അലക്ക് ഒഴിഞ്ഞിട്ട് കാശിക്കുപോകാന്‍ നേരം കിട്ടിയില്ലെന്ന് പറയാറുണ്ടല്ലോ. അതുപോലെയാണ് കോണ്‍ഗ്രസിന്റെ കാര്യം. പ്രതിയോഗികളുടെ പിടിപ്പുകേടും പോക്രിത്തരവും കണ്ടുമടുത്ത കുറേ കുടുംബങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. ബാങ്ക് ബാലന്‍സുപോലെ. അധ്വാനിച്ച് നേടാത്ത കാശ് ധൂര്‍ത്തടിക്കുന്ന മുടിയനായ പുത്രന്മാരെ പോലെ പൊട്ടിമുളക്കുന്ന നേതാക്കള്‍ നീക്കിയിരിപ്പ് മാത്രമല്ല, മുതല്‍ തന്നെ വിറ്റുതുലയ്ക്കും എന്ന് കേട്ടിട്ടില്ലെ. അതുപോലെയാണ് കോണ്‍ഗ്രസ്. അത് ഇന്ന് തുടങ്ങിയതല്ല. നാളെ തീരകയുമില്ല. അതതിന്റെ തലവിധി.
കേരളത്തില്‍ മാത്രമല്ല രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും തനിച്ചുനില്ക്കാന് പോലും പറ്റാത്ത സ്ഥിതിയാണ് ആ പാര്‍ട്ടിക്ക്. ആശയം എന്നത് പണ്ടേ കൈമോശം വന്ന കക്ഷി ആമാശയം മാത്രം ശ്രദ്ധിക്കുവാന്‍ തുടങ്ങിയപ്പോള്‍ അതിന് പറ്റിയ കൂട്ടുകെട്ട്. കേരളത്തിലാണതില്‍ ആദ്യപരീക്ഷണം. ചത്ത കുതിരയെന്ന് നെഹ്റു കുറ്റപ്പെടുത്തിയ ലീഗുമായി അദ്ദേഹം ജീവിച്ചിരിക്കെ തന്നെ കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കി. ഇന്നിപ്പോള്‍ കോണ്‍ഗ്രസ് എന്തുപറയണം, എന്ത് ചിന്തിക്കണം എന്ന് നിര്‍ദ്ദേശിക്കാന്‍ മടിയില്ലാത്തവിധം മിടുക്ക് കാട്ടാന്‍ തുടങ്ങി. ലീഗിന് മന്ത്രിസ്ഥാനം പാണക്കാട് തങ്ങളുടെ വീട്ടില്‍ ചെന്നു നല്കുമെന്നുവരെ പറയാനുള്ള ധൈര്യം കാട്ടിയ കക്ഷിയാണ് ലീഗ്. ലീഗിനെ വല്ലാതെ ആശ്രയിക്കേണ്ടിവരുമ്പോള്‍ പിന്മുറക്കാരെ മറക്കാനും തള്ളിപ്പറയാനും മടിയുണ്ടാകില്ല. മാപ്പിളകലാപത്തെപ്പറ്റിയുള്ള നിലപാട് തന്നെ ഉദാഹരണം.
കെപിസിസി പ്രസിഡന്റായിരുന്നല്ലൊ കെ. മാധവന് നായര്‍. മാപ്പിള കലാപം ഹിന്ദു വംശഹത്യയാണെന്ന് രേഖപ്പെടുത്തിയത് മാധവന് നായരാണ്. അതിനെ തള്ളിപ്പറയാന്‍ ഒരു മനസാക്ഷിക്കുത്തുമുണ്ടായില്ല ഇന്നത്തെ പിസിസി പ്രസിഡന്റിന് തലമറന്ന് പ്രസിഡന്റിന്റെ തലവിധിയെ പരിതപിക്കാനേ നിര്‍വാഹമുള്ളൂ. അമ്മാതിരി അടിയല്ലെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത്. അപമാനഭാരംകൊണ്ട് യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ക്ക് തലപൊക്കാന്‍ പോലും കഴിയുന്നില്ല.
ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചതു മുതല്‍ ഉടലെടുത്ത കലാപം കലുഷിതമാകുന്നു. പട്ടികയ്ക്കെതിരെ പ്രതികരിച്ച എ, ഐ ഗ്രൂപ്പ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വല്ലാതെ കിതയ്ക്കുകയാണ്. നോട്ടീസുപോലും നല്‍കാതെ നേതാക്കളെ പുറത്താക്കുന്നു. അതിനു കാക്കാതെ ചിലര്‍ രാജിവയ്ക്കുന്നു. പാലക്കാട് ജില്ലയിലെ മുതിര്‍ന്ന നേതാവ് എ.വി. ഗോപിനാഥ് രാജിവെച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ ഭീഷണിപ്പെടുത്തി. ഇതിന്റെ ചുവടുപിടിച്ച് മറ്റു നേതാക്കളും രാജി സന്നദ്ധത പ്രഖ്യാപിച്ചു. നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.എസ്. പ്രശാന്ത് രാജിക്കൊരുങ്ങി. വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശം കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നല്കികഴിഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസില്‍ അച്ചടക്കനടപടി മുന്നറിയിപ്പുമായി ഹൈക്കമാന്‍ഡ് മുന്നോട്ട് പോകുകയാണ്. പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്ന് കെപിസിസിക്ക് നിര്‍ദേശം നല്കി. സുധാകരന്റെ നടപടിക്ക് ഹൈക്കമാന്‍ഡും പച്ചക്കൊടി കാണിക്കുന്നു എന്നത് ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും ഇനി എന്തുചെയ്യുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
ഡിസിസി പുനഃസംഘടനക്കെതിരെ പരസ്യമായി ശബ്ദമുയര്‍ത്തിയ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിമാരായ കെ.പി. അനില്‍കുമാറിനും കെ. ശിവദാസന്‍ നായര്‍ക്കും കെപിസിസി അധ്യക്ഷന്‍ പുറത്തേക്കുള്ള വഴി തുറന്നു. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നതുപോലെയാണ് ഇന്നത്തെ സ്ഥിതി. കെ. കരുണാകരന്റെ ഉപ്പും ചോറും തിന്ന് വളര്‍ന്നവര്‍ കെ. കരുണാകരന് നേരെ കമ്പിപ്പാര പ്രയോഗിച്ചത് മറക്കാറായില്ലല്ലോ. കോണ്‍ഗ്രില്‍ നിന്ന് തന്നെ ഓടിപ്പോയ ചരിത്രം കേരളത്തിന്റെ ഒരേഒരു ലീഡര്‍ക്ക് ഉണ്ടായതല്ലെ? ഇന്നിപ്പോള്‍ ലീഡറില്ല. ഡീലര്‍മാര്‍ മാത്രം. ലാഭം നോക്കിയുള്ള രാഷ്ട്രീയം മുറുകുമ്പോള്‍ കാലുമാറ്റവും കൂറുമാറ്റവും സ്വാഭാവികം. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ക്ഷ്ടപ്പാടും കണ്ണുനീരുമൊന്നും ആരും കാണുന്നില്ല. ഉമ്മന്‍ചാണ്ടിക്കൊപ്പം പരസ്യമായുള്ള വിരലിലെണ്ണാവുന്നവര്‍.
കെ.സി. ജോസഫും കെ. ബാബുവും മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. ബെന്നി ബഹനാന് ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടെങ്കിലും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എം.എം.ഹസനെ നിയമിച്ചതില്‍ അതൃപ്തനാണ്.
ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന കെ.സി. വേണുഗോപാല്‍, കെ. സുധാകരന്, വി.ഡി. സതീശന് എന്നിവരൊക്കെ പഴയ ഐ ഗ്രൂപ്പുകാരാണ്. അതുകൊണ്ടു തന്നെ ചെന്നിത്തലയ്ക്കൊപ്പം നില്‍ക്കുന്നവരെ ഒപ്പം കൊണ്ടുവരാന്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകില്ല. കെ. മുരളീധരനും രമേശ്ചെന്നിത്തലയുടെ വിശ്വസ്തനെന്ന് കരുതിയിരുന്ന ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനും ശൂരനാട് രാജശേഖരനും പട്ടികയെ ന്യായീകരിച്ചു രംഗത്തുവന്നത് ഇതിന്റെ ഭാഗമായാണ്.
കോണ്‍ഗ്രില്‍ കലഹം തുടരുന്നതിനിടെ യുഡിഎഫില്‍ നിന്നും പുറത്തുപോകാനൊരുങ്ങി ആര്‍എസ്പി മുന്നണി യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആര്‍എസ്പി തീരുമാനിച്ചു ഉഭയകക്ഷി ചര്‍ച്ച നടത്താത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി കോണ്‍ഗ്രസിന് കത്തു നല്‍കിയിരുന്നു. കത്ത് നല്കി 40 ദിവസം പിന്നിട്ടിട്ടും ഒരു നടപടിയും ഇല്ലെന്ന് ആര്‍എസ്പി നേതാക്കള്‍ വിലപിക്കുന്നു. ഈ സാഹചര്യത്തില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി നേതൃയോഗത്തില്‍ തീരുമാനിച്ചത്. യുഡിഎഫ് തെറ്റു തിരുത്തണമെന്നും സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആവശ്യപ്പെട്ടു. കെട്ടുനാറിയ അവസ്ഥയില്‍ നില്ക്കുന്ന യുഡിഎഫിന് ഭരണകൂടത്തിന്റെ കൊള്ളരുതായ്മയെ എങ്ങനെ എതിര്‍ക്കാനാകും?
പിണറായിയുടെ രണ്ടാം സര്‍ക്കാര്‍ നൂറുദിവസം ആരോരുമറിയാതെ പിന്നിട്ടു. ഇത്രയും പിടിപ്പുകെട്ട ഒരു സര്‍ക്കാരിനെ ഇതിനുമുന്‍പ് കേരളം കണ്ടിട്ടേയില്ല. കൊട്ടിഘോഷിച്ച ആരോഗ്യമേഖല പൊട്ടിപ്പൊളിഞ്ഞു. പലതരം മാഫിയകള്‍ ആടി തിമിര്‍ക്കുന്നു. ബാലികമാര്‍ക്ക് പോലും രക്ഷയല്ല. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഗര്‍ഭിണിയായതിന് പിടിക്കപ്പെട്ട 18 കാരനും കുടുംബവും ഇപ്പോള്‍ പൊട്ടിക്കരയുന്നു. ഗര്‍ഭത്തിനുത്തരവാദി 18 കാരനല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇത്രയും പ്രോക്കണം കെട്ട സര്‍ക്കാറായിട്ടും പ്രതികരിക്കാന്‍ കഴിയാതെ പ്രതിപക്ഷത്തെയോര്‍ത്ത് സഹതപിക്കാനാണ് കേരളത്തിന്റെ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: