Categories: Kerala

കാലവര്‍ഷം; മഴയില്‍ 22 ശതമാനം കുറവ്, പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കാത്തത് മഴ കുറയാൺ കാരണം, സെപ്തംബറിലും സംസ്ഥാനത്ത് മഴ കുറയും

ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെ നീണ്ടു നില്‍ക്കുന്നതാണ് ഇന്ത്യന്‍ മണ്‍സൂണ്‍ എന്നറിയപ്പെടുന്ന കാലവര്‍ഷം. സീസണിലാകെ എട്ട് ന്യൂനമര്‍ദങ്ങളും നിരവധി അന്തരീക്ഷ ചുഴികളും ന്യൂനമര്‍ദപാത്തി പോലുള്ള അനുകൂല സാഹചര്യങ്ങളുമുണ്ടായെങ്കിലും കാലവര്‍ഷം ദുര്‍ബലമായി തുടരുകയായിരുന്നു.

ഇടുക്കി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അവസാന മാസത്തിലെത്തുമ്പോള്‍ സംസ്ഥാനത്ത് ഇതുവരെ 22 ശതമാനം മഴക്കുറവ്. 179.92 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 140.69 സെ.മീറ്റര്‍ മഴയാണ്. ഇന്നലെ രാവിലെ 8.30ന് രേഖപ്പെടുത്തിയ(ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ) കണക്ക് പ്രകാരമാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞ സീസണ്‍ കൂടിയാണിത്.  

വയനാട് 37 ശതമാനവും പാലക്കാട് 33 ശതമാനവും വീതം കുറഞ്ഞപ്പോള്‍ കോട്ടയത്ത് 9% മഴ കൂടി. സീസണിന്റെ ആദ്യ ഘട്ടം മുതല്‍ കോട്ടയം ജില്ലയില്‍ മികച്ച മഴ ലഭിച്ചിരുന്നു. കണ്ണൂര്‍- 30, മലപ്പുറം-29, കാസര്‍ഗോഡ്- 26, തിരുവനന്തപുരം-24, തൃശൂര്‍- 24, കൊല്ലം- 23, ഇടുക്കി- 21, ആലപ്പുഴ- 20, കോഴിക്കോട്- 18, എറണാകുളം-8, പത്തനംതിട്ട-1 ശതമാനവും വീതം മഴ കുറഞ്ഞു.

ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെ നീണ്ടു നില്‍ക്കുന്നതാണ് ഇന്ത്യന്‍ മണ്‍സൂണ്‍ എന്നറിയപ്പെടുന്ന കാലവര്‍ഷം. സീസണിലാകെ എട്ട് ന്യൂനമര്‍ദങ്ങളും നിരവധി അന്തരീക്ഷ ചുഴികളും ന്യൂനമര്‍ദപാത്തി പോലുള്ള അനുകൂല സാഹചര്യങ്ങളുമുണ്ടായെങ്കിലും കാലവര്‍ഷം ദുര്‍ബലമായി തുടരുകയായിരുന്നു. ജൂണ്‍ മാസത്തില്‍ 36, ജൂലൈയില്‍ 20, ആഗസ്റ്റില്‍ 2 ശതമാനവും വീതം മഴ കുറഞ്ഞു. 2020ല്‍ ഇതേ സമയം വരെ 9 ശതമാനവും 2017ല്‍ 21 ശതമാനവും മഴക്കുറവുണ്ടായിരുന്നു. 2019 5, 201835% വീതം മഴ കൂടി.

ആഗസ്റ്റ് മാസത്തില്‍ സാധാരണയായി 42.67 സെ.മീ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 41.61 സെ.മീ. മഴയാണ് ലഭിച്ചത്. ജൂലൈ മാസത്തില്‍ സാധാരണ 72.61 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 57.55 ആണ് ലഭിച്ചത്. ജൂണില്‍ ലഭിക്കേണ്ട 64.3 സെ.മീറ്ററിന്റെ സ്ഥാനത്തു ലഭിച്ചത് 40.84 സെ.മീറ്ററും.

തുടര്‍ച്ചയായി ന്യൂനമര്‍ദങ്ങളുണ്ടായെങ്കിലും ഇവ പ്രതീക്ഷിച്ച പോലെ ശക്തമാകാതെ പോയതും മണ്‍സൂണ്‍ കാറ്റെന്നറിയപ്പെടുന്ന പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കാത്തതുമാണ് മഴ കുറയാനുള്ള പ്രധാന കാരണം. സംസ്ഥാനത്ത് ഈ സീസണില്‍ ഇതുവരെയും എവിടേയും അതി തീവ്രമഴ(20 സെ.മീ.) റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കാലവര്‍ഷ മഴയെ കാര്യമായി സ്വാധീനിക്കുന്ന ആഗോള കാലാവസ്ഥ പ്രതിഭാസമായ എംജെഒ(മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍) ഇത്തവണ പ്രതീക്ഷിച്ചത് പോലെ ശക്തമായില്ല. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്ര പ്രതിഭാസമായ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍(ഐഒഡി) നെഗറ്റീവ് ഫേസിലേക്ക് മാറിയതും ഇത്തവണ മഴ കുറയാന്‍ കാരണമായി.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെയിറക്കിയ പത്രക്കുറിപ്പ് പ്രകാരം സെപ്തംബറില്‍ സംസ്ഥാനത്ത് മഴ കുറയുമെന്നാണ് വ്യക്തമാക്കുന്നത്. വടക്കന്‍ ജില്ലയില്‍ ചിലയിടങ്ങളില്‍ മഴ കൂടുമ്പോള്‍ മറ്റിടങ്ങളില്‍ ശരാശരി മഴ ലഭിക്കും. മദ്ധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും ശരാശരിയിലും താഴെ മഴയാണ് പ്രവചനം. സെപ്തംബറില്‍ 25 സെ.മീ. മഴയാണ് ശരാശരി ലഭിക്കേണ്ടത്. 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക