തിരുവനന്തപുരം : വ്യാജ ലൈസന്‍സുള്ള ഡബിള്‍ ബാരല്‍ തോക്കുകളുമായി അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് പിടിയില്‍. എടിഎമ്മില്‍ പണം നിറയ്‌ക്കുന്ന സ്വകാര്യ ഏജന്‍സി ജീവനക്കാരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും 25 റൗണ്ട് വെടിയുണ്ടകളും ഇരട്ടക്കുഴല്‍ തോക്കും പിടിച്ചെടുത്തിട്ടുണ്ട്.
മുഷ്താഖ് ഹുസൈന്‍, മുഹമ്മദ് ജാവേദ്, ഖുല്‍സമാന്‍, ഷൂക്കൂര്‍ അഹ്‌മദ്, ഷൗക്കത്തലി എന്നിവരാണ് പിടിയിലായത്. എല്ലാവര്‍ക്കും 20 നും 25 നും ഇടയിലാണ് പ്രായം. വിമുക്ത ഭടന്മാരുടെ സംഘടന നല്‍കിയ പരാതിയെ തുടര്‍ന്ന് ഈ മാസം 13 നാണ് കരമന പോലീസ് സിസ്‌കോ ലോജിസ്റ്റിക്‌സ് എന്ന എടിഎമ്മുകളിലേക്ക് പണം കൊണ്ടുപോകുന്ന സ്ഥാപനത്തിലെ അഞ്ച് ജീവനക്കാരെക്കുറിച്ച് അന്വേഷണം തുടങ്ങിയത്.
ഇവരുടെ കയ്യിലുള്ള അഞ്ച് ഡബിള്‍ ബാരല്‍ തോക്കുകള്‍ക്ക് ലൈസന്‍സുണ്ടോ എന്നറിയാന്‍ രജൗറി ജില്ലയിലെ എഡിഎമ്മുമായി ബന്ധപ്പെട്ടു. അഞ്ച് തോക്കുകളും 25 വെടിയുണ്ടകളുമായി ആറുമാസത്തിലേറെയായി ഇവര്‍ തിരുവനന്തപുരത്ത് താമസിക്കുന്നുണ്ട്. ഇവരുടെ പക്കലുള്ള തോക്കിന് ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ നിറമണ്‍ കരയിലെ താമസസ്ഥലത്ത് വെച്ച് അഞ്ചുപേരെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കേന്ദ്ര രഹസ്യാന്വേഷൺ ഏജന്‍സിയും പോലീസും ഇവരെ ചോദ്യം ചെയ്തു.
വിമാനത്താവളം, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്, ഐഎസ്ആര്‍ഒ തുടങ്ങിയ നിരവധി പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് കശ്മീരില്‍ നിന്നുള്ള അഞ്ചുപേര്‍ വ്യാജ തോക്കുകളുമായി എത്തിയത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഇവരെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കി. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: