‘ബാലഗോകുലം രാധാകൃഷ്ണന്’ എന്ന പേരില്‍ ഞാന്‍ അറിഞ്ഞിരുന്ന ‘സ്നേഹ സ്വരൂപന്’ കരള്‍ സംബന്ധമായ ശസ്ത്രക്രിയയെത്തുടര്‍ന്ന് ഈ ലോകത്തെ ജീവിതം അവസാനിപ്പിച്ചുവെന്ന വിവരം അറിഞ്ഞപ്പോള്‍ പരിഹരിക്കാനാത്ത നഷ്ടബോധമുണ്ടായി. ഞങ്ങള്‍ക്കിടയിലെ അടുപ്പം യാദൃച്ഛികമായി വരുന്നതായിരുന്നു. ബാലഗോകുലത്തിന്റെ പരിപാടികളില്‍ ജന്മഭൂമിയുടെ തുടക്കകാലത്ത് ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു. എനിക്കതില്‍ ചുമതല ഒട്ടുമില്ലായിരുന്നെങ്കിലും, കാലടിയിലെ ശങ്കര വിജയസ്തംഭം, പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ക്കാവ്, പെരുമ്പാവൂര്‍ ഗേള്‍സ് ഹൈസ്കൂള്‍ ഇവിടെയൊക്കെ നടന്ന ഗംഭീരമായ ജില്ലാകലോത്സവങ്ങളില്‍ പങ്കെടുത്തതിനു പിന്നില്‍ രാധാകൃഷ്ണന്റെ പരോക്ഷമായ പ്രേരണയുണ്ടായിരുന്നു. അവിടത്തെ കലാമത്സരങ്ങളിലും, പൊതുവേയുള്ള പ്രവര്‍ത്തനങ്ങളുടെ മികവിനും ജന്മഭൂമിയുടെ വകയായി പുരസ്കാരം നല്‍കണമെന്ന എം.എ സാറിന്റെ അഭിമതം സ്വീകരിച്ചുകൊണ്ടു അതു തെരഞ്ഞെടുത്തു വാങ്ങാനും മറ്റും സഹായിച്ച ആളായിരുന്നു രാധാകൃഷ്ണന്. ബ്രോഡ്വേയിലും ഷണ്മുഖം റോഡിലുള്ള കരകൗശല വസ്തുശാലകളില്നിന്ന് അതു തെരഞ്ഞെടുക്കാന്‍ അദ്ദേഹം സഹായിച്ചിരുന്നു.
പ്രാന്തകാര്യാലയത്തില്‍ എം.എ സാര്‍ അപ്പോള്‍ സ്ഥിരമായി എത്തിയിരുന്നില്ല. ജന്മഭൂമി നോര്‍ത്തിലെ പഴയ കെട്ടിടത്തിലായിരുന്നു. ഇന്നത്തെ ചിട്ടവട്ടങ്ങള്‍ അതിനു വന്നിരുന്നില്ല.
അങ്ങനെ കഴിയുന്നതിനിടെയാണ് ഭാരതീയ സാംസ്കാരിക പഠനത്തിന് പ്രോത്സാഹനം നല്കുവാന് അമൃതഭാരതി വിദ്യാപീഠം എന്ന ആശയം എം.എ സാറിന്റെ മനസ്സില്‍ രൂപംകൊണ്ടുവന്നത്. സംസ്കൃതാധിഷ്ഠിതമായ സാംസ്കാരിക ബോധം ശൈശവത്തില്‍ത്തന്നെ കുട്ടികള്‍ക്കു നല്കുവാനുള്ളഅദ്ദേഹത്തിന്റെ അഭിനിവേശമാണ് അതിന് രൂപംനല്കിയത്. ബാലഗോകുലം പ്രവര്‍ത്തകരില്‍ അതിന്റെ ആശയം നട്ടുവളര്‍ത്തി വേരുപിടിപ്പിച്ചെടുക്കാന്‍ എം.എ സാറിനു കഴിഞ്ഞു. മാധവ്ജിയും പരമേശ്വര്‍ജിയും തൃപ്പൂണിത്തുറ സംസ്കൃത കോളജ് പ്രിന്‍സിപ്പലായിരുന്ന, എം.എ സാറിന്റെ പഴയ സതീര്ത്ഥ്യന് പ്രൊഫ. ഗോപാലകൃഷ്ണയ്യരും, ഡോ.എന്‍.ഐ. നാരായണന്, തുറവൂര്‍ വിശ്വംഭരന് തുടങ്ങിയ പണ്ഡിത ശ്രേഷ്ഠന്മാരും അതിന്റെ വികാസത്തിനും വളര്‍ച്ചയ്ക്കും സംഭാവനകള്‍ നല്കി. പാഠ്യപദ്ധതി ഏറ്റവും ശ്രേഷ്ഠവും ഉത്തമവും അര്ത്ഥവത്തുമെന്നതിനാല് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. തുടക്കം മുതല്‍ അതിന്റെ ജനറല്‍ സെക്രട്ടറിയെന്ന നിലയ്ക്കും രാധാകൃഷ്ണന് ചെയ്ത സേവനങ്ങള്‍ അതുല്യം, മഹനീയം എന്നേ വിശേഷിപ്പിക്കാനാവൂ.
വളരെ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുമ്പോള്‍ അതിന്റെ ഓരോ മര്‍മത്തിലും ദൃഷ്ടിയെത്തുകയും ഒരു പ്രശ്നവും മുടക്കവും സൃഷ്ടിക്കാതെ അതു വിജയിപ്പിക്കുകയും ചെയ്യാനുള്ള സംഘടനാ മനോഭാവമുണ്ടായിരുന്നു അദ്ദേഹത്തിന്. താനാണിതൊക്കെ ചെയ്യുന്നതെന്ന ഭാവം ഒരിക്കലും അദ്ദേഹത്തില്‍ കണ്ടിട്ടില്ല.
ജന്മഭൂമിയില് പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഉണ്ടായ ഒരനുഭവം അവിസ്മരണീയമായിരുന്നു. പത്രപ്രവര്‍ത്തകര്‍ക്ക് പെന്ഷന് നല്‍കാനായി മുഖ്യമന്ത്രി കരുണാകരന് പദ്ധതി ആസൂത്രണം ചെയ്ത കാലമാണ്. 60 വയസ്സു തികയുമ്പോള്‍ ജോലിയില്‍നിന്ന് വിരമിക്കുകയും, അതുമുതല്‍ ഒരു നിശ്ചിത തുക പെന്ഷന് ലഭിക്കുകയും ആയിരുന്നു പദ്ധതി. ജോലി ചെയ്യുന്ന കാലത്ത് ഒരു നിശ്ചിത തുക പെന്ഷന് നിധിയില്‍ ഖജനാവില്‍ അടയ്ക്കണം. പദ്ധതി നിലവില്‍ വന്ന് 10 വര്‍ഷമെങ്കിലും വിഹിതമടയ്ക്കുന്നവര്ക്കു മുഴുവന്‍ പെന്ഷനുമധികാരമുണ്ടാവും. എന്റെ വിഹിതം അടയ്ക്കേണ്ടത് എറണാകുളം ജില്ലാ ട്രഷറിയിലായിരുന്നു. അവിടെ ചെന്നപ്പോള്‍ വലിയ തിരക്ക്. അതിനടുത്തു മരാമത്തു വകുപ്പിലായിരുന്ന രാധാകൃഷ്ണന് യദൃശ്ചയാ എന്നെ കാണുകയും, ട്രഷറിയിലെ ഒരു ഉദ്യോഗസ്ഥനുമായി പരിചയപ്പെടുത്തി(അദ്ദേഹം സ്വയംസേവകനായിരുന്നു)നടപടികള്‍ മുഴുമിച്ചു തന്നു. അടുത്തമാസത്തില്‍ തുകയടയ്ക്കാന്‍ അവിടെ ചെന്നപ്പോള്‍ രാധാകൃഷ്ണന് എന്റെ പാസ്ബുക്ക് വാങ്ങിവെച്ച് ഇനി താന്‍തന്നെ കൃത്യമായി തുകയടയ്ക്കും. അതു സൗകര്യംപോലെ വീട്ടിയാല്‍ മതി എന്നു പറഞ്ഞു. അങ്ങനെ ഞാന്‍ ജന്മഭൂമിയില്‍നിന്നു വിരമിക്കുന്നതുവരെ തുടര്‍ന്നു.
രസകരമായ സംഗതി മറ്റു പത്രപ്രവര്‍ത്തകരുടെ തുക എറണാകുളം പ്രസ് ക്ലബ് ഒരുമിച്ചടയ്ക്കുകയായിരുന്നുവെന്നതാണ്. പ്രസ്ക്ലബില്‍ അംഗത്വത്തിനുവേണ്ടി ഞാന്‍ ശ്രമിച്ചിരുന്നു. എന്റെ അപേക്ഷ സ്വീകരിക്കാന്‍പോലും അന്നു (1980) പ്രസിഡണ്ടായിരുന്ന കെ.എം. റോയ് തയ്യാറായില്ല. എനിക്ക് മാനേജ്മെന്റ് താല്പര്യങ്ങള് സംരക്ഷിക്കാനാണ് പ്രവണത എന്നായിരുന്നു റോയി പറഞ്ഞത്. പ്രശസ്ത, മുതിര്‍ന്ന പത്രപ്രവര്ത്തകന് കേസരി വാരിക നല്കിയ ആദ്യത്തെ എം. രാഘവന് പുരസ്കാരം നല്കപ്പെട്ടത് റോയിക്കായിരുന്നു എന്നുകൂടി ഈയവസരത്തില്‍ ഓര്‍ക്കാവുന്നതാണ്.
സ്വാതന്ത്ര്യത്തിന്റെ അര്ദ്ധശതാബ്ദിയോടനുബന്ധിച്ച് ‘കുരുക്ഷേത്ര പ്രകാശ’ന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നടത്തിപ്പിലും സംഘാടനത്തിലും രാധാകൃഷ്ണന്റെ പങ്ക് അവിസ്മരണീയമായിരുന്നു. എപ്പോള്‍ പുസ്തകോത്സവത്തില്‍ പോയാലും അദ്ദേഹം അവിടെയുണ്ടാകുമായിരുന്നു. കേരളത്തിലെ എല്ലാ രംഗങ്ങളിലുമുള്ള അതിപ്രഗല്ഭര്, ജസ്റ്റിസ് കൃഷ്ണയ്യരെപ്പോലുള്ള ന്യായാധിപന്മാരും വിദ്യാഭ്യാസ വിചക്ഷണന്മാരും, അക്ഷരലോകത്തിലെ മുന്നണിപ്രവര്‍ത്തകരും ആ സംരംഭത്തില്‍ പങ്കാളികളായി അതിനെ പുഷ്കലമാക്കിവന്നു. പുസ്തകോത്സവത്തോടനുബന്ധിച്ച് നിത്യേന നടത്തിവന്ന, വിദ്യാര്‍ഥികള്‍ക്കും കലോപാസകര്‍ക്കും ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്കും മറ്റുമായുള്ള പരിപാടികളും ദേശീയ പ്രശസ്തി നേടി. മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് ഈയുള്ളവനും ഒരിക്കല്‍ പുസ്തകോത്സവത്തില്‍ പുരസ്കൃതനായിരുന്നു. അവിടെത്തെ ഏര്‍പ്പാടുകളില്‍ ആമഗ്നനായിട്ടാണ് രാധാകൃഷ്ണനെ അവിടെ കണ്ടത്. തുറവൂര്‍ വിശ്വംഭരന് മാസ്റ്ററും ഡോ. കെ.എസ്. രാധാകൃഷ്ണന് മാസ്റ്ററും അതുപോലെതന്നെ.അന്നു മൂവാറ്റുപുഴ സംഘജില്ലയില്പ്പെട്ടിരുന്ന വെള്ളൂരില്‍ സംഘത്തിന്റെ ഒരു സമ്പര്‍ക്കയജ്ഞത്തിന് ഞാന്‍ നിയുക്തനായിരുന്നു. മുമ്പ് പ്രചാരകനും അടിയന്തരാവസ്ഥക്കാലത്തു ഭീകരമായ മര്‍ദ്ദനത്തിനു വിധേയനുമായിരുന്ന സി.എന്‍. കരുണാകരന്റെ വീട്ടിലായിരുന്നു എനിക്കു താമസിക്കാന്‍ ഏര്‍പ്പാടു ചെയ്യപ്പെട്ടിരുന്നത്. അതിനടുത്തുതന്നെയായിരുന്നു അന്ന് രാധാകൃഷ്ണനും കുടുംബവും പാര്‍ത്തിരുന്നത്. എന്നെ അങ്ങോട്ടു കൊണ്ടുപോകാന്‍ അതിരാവിലെതന്നെ അദ്ദേഹം എത്തി. വീട്ടില്‍ ചെന്ന് അമ്മയേയും അദ്ദേഹത്തിന്റെ സഹധര്‍മിണിയേയും മകളെയും പരിചയപ്പെടാന്‍ അവസരം ലഭിച്ചു. അദ്ദേഹത്തിന് ജോലിക്കു എത്താന്‍ പിറവം റോഡ് സ്റ്റേഷനില്‍നിന്ന് തീവണ്ടി പിടിക്കേണ്ടിയിരുന്നു. അങ്ങനെ ഓട്ടപ്രദക്ഷിണമായി ആ ഗൃഹസന്ദര്‍ശനം.
സംഘപ്രവര്‍ത്തനത്തെ ദൈവീകകാര്യമായി എടുത്ത് അതിനെ കൈയും മെയ്യും മറന്ന് പ്രവര്‍ത്തിച്ച് ആത്മസംതൃപ്തി നേടിയ ഒരു നിഷ്കാമകര്മിയെയാണ് നമുക്ക് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: