കൊല്ലം: പൊതുജനങ്ങളുടെ പരാതി നേരിട്ട് കേള്‍ക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കൊല്ലം നഗരത്തില്‍. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയ അദ്ദേഹം അടിയന്തര പ്രാധാന്യമുള്ള പരാതികള്‍ക്ക് വേഗം പരിഹാരം കാണാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
കേരളത്തിലെ വിവിധ ജില്ലകളില്‍ പോലീസ് സംഘടിപ്പിച്ച പരാതി അദാലത്തിന്റെ ഭാഗമായിട്ടായിരുന്നു പോലീസ് മേധാവിയുടെ സന്ദര്‍ശനം. ദക്ഷിണ മേഖല ഐജി ഹര്‍ഷിതാ അത്തല്ലൂരി, തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സഞ്ജയ്കുമാര്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു. സംസ്ഥാന പോലീസ് മേധാവിയായതിന് ശേഷം ജില്ലയിലെ അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണ്. സംസ്ഥാന പോലീസ് മേധാവിക്ക് നല്കിയ പരാതികളാണ് പരാതി പരിഹാര അദലാത്തിന് വേണ്ടി പരിഗണിച്ചത്. കൊല്ലം സിറ്റി പരിധിയില്‍ ജനങ്ങളില്‍ നിന്നും ലഭിച്ച 46 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
നേരിട്ടെത്തിയ പതിനഞ്ച് പരാതിക്കാരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി അടിയന്തര പ്രാധാന്യമുളള പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഐഎസ്എച്ച്ഓമാര്‍ക്ക് നിര്‍ദേശം നല്കി. പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുളള സംവിധാനം ഒരുക്കാമെന്ന് അദ്ദേഹം പരാതിക്കാര്‍ക്ക് ഉറപ്പ് നല്കി. പരാതിക്കാരില്‍ അധികവും സ്ത്രീകളായിരുന്നു. അടിയന്തര പ്രാധാന്യം പരിഗണിച്ച് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിറ്റിയിലെ പോലീസുദ്യോഗസ്ഥരുടെയും മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ പരാതികളും അദ്ദേഹം പരിഗണിച്ചു. ജില്ലാ പോലീസ് മേധാവി ടി.നാരായണന്, അഡീ. ഡെപ്യൂട്ടി കമ്മീഷണര്‍ ജോസി ചെറിയാന്, അസി. കമ്മീഷണര്‍മാരായ സോണി ഉമ്മന്‍ കോശി, എം.എസ്. സന്തോഷ്, എസ്. നാസറുദ്ദീന്‍, എ.പ്രദീപ് കുമാര്‍, എസ്എച്ഒ മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: