തൃശൂര്‍: പോക്സോ കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെതിരെ പരാതി നല്‍കിയ ഇരയുടെ കുടുംബത്തിന് സിപിഎമ്മിന്റെ ഊരുവിലക്ക്. കാട്ടൂരിലെ പട്ടികജാതി കുടുംബത്തിനെതിരെയാണ് സിപിഎം ഊരുവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനെതിരെ പരാതി നല്‍കിയതോടെ നാട്ടില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
മകളെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ സായൂജ് കാട്ടൂരിനെതിരെയാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. ഒന്‍പത് വയസുകാരിയായ മകളോട് സായൂജ് മോശമായി പെരുമാറി എന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സംഭവം. കഴിഞ്ഞ മാസം വിവരമറിഞ്ഞ കുടുംബം പോലീസില്‍ പരാതി നല്‍കിയതോടെ സായൂജ് അറസ്റ്റിലായി. മജിസ്ട്രേട്ടിന്റെ മുമ്പിലും ഇര മൊഴി ആവര്‍ത്തിച്ചിരുന്നു. പോലീസ് മൂന്ന് മണിക്കൂറെടുത്താണ് മൊഴി രേഖപ്പെടുത്തിയത്. അറസ്റ്റിലായ പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ പരാതിക്കാരന്റെ കുടുംബത്തിനെതിരെ ഒപ്പുശേഖരണം നടത്തിയതായും പറയുന്നു. ഒറ്റപ്പെടുത്തുന്നതിന് പുറമേ തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു.
സായൂജിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് സിപിഎം നടത്തുന്ന പ്രചാരണം. പരാതിക്കാരന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സിപിഎമ്മിന്റെ നിലപാട്. സായൂജ് മോശക്കാരനല്ലെന്ന തരത്തിലാണ് സിപിഎം പ്രചരണം നടത്തുന്നത്. കള്ള പരാതി നല്‍കി സായൂജിനെ കുടുക്കിയെന്നാണ് സിപിഎം പറയുന്നത്. പരാതിക്കാരന്റെ കുടുംബത്തിന് ഊരുവിലക്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം.
മകളോട് ചെയ്ത ക്രൂരതക്ക് പിന്നാലെയാണ് പാര്‍ട്ടിക്കാരുടെ മാനസിക പീഡനമെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ ശത്രുവായി കാണുന്നതിന്റെ വിഷമത്തിലാണ് ഈ സിപിഎം പ്രവര്‍ത്തകന്‍. സായൂജിനെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്ന് ആരോപിച്ച് നാട്ടുകാരുടെ പേരില്‍ ഒപ്പ് ശേഖരണം നടന്നതായി കുടുംബം പറയുന്നു. ഇവരുടെ തൊട്ടടുത്ത വീട്ടിലാണ് പ്രതിയുടെ താമസം. മകളെ പീഡിപ്പിച്ച സംഭവം തന്നെ മനസിനെ വിഷമിപ്പിച്ചിരുന്നു. പാര്‍ട്ടിക്കാരുടെ മാനസിക പീഡനം ഇനിയും തുടര്‍ന്നാല്‍ നാട് വിട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: