വാഷിങ്ടണ്‍ : അമേരിക്കയുടെ ദേശീയ താത്പ്പര്യത്തെ മുന്‍നിര്‍ത്തിയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്. എന്ന് അവസാനിക്കുമെന്ന് അറിയാതെയായിരുന്നു യുഎസിന്റെ അഫ്ഗാന് ദൗത്യം. ഇത് വീണ്ടും തുടരുന്നതിന് കാരണങ്ങള്‍ ഇല്ലാതായതോടെയാണ് നിര്‍ത്തിയത്. വിവേക പൂര്‍ണ്ണമായ തീരുമാനമായിരുന്നു ഇതെന്നും ജോ ബൈഡന് അറിയിച്ചു. സേനാ പിന്മാറ്റത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ യുഎസ് ആഗ്രഹിച്ചിരുന്നില്ല. അഫ്ഗാനില്‍ ശേഷിക്കുന്ന 200 യുഎസ് പൗരന്മാരേയും തിരികെ എത്തിക്കും. തീരുമാനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഭീകരവാദത്തിനെതിരായ ശക്തമായ പോരാട്ടം ഇനിയും തുടരും. 2500ഓളം അമേരിക്കന്‍ സൈനികരാണ് അഫ്ഗാന് മണ്ണില്‍ കൊല്ലപ്പെട്ടത്. അമേരിക്കയെ വേദനിപ്പിച്ചവരെ അത്രവേഗം മറക്കില്ലെന്നും ബൈഡന് പറഞ്ഞു.
അഫ്ഗാനില്‍ നിന്ന് 1,20,000ത്തോളം പൗരന്മാരെയാണ് യുഎസും സഖ്യസേനകളും ഒഴിപ്പിച്ചത്. സൈന്യത്തിന്റെ അസാമാന്യമായ വിജയമാണിത്. നമ്മുടെ സൈന്യത്തിന്റെ നിസ്വാര്‍ത്ഥമായ ധൈര്യം കൊണ്ടാണ് ഈ ഒഴിപ്പിക്കല്‍ വിജയിച്ചത്. മറ്റുള്ളവരെ സേവിക്കാന്‍ സ്വന്തം ജീവന് തന്നെ അവര്‍ പണയം വെച്ചു. ഇത് യുദ്ധ ദൗത്യമായിരുന്നില്ല മറിച്ച് കാരുണ്യത്തിന്റെ ദൗത്യമായിരുന്നു. സേനാ പിന്മാറ്റം സംബന്ധിച്ച തീരുമാനം നേരത്തെ എടുത്തിരുന്നെങ്കില്‍ അത് ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ചേനെ. വെല്ലുവിളികള്‍ ഇല്ലാതെ ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. ഇപ്പോഴും ഭീഷണി നേരിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുപതു വര്‍ഷത്തെ സാന്നിധ്യം അവസാനിപ്പിച്ച് ഓഗസ്റ്റ് 31-ന് യുഎസ് സൈന്യം അഫ്ഗാനില്‍ നിന്നും നിന്നും പൂര്‍ണ്ണമായും മടങ്ങിയിരുന്നു.അഫ്ഗാനിസ്ഥാനില്‍ അവശേഷിച്ച തങ്ങളുടെ പോര്‍വിമാനങ്ങളും കോപ്റ്ററുകളും ആയുധശേഷിയുള്ള സൈനികവാഹനങ്ങളും ഹൈടെക് റോക്കറ്റ് പ്രതിരോധസംവിധാനങ്ങളും നശിപ്പിച്ചശേഷം തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് യുഎസ് ദൗത്യസംഘം മടങ്ങിയത്.
സൈനിക താവളമായി ഉപയോഗിച്ചുവന്ന കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലുണ്ടായിരുന്ന 73 വിമാനങ്ങളുടെ ആക്രമണശേഷി ഇല്ലാതാക്കുകയോ നശിപ്പിക്കുകയോ ചെയ്തെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ ജനറല്‍ കെന്നെത്ത് മക്കെന്‍സി അറിയിച്ചു.
ഒന്നിന് പത്തുലക്ഷം ഡോളര്‍ വിലമതിക്കുന്ന 70 എം ആര്‍എപി സൈനിക വാഹനങ്ങളും 27 ഹംവീ വാഹനങ്ങളും നശിപ്പിച്ചു. അതും ഇനിയാരും ഉപയോഗിക്കില്ല. വിമാനത്താവളത്തിനുനേരെ ഐഎസ് തൊടുത്ത അഞ്ചു റോക്കറ്റുകള്‍ പ്രതിരോധിച്ചുനശിപ്പിച്ച സി-റാം മിസൈല്‍, റോക്കറ്റ്, പീരങ്കി, മോര്‍ട്ടാര്‍ വേധ സംവിധാനങ്ങള്‍ ഏറ്റവുമൊടുവിലാണ് തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങുന്ന അവസാന സൈനികന്റെ ചിത്രങ്ങളും യുഎസ് സൈന്യം പുറത്തുവിട്ടിരുന്നു.
യുഎസ് അഫ്ഗാന് സേനയ്ക്കു നല്കിയ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഹംവീ വാഹനങ്ങളും പിടിച്ചെടുത്ത് താലിബാന് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. യുഎസ് വാഹനങ്ങള്‍ നശിപ്പിച്ചതില്‍ താലിബാന് രോഷാകുലരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: