ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യന്‍ താരങ്ങളുടെ മിന്നുന്ന പ്രകടനം തുടരുന്നു. ഇന്നലെ ഒരു വെള്ളിയും രണ്ട് വെങ്കലവും കൂടി ഇന്ത്യ സ്വന്തമാക്കി. പുരുഷന്മാരുടെ ഹൈജമ്പില്‍ (ടി 63) മാരിയപ്പന് തങ്കവേലു വെള്ളിയും ശരത്കുമാര് വെങ്കലവും പുരുഷന്മാരുടെ (പി 1) 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സിങ് രാജ്അധാന വെങ്കലവും നേടി. ഇതോടെ ടോക്കിയോയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം രണ്ടക്കത്തിലെത്തി.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യ മെഡല്‍ നേട്ടത്തില്‍ രണ്ടക്കം പിന്നിടുന്നത്. രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമടക്കം ആകെ 10 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ ഇതുവരെ നേടിയത്. പാരാലിമ്പിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടമാണ് ഇന്ത്യയുടേത്. കഴിഞ്ഞ റിയോ പാരാലിമ്പിക്സില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണമടക്കം നാല് മെഡലുകളാണ് ലഭിച്ചിരുന്നത്.
ഷൂട്ടിങ്ങില്‍ സിങ്രാജ് അധാനയിലൂടെയാണ് ഇന്ത്യ ഇന്നലെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 216.8 പോയന്റുകളുമായാണ് സിങ്രാജിന്റെ നേട്ടം. യോഗ്യതാ റൗണ്ടില്‍ ആറാമനായാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ഹരിയാനയിലെ ഫരീദാബാദില്‍ 1982 ജനുവരി 26നാണ് സിങ്രാജ് അധാനയുടെ ജനനം. ഈ വിഭാഗത്തില്‍ ചൈന ആധിപത്യം തുടര്‍ന്നു. പാരാലിമ്പിക് റെക്കോഡോടെ നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ചാവോ യാങ് (237.9) സ്വര്‍ണം നേടിയപ്പോള്‍ ചൈനയുടെ തന്നെ ഹുവാങ് സിങ് (237.5) വെള്ളി മെഡല്‍ സ്വന്തമാക്കി. അതേസമയം യോഗ്യതാ റൗണ്ടില്‍ 135.8 പോയന്റുമായി ഒന്നാം സ്ഥാനക്കാരനായ ഇന്ത്യയുടെ മനീഷ് നര്‍വാള്‍ പക്ഷേ ഫൈനലില്‍ നിരാശപ്പെടുത്തി. ഫൈനലില്‍ ഏഴാം സ്ഥാനം കൊണ്ട് മനീഷ് നര്‍വാള്‍ തൃപ്തനായി.
പുരുഷന്മാരുടെ ഹൈജംപ് ടി63 വിഭാഗത്തില്‍ മാരിയപ്പന് തങ്കവേലു വെള്ളി നേടി. റിയോ പാരാലിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു. ടോക്കിയോയില്‍ യുഎസ് താരം സാം ഗ്രൂവിനാണ് സ്വര്‍ണം. ഇന്ത്യയുടെ തന്നെ ശരത് കുമാര്‍ വെങ്കലം നേടി. 1.86 മീറ്റര്‍ ചാടിയാണ് മാരിയപ്പന് തങ്കവേലു വെള്ളിയണിഞ്ഞ് രാജ്യത്തിന്റെ അഭിമാനമായത്. ശരത്കുമാര് 1.83 മീറ്ററും ചാടി വെങ്കലവും സ്വന്തമാക്കി. സ്വര്‍ണം നേടിയ സാം ഗ്രൂ 1.88 മീറ്റര്‍ ഉയരമാണ് ക്ലിയര്‍ ചെയ്തത്.
1995 ജൂണ്‍ 28ന് തമിഴ്നാട്ടിലെ സേലം ജില്ലയിലെ പെരിയവടഗാമ്പടിയിലാണ് മാരിയപ്പന്തങ്കവേലുവിന്റെ ജനനം. അഞ്ചാം വയസ്സില്‍ ഉണ്ടായ ഒരു ബസ്സപകടത്തില്‍ വലതു കാലിന്റെ മുട്ടിന് താഴെ തകര്‍ന്നു. പച്ചക്കറി കച്ചവടക്കാരിയായ സരോജയുടെ അഞ്ചുമക്കളില്‍ ഒരാളാണ് മാരിയപ്പന്. 2015ല്‍ എവിഎസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടി. 2016ലെ റിയോ പാരാലിമ്പിക്സില്‍ 1.89 മീറ്റര്‍ ചാടിയാണ് തങ്കവേലു രാജ്യത്തിനായി സ്വര്‍ണം നേടിയത്. ഇതിനു പിന്നാലെ 2017-ല്‍ പദ്മശ്രീയും അര്‍ജുന അവാര്‍ഡും നല്കി രാജ്യം മാരിയപ്പന് തങ്കവേലുവിനെ ആദരിച്ചു.
1992 മാര്‍ച്ച് ഒന്നിന് ബീഹാറിലെ പാറ്റ്നയിലാണ് ശരത്കുമാറിന്റെ ജനനം. രണ്ടാം വയസ്സില്‍ പോളിയോ മരുന്ന് എടുത്ത ശേഷം ഇടംകാല് തളരുകയായിരുന്നു. തന്റെ ശാരീരിക കുറവ് പരിഗണിക്കാതെ ശരത്കുമാര് ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഹൈജമ്പ് പരിശീലനം ആരംഭിക്കുന്നത്. ആ സമയത്ത് പൂര്‍ണ ആരോഗ്യമുള്ളവരോടായിരുന്നു മത്സരിച്ചിരുന്നത്. രണ്ട് തവണ ഏഷ്യന്‍ പാരാ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുണ്ട് ശരത്കുമാര്. 2014, 2018 ഗെയിംസുകളിലായിരുന്നു സ്വര്‍ണം. 2017ലെ ഐപിസി ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും ഈ പാറ്റ്ന സ്വദേശിയുടെ പേരിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: