ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ച് കുട്ടനാട്ടുകാരെ കബളിപ്പിച്ചിട്ട് ഒരാണ്ട്. പദ്ധതി നടത്തിപ്പിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. പാക്കേജ് സംബന്ധിച്ച വെബ്സൈറ്റിലുണ്ടായിരുന്ന വിവരങ്ങളും സര്‍ക്കാര്‍ മുക്കി. കുട്ടനാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒന്‍പത് വകുപ്പുകളുടെ പദ്ധതിയില്‍പ്പെടുത്തിയാണ് 2447.67 കോടി രൂപയുടെ രണ്ടാം പാക്കേജ് നടപ്പാക്കാന്‍ തീരുമാനിച്ചത്. ആസൂത്രണ ബോര്‍ഡ് വിശദമായ രേഖ തയാറാക്കിയിട്ടും സര്‍ക്കാര്‍ ഉത്തരവ് ഇല്ലാത്തതിനാല്‍ പണം അനുവദിക്കാനാകുന്നില്ല.
2020 സപ്തംബര്‍ 17 നാണ് മുഖ്യമന്ത്രി പിണറായി വിജയന് രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷം പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടിയില്‍പ്പെടുത്തി പദ്ധതികള്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. കുട്ടനാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജലവിഭവം, കൃഷി. ഫിഷറീസ്, ടൂറിസം അടക്കം ഒന്‍പത് വകുപ്പുകളുടെ പദ്ധതിയില്‍പ്പെടുത്തിയാണ് പാക്കേജ് പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ വിഹിതം വകയിരുത്തിയത് ജലവിഭവവകുപ്പിനായിരുന്നു. 1581.16 കോടി രൂപ.
291 കോടി രൂപയുടെ കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിക്ക്് മാത്രമാണ് ഫണ്ട് അനുവദിച്ച് ഉത്തരവിറങ്ങിയത്. കുട്ടനാട് പാക്കേജിലെ പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങളൊന്നും കിട്ടിയിട്ടില്ല. രണ്ടാം കുട്ടനാട് പാക്കേജിന്റെ നടപ്പാക്കല്‍ എജന്‍സിയെ നിശ്ചയിച്ചിട്ടില്ല, ഒന്നാം കുട്ടനാട് പാക്കേജിന് കൃഷിവകുപ്പിനായിരുന്നു നടത്തിപ്പ് ചുമതല. കാര്‍ഷികോല്‍പ്പാദന കമ്മിഷണറായിരുന്നു നോഡല്‍ ഓഫീസര്‍. കുട്ടനാട്ടിലെ കാര്‍ഷികമേഖലയുടെ വളര്‍ച്ചയും കര്‍ഷകവരുമാനത്തിന്റെ തോതും വര്‍ധിപ്പിക്കുക, വേമ്പനാട് കായല്‍വ്യവസ്ഥയെ പാരിസ്ഥിതിക ആഘാതങ്ങള്‍ താങ്ങാന്‍ കഴിയുന്ന സ്ഥിതിയിലാക്കുക, പ്രദേശവാസികളെ സുരക്ഷിതമായി ജീവിക്കാന്‍ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്.
കുട്ടനാടിനെ പ്രത്യേക കാര്‍ഷികമേഖലയായി പ്രഖ്യാപിക്കുക, കുട്ടനാട്ടില്‍ പ്രത്യേക കാര്‍ഷിക കലണ്ടര്‍ നിര്‍ബന്ധമാക്കുക, കൃത്യസമയത്തു നല്ലയിനം വിത്തുകള്‍ വിതരണംചെയ്യുക, ആവശ്യമായ വിത്തിനങ്ങള്‍ അവിടെത്തന്നെ ഉല്പാദിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങി വാഗ്ദാനങ്ങള്‍ നിരവധിയായിരുന്നു. സ്വാമിനാഥന് കമ്മിഷന് തയ്യാറാക്കിയ സമഗ്ര കുട്ടനാട് പാക്കേജ് പാഴാക്കിയ സാഹചര്യത്തില്‍ വീണ്ടും പാക്കേജ് പ്രഖ്യാപനം നടത്തിയത് വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് സര്‍ക്കാരിന്റെ അലംഭാവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: