രാഷ്ട്രീയ സ്വാധീനമോ സാമ്പത്തികശേഷിയോ ഇല്ലാത്ത സാധാരണക്കാര്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യം കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നു. കുറ്റവാളികള്‍ അഴിഞ്ഞാടുക തന്നെയാണ്. ഓരോ ദിവസവും അരങ്ങേറുന്ന അക്രമങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. രാഷ്ട്രീയഎതിരാളികള്‍ മാത്രമല്ല, സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്കുപോലും ഇക്കാര്യം ബോധ്യമായിരിക്കുന്നു. സിപിഐയുടെ ദേശീയ നേതാവും, പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി. രാജയുടെ ഭാര്യയുമായ ആനി രാജ മുഖ്യമന്ത്രി പിണറായി വിജയന് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരെ ഉന്നയിച്ചിരിക്കുന്ന കടുത്ത ആരോപണം ആര്‍ക്കും കണ്ടില്ലെന്നു നടിക്കാനാവില്ല. പോലീസിന്റെ അനാസ്ഥമൂലം നടക്കുന്ന അക്രമങ്ങള്‍ ദേശീയതലത്തില്‍ തന്നെ കേരളത്തിന് നാണക്കേട് വരുത്തിയിരിക്കുന്നു എന്നാണ് ആനി തുറന്നടിച്ചിരിക്കുന്നത്. സമീപകാലത്ത് സംസ്ഥാനത്തുടനീളം സ്ത്രീകള്‍ പലതരം അതിക്രമങ്ങള്‍ക്കിരയാവുന്നത് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിനെതിരായ ആനിയുടെ വിമര്‍ശനം. തിരുവനന്തപുരത്ത് പിങ്ക് പോലീസ് പിഞ്ചു ബാലികയെ നടുറോഡില്‍ വിചാരണ ചെയ്തതും, കൊല്ലത്ത് ഒരമ്മയും മകനും സദാചാരഗുണ്ടയുടെ അക്രമത്തിനിരയായതും, കണ്ണൂരില്‍ പീഡനത്തിനിരയായ യുവതിയുടെ പരാതിയില്‍ പോലീസ് യഥാസമയം നടപടിയെടുക്കാതിരുന്നതിനെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയതും ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാവില്ല.
ആശുപത്രിയില്‍ പോയി തിരികെ വരികയായിരുന്ന അമ്മയും മകനും പരവൂരില്‍ സദാചാരഗുണ്ടയുടെ ആക്രമണത്തിനിരയായ സംഭവം മാത്രം പരിശോധിച്ചാല്‍ മതി ഇടതുമുന്നണി ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയും, ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള ക്രൂരമായ അനാസ്ഥയും മനസ്സിലാക്കാന്‍. കാറിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന രോഗിയായ സ്ത്രീയെയും മകനെയും അനാശാസ്യം ആരോപിച്ച് ഒരാള്‍ ആക്രമിക്കുകയായിരുന്നു. തങ്ങള്‍ അമ്മയും മകനുമാണെന്നു പറഞ്ഞപ്പോള്‍ അതിന് തെളിവെന്താണ് എന്നത്രേ ഇയാള്‍ ചോദിച്ചത്. പരാതിയുമായി ചെന്നപ്പോള്‍ അക്രമിക്കൊപ്പം നില്ക്കുന്ന സമീപനമാണ് പോലീസില്‍ നിന്നുണ്ടായത്. ഇത്ര ഗുരുതരമായ ഒരു സംഭവമുണ്ടായിട്ടും കേസെടുക്കാതെ യുവതിയെയും മകനെയും പറഞ്ഞുവിട്ട പോലീസ് അക്രമിയുടെ വ്യാജപരാതി സ്വീകരിച്ച് അയാളെ രക്ഷിക്കാനും ശ്രമിച്ചു. പിറ്റേ ദിവസം സ്റ്റേഷനില്‍ വിളിച്ച് കാര്യം തിരക്കിയപ്പോള്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യമുണ്ടോയെന്നാണത്രേ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചോദിച്ചത്. സംഭവദിവസം തന്നെ അക്രമിയുടെ ചിത്രം കൈമാറിയിട്ടും അയാളെ പിടിക്കാന്‍ പോലീസ് തയ്യാറായില്ല. പ്രതിഷേധം ശക്തമായതോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. സ്ത്രീകളും മറ്റും സ്ഥിരമായി ആക്രമിക്കപ്പെടുന്ന പ്രദേശത്താണ് ഈ അമ്മയും മകനും ആക്രമണത്തിനിരയായതെന്നതും സ്ഥിതിവിശേഷത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു. സ്ത്രീകള്‍ ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ പോലും വീട്ടിലെത്തി പരാതി സ്വീകരിക്കണമെന്ന വ്യവസ്ഥയുണ്ടെന്ന് പറയുമ്പോഴാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ പെരുമാറ്റം നിരന്തരം ഉണ്ടാവുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനുനേരെ തന്നെയാണ് ആനി രാജ വിരല്‍ ചൂണ്ടിയിരിക്കുന്നത്. കാരണം കഴിഞ്ഞ ആറുവര്‍ഷത്തോളമായി ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പിണറായി തന്നെയാണല്ലോ. മുഖ്യമന്ത്രിയെ നേരിട്ട് വിമര്‍ശിക്കേണ്ടി വരുന്നതിന്റെ അപകടം കുറയ്ക്കാനാവും പോലീസില്‍ ആര്‍എസ്എസ് ഗാങ് ഉണ്ടെന്ന് ആനി രാജ പറഞ്ഞത്. അസംബന്ധമാണ് ഈ ആരോപണമെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്ന് കേരളാ പോലീസിനെ അടിമുടി നിയന്ത്രിക്കുന്നത് സര്‍ക്കാരോ ആഭ്യന്തര വകുപ്പോ അല്ല, സിപിഎമ്മാണ്. ഡിജിപി മുതല്‍ സിപിഒ വരെ സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങാന്‍ നിര്‍ബന്ധിതരാണ്. അക്രമികള്‍ക്ക് സിപിഎമ്മുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരായ പരാതിപോലും പോലീസ് സ്വീകരിച്ചെന്നു വരില്ല. അക്രമികളെക്കാള്‍ മോശമായി ഇരകളോട് പെരുമാറുന്ന പോലീസുകാരെ സംരക്ഷിക്കുന്നത് സിപിഎമ്മാണ്. എത്ര ഗുരുതരമായ അച്ചടക്കലംഘനം പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും പരമാവധി ശിക്ഷ സസ്പെന്‍ഷനിലൊതുങ്ങും. ഏത് കുറ്റവാളികള്‍ക്കും സമീപിക്കാവുന്ന ഒരു പാര്‍ട്ടിയായി സിപിഎം അധഃപതിച്ചിരിക്കുന്നു. പല പോലീസ് സ്റ്റേഷനുകളും ഭരിക്കുന്നത് സിപിഎമ്മുകാരാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ സിപിഎമ്മുകാര്‍ പ്രതികളായി വരുന്ന കേസുകള്‍ക്ക് എന്തു സംഭവിക്കുന്നു എന്നു പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ചുരുക്കത്തില്‍ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും അവകാശവാദങ്ങള്‍ പ്രഹസനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: