കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്‍ജുനെ യൂത്ത് കോണ്‍ഗ്രസ് വക്താവായി നിയമിച്ചതിനെതിരെ പരസ്യ വിമര്‍ശനവുമായി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. സംസ്ഥാന ഘടകം അറിയാതെയായിരുന്നു നിയമനമെന്നും ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്നും ഷാഫി പരസ്യമായി തുറന്നടിച്ചു.
വക്താവാകാന്‍ യോഗ്യതയുള്ള നിരവധി പേര് യൂത്ത് കോണ്‍ഗ്രസിലുണ്ട്. പുറത്തുനിന്നുള്ളയാള്‍ വേണ്ടായെന്നും ഷാഫി പറഞ്ഞു.
72 പേരെയാണ് ദേശീയ വക്താക്കളായി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് കഴിഞ്ഞദിവസം നിയമിച്ചത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ അര്‍ജുനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള 5 പേര് അടങ്ങിയ ലിസ്റ്റ് റദ്ദുചെയ്യുകയായിരുന്നു.
ലിസ്റ്റ് മരവിപ്പിച്ചത് താല്‍ക്കാലികമാണെന്നും പരിശോധനകള്‍ക്ക് ശേഷം വീണ്ടും പുറത്തിറക്കുമെന്നാണ് വിശ്വാസമെന്നും അര്ജുന് രാധാകൃഷ്ണന് പ്രതികരിച്ചു. ആരുടെ എതിര്‍പ്പാണ് തനിക്ക് എതിരായതെന്ന് അറിയില്ല. തന്റെ പിതാവിന്റെ നിലപാടുകള്‍ പ്രതികൂലമായി എന്ന് കരുതുന്നില്ലെന്നും അര്ജുന് പ്രതികരിച്ചു.
എ ഗ്രൂപ്പിലെ പ്രധാന മുഖമായിരുന്ന തിരുവഞ്ചൂര്‍ ഇപ്പോള്‍ ഔദ്യോഗിക പക്ഷത്തിനൊപ്പമാണ്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന അദേഹം അപ്രതീക്ഷിതമായാണ് ഗ്രൂപ്പ് വിട്ടിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: