കണ്ണൂര്‍: ഭാരതത്തിലെ സാംസ്‌കാരിക വൈവിധ്യങ്ങളും തനിമയും നേരിട്ടറിയാന്‍ സൈക്കിളില്‍ ഭാരതം ചുറ്റാനിറങ്ങുകയാണ് കാസര്‍കോട് പെരിയയിലെ പ്രദീപ്. ജൂലൈ 22ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ഒരു വര്‍ഷം ഭാരതത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും സന്ദര്‍ശിച്ച് കന്യാകുമാരിയില്‍ തന്നെ സമാപിക്കും.
യാത്രകളെ ഇഷ്ടപ്പെടുന്ന പ്രദീപ് പെരിയ ചെറുസംഘങ്ങളായും തനിച്ചും യാത്ര ചെയ്യാറുണ്ട്. 2014ല്‍ ബൈക്കില്‍ 15 പേരടങ്ങുന്ന സംഘം തവാങ്ങ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്തു. 2018ല്‍ ഭാരതം, ഭൂട്ടാന്‍ നേപ്പാള്‍, മ്യന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ മൂന്നു പേരടങ്ങുന്ന സംഘം 93 ദിവസം ബൈക്കില്‍ പര്യടനം നടത്തി. ഓരോ യാത്രയും വ്യത്യസ്തമായ അനുഭവമാണെന്നാണ് പ്രദീപ് പറയുന്നു. ഭാഷയും വസ്ത്രരീതിയും ഭക്ഷണ രീതിയുമെല്ലാം മാറിക്കൊണ്ടേയിരിക്കും. കേരളത്തില്‍ നിന്നാണെന്ന് പറയുമ്പോഴും നല്ല സ്വീകരണമാണ് ലഭിക്കുന്നത്.
പകല്‍ നേരങ്ങളില്‍ മാത്രമാണ് യാത്ര നടത്തുക. ഒരു ദിവസം പരമാവധി 100 കിലോമീറ്റര്‍ വരെയാണ് യാത്ര ചെയ്യുക. ഓരോ ഘട്ടത്തിലും കൃത്യമായി ആസൂത്രണം ചെയ്താണ് യാത്ര ചെയ്യുക. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നിന്ന് ബിരുദം നേടിയ പ്രദീപ് എക്‌സിബിഷന്‍ മാര്‍ക്കറ്റിങ് ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്. വീട്ടുകാരും സുഹൃത്തുക്കളും പൂര്‍ണ്ണമായും യാത്രയോട് സഹകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: