കൊല്ലം: പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ അമ്മയേയും മകനേയും ബീച്ചില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച കേസില്‍ പ്രതി പിടിയില്‍. തെക്കുംഭാഗം ആശിഷ് മന്‍സിലില്‍ ആശിഷ് ഷംസുദ്ദീന് (50) ആണ് പിടിയിലായത്. ഒളവിലായിരുന്ന ഇയാളെ പോലീസ് തെന്മലയില് നിന്നും പിടികൂടുകയായിരുന്നു.
എഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതില്‍ ഷംല (44), മകന് സാലു (23) എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച്ച വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം.
ഷംലയുടെ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി തിരികെ മടങ്ങുന്ന വഴി ഭക്ഷണം കഴിക്കാനാണ് തെക്കുംഭാഗം ബീച്ചലെ റോഡരികില്‍ വാഹനം നിര്‍ത്തിയത്. ഈ സമയത്താണ് ഒരാള്‍ എത്തി ഇവര്‍ക്കു നേരെ അസഭ്യം പറയുകയും തുടര്‍ന്ന് കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തത്. തുടര്‍ന്ന് വാഹനത്തില്‍ നിന്നും മകന് സാലു പുറത്തിറങ്ങിയപ്പോള്‍ മകനെയും കമ്പി വടി കൊണ്ട് മര്‍ദിച്ചു. തടയാനെത്തിയ അമ്മ ഷംലയെയും പ്രതി പൊതിരെ തല്ലി.
മര്‍ദനത്തില്‍ ഷംലയുടെ കൈകള്‍ക്കും, മുതുകിനും സാരമായി പരുക്കേറ്റു. അതുവഴി പോയ ആളുകള്‍ സംഭവം കണ്ടെങ്കിലും പ്രതികരിച്ചില്ല എന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ വിവരം ഉടന്‍ പരവൂര്‍ പോലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: