മീനാക്ഷി
‘സത്യന് എന്റെ മാനസഗുരുവാണ്. ദ്രോണാചാര്യരെ മാനസ ഗുരുവായി സങ്കല്പിച്ച ഏകലവ്യനെ പോലെ സത്യനെ ഞാനും മാനസ ഗുരുവായി സ്വീകരിച്ചിരുന്നു. സത്യനറിയാതെ. അദ്ദേഹത്തിന്റെ പാദങ്ങളില്‍ നമസ്കരിച്ച് അഭിനയം തുടങ്ങുമ്പോള്‍ ഞാന്‍ ഒരിക്കലും അറിഞ്ഞില്ല ഇന്നത്തെ ഈ നിലയിലൊക്കെ എത്തുമെന്ന്. അത് അനുഗ്രഹമാണ്. സത്യന് എന്ന ഗുരുവിന്റെ.
സത്യനെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ മിണ്ടിയിട്ടില്ല. ആ കഥ ഞാന്‍ പറയാം.’
വര്‍ഷങ്ങളായി മലയാളികളുടെ മനസ്സില്‍ വിളങ്ങുന്ന മഹാനടന് മമ്മൂട്ടി പറയുന്നു,
‘അന്ന് ഞാന്‍ മഹാരാജാസില്‍ പഠിക്കുന്നു. എനിക്കേറ്റവും ഇഷ്ടമുള്ള നടന്മാരില് മുന്നില്‍ സത്യനാണ്. സ്ക്രീനില്‍ സത്യന് നിറഞ്ഞാടുമ്പോള്‍ മനസ്സില്‍ ഒരു മോഹം ഉദിക്കും. തിരക്കുള്ള സിനിമാനടനാകുക. ആര്ഭാടത്തിനും ആരാധനയ്ക്കും നടുവില്‍ രാജകുമാരനെപ്പോല ജീവിക്കുക. സദാ ആ മോഹം മനസ്സില്‍ നിറഞ്ഞു നിന്നു. സിനിമ കാണുമ്പോള്‍ മാത്രമല്ല. തീയേറ്ററില്‍ പോകുമ്പോഴും ബസില്‍ യാത്ര ചെയ്യമ്പോഴും ക്ലാസില്‍ ഇരിക്കുമ്പോഴുമെല്ലാം. സിനിമയില്‍ അഭിനയിക്കാന്‍ വഴിയെന്തെന്ന് ഒരു പാട് ചിന്തിച്ചു. അതിന് ഏറ്റവും അനുയോജ്യം സേതുമാധവന് സാറിനെ സമീപിക്കുകയാണെന്ന് തോന്നി .
ഒരിക്കല്‍ സിനിമാമാസികയുടെ കോട്ടയത്തെ ഓഫീസില്‍ വച്ചാണ് അറിഞ്ഞത് ആ വര്‍ഷത്തെ സിനിമ മാസിക അവാര്‍ഡ് സേതുമാധവന് സംവിധാനം ചെയ്ത ഒരു സിനിമാക്കാണെന്ന്. അത് വാങ്ങാന്‍ അദ്ദേഹം എത്തിയിട്ടുണ്ട്. ഒപ്പം നിര്‍മ്മാതാവ് എം.ഒ. ജോസഫും ഉണ്ട്. പരിപാടി കഴിഞ്ഞശേഷം കാണാമെന്നു തീരുമാനിച്ചു. പകല്‍ മുഴുവന്‍ കറങ്ങിനടന്നശേഷം സന്ധ്യ കഴിഞ്ഞു ടിബിയിലെത്തി. രാത്രി ഒരുപാടിരുട്ടും മുന്‍പ് സേതുമാധവന് സാര്‍ മുറിയിലെത്തി. നിര്‍മാതാവ് മഞ്ഞിലാസ് എം.ഒ. ജോസഫ് കൂടെയുണ്ട്. അവിടെ ആ ടി ബിയില്‍ വച്ചാണ് ആദ്യമായി മഹാനടനായ സത്യനെ കാണുന്നത്. വെള്ള പാന്റ്സും സ്ലാക്സ് ഷര്‍ട്ടുമായിരുന്നു സത്യന്റെ വേഷം. ഒപ്പം അടൂര്‍ ഭാസിയും ഉണ്ടായിരുന്നു. ഇരുവരും തമാശ പറഞ്ഞും ചിരിച്ചും രസിച്ചും ടിബിയിലേക്കു കയറിവരികയായിരുന്നു. അതുനോക്കി ഞാന്‍ വരാന്തയില്‍ നിന്നു.
ആ സമയത്തു ഒരുപാട് പേര് സേതുമാധവനെ കാണാന്‍ അവിടെ വന്നിട്ടുണ്ടായിരുന്നു. അതിലൊരാളുടെ കൈവശം വാഴ്വേമായത്തിലെ സത്യനെപ്പോലെ താടിവളര്‍ത്തിയ ഫോട്ടോയും ഒക്കെയുണ്ടായിരുന്നു. അയാള്‍ ഫോട്ടോ മമ്മൂട്ടിയെ കാണിച്ചു. അപ്പോള്‍ എനിക്കു നിരാശയായി. കാരണം അയാള്‍ സുന്ദരനും കണ്ടാല്‍ സത്യനെപ്പോലെ തോന്നിക്കുന്നയാളും ആയിരുന്നു. ഞാനാണേല് നീണ്ടു പെന്‍സില്‍ പോലെ ഇരിക്കുന്നു. സേതുമാധവന് എല്ലാവരെയും കണ്ടു. ഇതിനിടെ എവിടെ വച്ചാണ് ഷൂട്ടിംഗ് എന്നൊക്ക ഞാന്‍ മനസിലാക്കിയിരുന്നു.സിനിമയുടെ പേര് അനുഭവങ്ങള്‍ പാളിച്ചകള്‍. സേതുമാധവന്‍സാര്‍ എന്നോട് ചേര്‍ത്തലയിലെ ലൊക്കേഷനില്‍ ചെല്ലാനും പറഞ്ഞു.
കൃത്യമായി ഷൂട്ടിംഗ് നടക്കുന്ന ലൊക്കേഷനില്‍ ഞാനെത്തി. കളവന്‍കോട് ക്ഷേത്രത്തിനടുത്ത് ഒരു കയര്‍ ഫാക്ടറിയില്‍ ആയിരുന്നു ഷൂട്ടിംഗ്. സത്യന് ആയിരുന്നു നായകന്. ഞാന്‍ ഇടിച്ചുകയറി സേതുമാധവന് സാറിനോട് അങ്ങോട്ട് വരാന്‍ പറഞ്ഞ കാര്യം ഓര്‍മിപ്പിച്ചു. അദ്ദേഹം അപ്പോള്‍ ശരീരം പുഷ്ടിപ്പെടണമെന്നും അതിനു പഴങ്കഞ്ഞി കുടിക്കണമെന്നും ഉപദേശിച്ചു. അന്ന് സന്ധ്യ വരെ അവിടെ നിന്നെങ്കിലും അഭിനയിക്കാന്‍ അവസരം ലഭിച്ചില്ല. പിറ്റേന്ന് വീണ്ടും ഞാന്‍ ലൊക്കേഷനിലെത്തി.
ശത്രുവിനെ കൊലപ്പെടുത്തിയ ശേഷം തൂക്കുകയര്‍ ഏറ്റുവാങ്ങുന്ന കരുത്തനായ ഒരു കഥാപാത്രത്തെ ആണ് സത്യന് അതില്‍ അവതരിപ്പിക്കുന്നത്. പേര് ചെല്ലപ്പന്. ചെല്ലപ്പനെ സഹായിച്ചതിന് മുതലാളിയുടെ ഗുണ്ടകള്‍ ഫാക്ടറി കവാടത്തിലുള്ള ഒരു കട തല്ലിത്തകര്‍ക്കുന്നു. ആ വാര്‍ത്ത അറിഞ്ഞു ഓടിവരുന്ന കാവല്‍ക്കാരനൊപ്പം മറ്റു രണ്ടുപേരുമുണ്ട്. അതിലൊരാളായിട്ട് എനിക്ക് സേതുമാധവന്‍സാര്‍ ഒരു വേഷം തന്നു.
ഷോട്ട് റെഡി ആകും മുന്‍പ് ഞാന്‍ അവിടെയെല്ലാം കറങ്ങി നടന്നു. അപ്പോള്‍ വീണ്ടും സത്യനെ കണ്ടു. ഫാക്ടറിയുടെ ഒരൊഴിഞ്ഞ കോണില്‍ കിടന്നുറങ്ങുകയായിരുന്നു. സത്യന്. ഒരു നിമിഷം കൊണ്ട് എന്റെ മനസ്സില്‍ കൂടി സത്യന് അവതരിപ്പിച്ച ഒരായിരം കഥാപാത്രങ്ങള്‍ ഓടിപ്പോയി. പെട്ടെന്ന് മനസ്സില്‍ ഒരു തോന്നല്‍… ആ മഹാ നടന്റെ പാദം തൊട്ടു വണങ്ങി അനുഗ്രഹം നേടണം. മെല്ലെ അദ്ദേഹത്തിന്റെ അരികില്‍ എത്തി. ഒന്നുമറിയാതെ കൂര്‍ക്കം വലിച്ചുറങ്ങുകയാണ് സത്യന്.. ശാന്തമായി ഉറങ്ങുന്ന ആ മുഖത്തേക്ക് നോക്കിയ ശേഷം ഞാന്‍ കുനിഞ്ഞു ആ പാദങ്ങളില്‍ തൊട്ടു. ഒരു മിന്നല്‍ പ്രവാഹം സിരകളിലൂടെ കടന്നുപോയി. ഒന്നുകൂടി അവിടെ നിന്ന് സത്യനെ വണങ്ങി. പിന്നെ ചുറ്റും നോക്കി. ആരും കണ്ടില്ല. അദ്ദേഹം അതറിഞ്ഞതുമില്ല.
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ആ ചിത്രം റിലീസ് ആകാന്‍ ഇനിയും രണ്ടുമാസം കഴിയും. സിനിമയില്‍ അഭിനയിച്ച കാര്യം ഞാന്‍ എല്ലാവരോടും പറഞ്ഞു. സിനിമ റിലീസാകാന്‍ വീട്ടുകാരും കൂട്ടുകാരും കാത്തിരുന്നു.
ഇതിനിടെ എന്റെ മാനസ ഗുരുവായ സത്യന് മരിച്ചു. ബ്ലഡ് കാന്‍സര്‍. ചെന്നൈ കെജെ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ഏറ്റവും പ്രിയങ്കരനായ ഒരാള്‍ നഷ്ടപ്പെട്ട മനോവിഷമം ആണ് അന്ന് ഞാന്‍ അനുഭവിച്ചത്. ഏകലവ്യനെപ്പോലെ വൈകാരികമായ ഒരാത്മബന്ധമായിരുന്നു അത്. പിറ്റേ ദിവസത്തെ പത്രങ്ങളിലെല്ലാം സത്യന്റെ മരണ വാര്‍ത്തകളും ചിത്രങ്ങളും. ലേഖനങ്ങളും ഓര്മ്മകുറിപ്പികളും ഒന്നൊന്നായി വായിക്കുമ്പോള്‍ മനസ് വല്ലാതെ തേങ്ങി. പലപ്പോഴും കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. കണ്ണുനീര് വീണു വായനക്കു തടസമായി. സത്യന്റെ മരണദിവസം കറുത്ത ബാഡ്ജ് ധരിച്ചാണ് കോളേജില്‍ പോയത്. എറണാകുളത്തു ഷേണായീസിലാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ റിലീസ് ആയത്.’ മമ്മൂട്ടി ഓര്‍ക്കുന്നു.
സത്യന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന രീതിയില്‍ മമ്മൂട്ടിയും കൂട്ടുകാരും ചിത്രത്തിന് നല്ല പബ്ലിസിറ്റി കൊടുത്തു. തന്റെ മുഖം സ്ക്രീനില്‍ കാണുമോ എന്ന് സംശയിച്ചെങ്കിലും ഒരു നിമിഷം ആ മുഖം സ്ക്രീനില്‍ കാണിക്കാന്‍ സേതുമാധവന് ശ്രദ്ധിച്ചു. മമ്മൂട്ടി വീട്ടിലും നാട്ടിലും താരമായി. ചിത്രം എക്കാലത്തെയും സൂപ്പര്‍ ഹിറ്റുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: