തിരുവനന്തപുരം : ഇതര വരുമാനത്തിനായി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് കെട്ടിടത്തില്‍ മദ്യ വില്‍പ്പനയ്ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബസ് സര്‍വീസ് ഇതര വരുമാനത്തിനായി കെഎസ്ആര്‍ടിസി തന്നെയാണ് ഈ ആശയം മുന്നോട്ട് വെച്ചത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞുകിടക്കുന്ന മുറികളില്‍ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ അനുവദിക്കാമെന്ന് ഗതാഗത മന്ത്രി ആ്ന്റണി രാജുവും അറിയിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ ഔട്ലെറ്റുകള് ആരംഭിക്കുന്നതില്‍ യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. ബീവറേജസ് ഔട്ലെറ്റുകള് ഉള്ളത് മൂലം സ്ത്രീയാത്രക്കാര്‍ക്ക് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കും. എന്നാല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ച് ജോലിക്ക് കയറില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സ്റ്റാന്‍ഡില്‍ മദ്യശാലയുള്ളത് കൊണ്ട് മാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി മറുപടി നല്കി.
സ്റ്റാന്‍ഡുകളില്‍ ഔട്ട്ലെറ്റുകള് തുറക്കാന്‍ കെഎസ്ആര്‍ടിസി തന്നെയാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ഔട്ട്ലെറ്റുകള് തുറക്കാനുള്ള പരിശോധന ആരംഭിച്ചു. ലേലനടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാവില്ല. ടിക്കറ്റ് ഇതര വരുമാനത്തിനായി എല്ലാവഴികളും കെഎസ്ആര്‍ടിസി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നില്‍ വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്. തുടര്‍ന്ന് മദ്യംവാങ്ങാന്‍ എത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കണമെന്നും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശ്ശനമായും പാലിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി പുതിയ ആശയം പങ്കുവെച്ചത്.
കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ മദ്യവില്‍പ്പന ശാലകളാക്കുന്നതിലൂടെ പ്രതിമാസ വാടകയ്ക്കൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍. ഇത് കെഎസ്ആര്‍ടിസിയുടെ വരുമാനവും കൂട്ടും. കൂടുതല്‍ സൗകര്യമുള്ള സ്റ്റാന്റുകളില്‍ ക്യൂ ഒഴിവാക്കിക്കൊണ്ട് കാത്തിരിപ്പിന് സ്ഥലം നല്‍കാമെന്ന നിര്‍ദ്ദേശവും അധികൃതര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ക്യൂവിന് പകരം ടോക്കണ്‍ നല്‍കും. ഊഴമെത്തുമ്പോള്‍ തിരക്കില്ലാതെ മദ്യം വാങ്ങാനുള്ള അവസരവുമൊരുക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: