തിരുവനന്തപുരം : സ്പ്രിങ്ക്ളര്‍ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്കുന്ന രണ്ടാം വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ സൗകര്യത്തിന് അനുസരിച്ച് തയ്യാറാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേയാണ് അക്കാര്യം അറയിച്ചത്.
സ്പ്രിങ്ക്ളര്‍ കരാറിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആരോഗ്യ വിവരങ്ങള്‍ വില്‍ക്കാനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ രണ്ടാം വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നതില്‍ സര്‍ക്കാരിന് വേണ്ടപ്പെട്ട ആളുകളെ രക്ഷിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ്. സര്‍ക്കാരിന്റെ സൗകര്യത്തിന് അനുസരിച്ചാണ് ഇത് തയ്യാറാക്കിയതെന്നും ശശിധരന് നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ വി.ഡി. സതീശന് വിമര്‍ശിച്ചു.
സ്പ്രിങ്ക്ളര്‍ കരാറില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായല്ല കരാറെന്നാണ് രണ്ടാം വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രി അറിയാതെയാണ് സ്പ്രിങ്ക്ളറുമായി കരാറില്‍ ഏര്‍പ്പെട്ടത്. ഒരു മാസത്തോളം മാത്രമാണ് കരാര്‍ നീണ്ടു നിന്നത്. അവര്‍ക്കു പണമൊന്നും നല്‍കിയില്ലെന്നും 2020 ഏപ്രില്‍ 20 ആയപ്പോഴേക്കും ഡേറ്റ മുഴുവന്‍ സിഡിറ്റിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഡേറ്റ സെന്ററിലേക്കു മാറ്റിയെന്നും ഡാറ്റ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്പ്രിങ്ക്ളര്‍ കരാര്‍ സംസ്ഥാന താല്പര്യത്തിന് വിരുദ്ധമെന്ന ആദ്യ അന്വേഷണ സമിതിയുടെ കണ്ടെത്തലുകളെ തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് രണ്ടാമത്തെ അന്വേഷണ സമിതി നല്‍കിയിരിക്കുന്നത്.
അതേസമയം മുട്ടില്‍ മരംമുറി കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ ഇപ്പോഴും നീക്കം നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ധര്‍മ്മടത്തുള്ള രണ്ടുപേര്‍ പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായും ഇരുവര്‍ക്കും ബന്ധമുണ്ട്. മരം മുറികേസില്‍ ധര്‍മ്മടം സഹോദരന്മാര്ക്കുള്ള ബന്ധം വ്യക്തമാക്കണം. ധര്‍മ്മടം ബന്ധത്തില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇതുവരെ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
അതേസമയം മുട്ടില്‍ മരം മുറി കേസില്‍ നിലവിലെ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ മറ്റൊന്ന് വേണം എന്ന് പറയാനാകൂ. നിലവിലെ അന്വേഷണത്തെ സംശയതോടെയാണ് കാണുന്നത്. മരം മുറിയില്‍ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. ആവശ്യമെങ്കില്‍ നിയമപരമായി മുന്നോട്ട് പോകും. എന്താണ് ധര്‍മ്മടത്തെ ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രിക്ക് ഇത്ര സ്നേഹത്തിന് കാരണം. അന്വേഷണം ഫലപ്രദമല്ലെങ്കില്‍ കോടതിയില്‍ പരാതിപ്പെടാന്‍ അവസരം ഉണ്ടാകുമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ടെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: