ന്യൂദല്‍ഹി: പര്‍വതങ്ങളില്‍ റോഡായും ഉപയോഗിക്കാന്‍ കഴിയുന്ന ഹൈബ്രിഡ് തുരങ്കങ്ങള്‍ റെയില്‍ പാതയ്‌ക്കായി നിര്‍മിക്കാന്‍ റെയില്‍വേ മന്ത്രാലയത്തോട് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞയാഴ്ച മണാലിയും ലേയുമായും ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹിമാചല്‍ പ്രദേശിലെ റെയില്‍വേ പദ്ധതിയുടെ അവലോകനം നടത്തുമ്പോഴായിരുന്നു ഇത്. പഞ്ചാബിലെ ഭാനുപാലിയില്‍നിന്ന് ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരിലേക്ക് നിര്‍മാണത്തിലിരിക്കുന്ന റെയില്‍വേ പാതയ്‌ക്കായാണ് ഏഴോളം തുരങ്കങ്ങള്‍ പണിതുകൊണ്ടിരിക്കുന്നത്.
റെയില്‍വേ പദ്ധതികള്‍ക്കായി മലയോര പ്രദേശങ്ങളില്‍ ഭാവിയില്‍ തുരങ്കങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഹൈബ്രിഡ് സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കണമെന്ന് മോദി റെയില്‍വേ മന്ത്രാലയത്തോട് പറഞ്ഞു. അതുമൂലം റെയില്‍വേ പാതകളായി മാത്രമല്ല, റോഡുകളായും തുരങ്കങ്ങള്‍ ഉപയോഗിക്കാനാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റോഡുകളും റെയില്‍ പാതകളുമുള്ള അത്തരം തുരങ്കങ്ങള്‍ കൂടുതല്‍ സാമ്പത്തിക നേട്ടമുള്ളതായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ അത്തരം തുരങ്കങ്ങള്‍ രാജ്യത്തില്ലെങ്കിലും വിദേശത്തുണ്ട്. മലയോര പ്രദേശങ്ങളില്‍ പ്രത്യേകം പ്രത്യേകമായാണ് ഇന്ത്യ നീളമുള്ള റോഡുകളും റെയില്‍ തുരങ്കങ്ങളും പണിയുന്നത്. ഹിമാചല്‍ പ്രദേശിലെ റോത്തംഗ് ചുരത്തിന് സമീപമുള്ള 8.8 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള അടല്‍ ഹൈവേ തുരങ്കം, 11 കിലോമീറ്റര്‍ ദൂരമുള്ള ജമ്മു കാശ്മീരിലെ പിര്‍ പഞ്ചല്‍ റെയില്‍വേ തുരങ്കം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
ഓഗസ്റ്റ് 25-നാണ് ഹിമാചല്‍ പ്രദേശിലെ 65 കിലോമീറ്റര്‍ നീളമുള്ള ഭാനുപാലി-ബിലാസ്പൂര്‍-ബേരി റെയില്‍ പാത പദ്ധതിയുടെ അവലോകനം പ്രധാനമന്ത്രി നടത്തിയത്. ഭൂമിയേറ്റെടുക്കലും പദ്ധതിയും വേഗത്തിലാക്കാന്‍ പഞ്ചാബ്, ഹിമാചല്‍ സര്‍ക്കാരുകള്‍ക്ക് അദ്ദേഹം സമയപരിധി നിശ്ചയിച്ചു. തുടര്‍ന്ന് ബിലാസ്പൂരില്‍നിന്ന് ലേയിലേക്കുള്ള 498 കിലോ മീറ്റര്‍ പാതയും ആലോചനയിലുണ്ട്. ഏറ്റവും ഉയരംകൂടിയ റെയില്‍ പാതയായിരിക്കുമിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: