കോഴിക്കോട്: കമ്യൂണിസം നാടിന് ആപത്ത് എന്ന ക്യാമ്പയിനുമായി സമസ്ത. മഹല്ല് കമ്മിറ്റികള്‍ വഴി വിശ്വാസികളെ ബോധവത്കരിക്കാനാണ് സമ്സ തീരുമാനമെടുത്തിരിക്കുന്നത്. മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ‘ലൈറ്റ് ഓഫ് മിഹ്റാബ്’ എന്ന് പേരിട്ട് നടത്തുന്ന കാമ്പയിനില്‍ മതവിശ്വാസത്തിന് എതിരായി നിലപാട് എടുക്കുന്ന ആളുകള്‍ക്കെതിരെയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്.
കമ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്നാണ് സമസ്ത പറയുന്നത്. രാഷ്ട്രീയപരമായ വിയോജിപ്പല്ല, ആദര്‍ശപരമായ വിയോജിപ്പാണ് കമ്യൂണിസത്തോട് ഉള്ളത്. പഴയക കാല കമ്യൂണിസ്റ്റ് നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ മതവിശ്വാസികള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. സമസ്ത കേന്ദ്ര മുശാവറ അംഗവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി വൈസ് ചാന്‍സിലറുമായ ഡോ. ബഹാഉദ്ദീന്‍ നദ്വി സുപ്രഭാതം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.
മുസ്ലിംകള്ക്കിടയില് കമ്മ്യൂണിസത്തിന്റെ ഗൗരവം തമസ്കരിക്കപ്പെട്ട് അതു കേവലമൊരു രാഷ്ട്രീയ ആശയമായി മാറിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകള്‍ ദൈവവിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. മാര്‍ക്സും ഏംഗല്‍സും മുതല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വരെ അതു സുതരാം വ്യക്തമാക്കിയതാണ്. ‘കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നു’വെന്നാണ് മാര്‍ക്സിന്റെ വീക്ഷണം. ലിബറല്‍ ധാര്‍മികതയാണ് കമ്മ്യൂണിസത്തിന്റെ ആശയം.
സ്വതന്ത്ര ലൈംഗികതയെ വരെ അവര്‍ പ്രോത്സാഹിപ്പിക്കുന്നു. ഇക്കഴിഞ്ഞ മെയ് ഏഴിനു കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി സംഘടന ‘അന്തര്‍ദേശീയ സ്വയംഭോഗ ദിനം’ സജീവമായി ആചരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മാന്യതയുള്ളവര്‍ പറയാന്‍പോലും താല്പര്യപ്പെടാത്ത കാര്യങ്ങള്‍ പൊതുഇടങ്ങളില്‍ ആഘോഷിക്കാന്‍ മടിയില്ലാത്തവിധം ഇവരുടെ മനസിനെ വികൃതമാക്കിയത് ഇത്തരം ലിബറല്‍ കാഴ്ചപ്പാടുകളാണ്. പതിയിരിക്കുന്ന അപകടമാണ് കമ്മ്യൂണിസം എന്ന് തിരിച്ചറിയാന്‍ നമുക്കു കഴിയേണ്ടതുണ്ട്.
മതവിശ്വാസത്തെ ബാധിക്കുന്ന, മേല്സൂചിതമായതു പോലെയുള്ള അപകടങ്ങള്‍ സമൂഹത്തില്‍ വ്യാപകമാകുമ്ബോള്‍ അതീവ ജാഗ്രതയോടെയും ശ്രദ്ധാപൂര്‍വവും കൈകാര്യം ചെയ്യേണ്ടത് മതപണ്ഡിതരുടെയും മഹല്ല് നേതൃത്വത്തിന്റെയും അനിവാര്യ ബാധ്യതയാണ്. ഈയൊരു സന്ദിഗ്ധ സാഹചര്യം അഭിമുഖീകരിക്കാന്‍ കൃത്യമായ പദ്ധതികളും പരിഹാര മാര്‍ഗങ്ങളുമായി സുന്നി മഹല്ല് ഫെഡറേഷന് രംഗത്തിറങ്ങിയിരിക്കുകയാണ്. പരീക്ഷണങ്ങളെയും പ്രതിസന്ധികളെയും ആത്മീയതയിലൂടെ അതിജയിക്കുകയും അതിജീവിക്കുകയും ചെയ്യുക എന്നതാണു പരിഹാരമാര്‍ഗം. പരീക്ഷണങ്ങള്‍ യഥാര്‍ഥ വിശ്വാസികളെ സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്യുക. എന്നാല്‍ കൊവിഡ് കാലത്ത് വിശ്വാസികളുടെ ആത്മീയതക്ക് മങ്ങലേറ്റ അവസ്ഥയാണുള്ളതെന്നും ലേഖനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: