ചസാരയുടെ അംശം കീടങ്ങളെ ആകര്‍ഷിക്കുകയും ചെയ്യും. അതുകൊണ്ടാണത്രേ ഉരുളക്കിഴങ്ങില്‍ അവര്‍ ശ്രദ്ധയൂന്നിയത്. ഉരുളക്കിഴങ്ങിന്റെ സാര്‍വദേശീയമായ ലഭ്യതയും ഗവേഷകര്‍ പരിഗണിച്ചു. ലോകത്തിലെ ഏറ്റവും ലഭ്യതയുള്ള നാലാമത്തെ ഭക്ഷ്യവിഭവമാണ് ഉരുളക്കിഴങ്ങ്.
പക്ഷേ കിഴങ്ങ് വൈദ്യുതിയില്‍നിന്നും അത്ര വലിയ അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. അവ അത്യാവശ്യം വെളിച്ചം നല്‍കാനും, തീരെ കുറവ് വൈദ്യുതി മാത്രം ആവശ്യമായ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കാനും, മൊബൈലുകള്‍ ചാര്‍ജു ചെയ്യാനും ചെറിയതരം, മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുമൊക്കെ ധാരാളം മതി എന്നുമാത്രം. എങ്കിലും ലോകത്തിലെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്കും കമ്പികളിലൂടെയെത്തുന്ന കറന്റ് ഇന്നും അപ്രാപ്യമാണെന്നിരിക്കെ ഗ്രാമീണ-വനമേഖലയില്‍ കിഴങ്ങു വൈദ്യുതി വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നതിന് തര്‍ക്കമില്ല. എങ്കിലും ഭക്ഷ്യവിഭവങ്ങളുടെ ലഭ്യത ഊര്‍ജ ഉല്‍പ്പാദനത്തിലേക്ക് തിരിച്ചുവിടുന്നതിലെ ധാര്‍മ്മികത തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
ഹീബ്രു സര്‍വകലാശാല പുറത്തുവിട്ട ഈ കിഴങ്ങു വിദ്യ മനുഷ്യവര്‍ഗത്തിന് ആവേശം പകരുന്നതാണെങ്കിലും കൊളമ്പിയയിലെ കാര്‍ത്തജീന സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ട ഒരു പഠനം മനുഷ്യരാശിക്കാകെ അസ്വസ്ഥത പകരുന്നതാണ്.
ബ്രസീലിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള ലാറ്റിന്‍ അമേരിക്കന്‍ സമൂഹങ്ങളില്‍ കറുത്തീയം, രസം (മെര്‍ക്കുറി)എന്നീ വിഷയങ്ങളുടെ അംശം വ്യാപകമാണെന്ന് ഗവേഷകര്‍ പറയുന്നു. 2016 നും 2021 നും ഇടക്ക് നടത്തിയ പഠനത്തില്‍ നിന്നും ലഭിച്ച ‘ഡാറ്റ’വിശകലനം ചെയ്ത് ‘കറന്റ് ഒപ്പിനിയന്‍ ഇന്‍ ടോക്‌സിക്കോളജി’യില്‍ പ്രസിദ്ധീകരിച്ച പ്രബന്ധമാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുകൊണ്ടുവന്നത്.
ആമസോണ്‍ മേഖലയിലെ മെര്‍ക്കുറി മലിനീകരണത്തിന് കാരണമാവുന്നത് ചെറുകിട സ്വര്‍ണ ഖനനവും അതിന്റെ ശുദ്ധീകരണവുമാണെന്ന് പഠനം വ്യക്തമാക്കുന്നു. മെര്‍ക്കുറി അഥവാ രസം മത്സ്യങ്ങളിലൂടെ ഗ്രാമീണ സമൂഹങ്ങളുടെ ഉള്ളിലെത്തുന്നു. കറുത്തീയ വിഷം വരുന്നതാവട്ടെ, ഇലക്‌ട്രോണിക് മാലിന്യങ്ങളില്‍ നിന്നും ബാറ്ററികളുടെ പുനഃചംക്രമണത്തില്‍നിന്നും. തിളങ്ങുന്ന തറയോടുകളുടെ നി
ര്‍മാണമാണ് കറുത്തീയത്തെ അന്തരീക്ഷത്തിലേക്ക് കടത്തിവിടുന്നത്.
കാക്വറ്റ, കോത്തു, അപാപോരീസ് തുടങ്ങിയ നദികളോട് ചേര്‍ന്നുള്ള കൊളമ്പിയന്‍ ആമസോണ്‍ ഗ്രാമങ്ങളിലെ ജനങ്ങളുടെ തലമുടിയിഴകളില്‍ ഗ്രാമൊന്നിന് 23 മൈക്രോഗ്രാം വീതം മെര്‍ക്കുറിയാണ് കണ്ടെത്തിയത്. യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ മാനകങ്ങള്‍ അനുസരിച്ച് ഗ്രാമൊന്നിന് 10 മൈക്രോഗ്രാമില്‍ അധികരിക്കാന്‍ പാടില്ല. അതില്‍ കൂടിയാല്‍ അപകടം. യുറോറിക്കോറ നദിയോട് ചേര്‍ന്നു കിടക്കുന്ന ബ്രസീലിയന്‍ യാനോമാമി സമൂഹത്തിലുള്ളവരുടെ ശരീരത്തിലാവട്ടെ ഗ്രാമൊന്നിന് 15.5 മൈക്രോ ഗ്രാം എന്ന കണക്കിലാണ് മെര്‍ക്കുറി കണ്ടെത്തിയതെന്നും പഠനം വ്യക്തമാക്കുന്നു. മെക്‌സിക്കോയിലെ 17.5 ശതമാനം കുട്ടികളിലും കറുത്തീയ വിഷബാധ ഇടംപിടിച്ചിട്ടുണ്ടെന്നാണ് മെക്‌സിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിലെ പരിസ്ഥിതി പകര്‍ച്ച രോഗ വിദഗ്‌ദ്ധന്‍ മാര ടെല്ലിസ് റോജ പറയുന്നത്.
മെര്‍ക്കുറി-കറുത്തീയ വിഷം ഇക്കണക്കിന് വ്യാപിച്ചാല്‍ ഇത് മനുഷ്യരുടെ മാത്രമല്ല, ആമസോണ്‍ മേഖലയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാവുമെന്ന് കാര്‍ത്തജീന സര്‍വകലാശാലയിലെ ഒളിവേരോ വെര്‍ബെല്‍ മുന്നറിയിപ്പ് നല്‍കുന്നു. സത്യമാണ്. പക്ഷേ ഈ അപകടം ആമസോണ്‍ മേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ല എന്ന് നാം മനസ്സിലാക്കുക. ഓരോ ജൈവ മണ്ഡലത്തിലും സംഭവിക്കുന്ന താളപ്പിഴകള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക