ന്യൂദല്‍ഹി: ഇന്ത്യയുടെ 2021-22ലെ ആദ്യ സാമ്പത്തികപാദത്തിലെ മൊത്ത ആഭ്യന്തരോല്‍പാദനം (ജിഡിപി) 2020-21ലേതിനേക്കാള്‍ 20.1 ശതമാനത്തോളം വളര്‍ച്ച നേടിയതായി കേന്ദ്ര സര്‍ക്കാര്‍.
2020-21ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ സാമ്പത്തിപാദത്തില്‍ കോവിഡ് മഹാമാരി മൂലം 24.4 ശതമാനത്തോളം ജിഡിപി ചുരുങ്ങുകയായിരുന്നുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്ക് പറയുന്നു. 2020-21ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയമായിരുന്നു ഇത്. എന്നാല്‍ 2021-22 വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ സമ്പദ്ഘടന തിരിച്ചുവരികയായിരുന്നു.
2020-21ലെ ആദ്യ സാമ്പത്തിക പാദത്തില്‍ 26.95 ലക്ഷം കോടിയായിരുന്നു ജിഡിപിയെങ്കില്‍ 2021-22 വര്‍ഷത്തിലെ ആദ്യ സാമ്പത്തിക പാദത്തില്‍ അത് 32.38 ലക്ഷം കോടിയായി ഉയര്‍ന്നു.
പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ഉല്‍പാദനവും ഉപഭോക്തൃ ചെലവില്‍ വന്ന ഉണര്‍വ്വും ആണ് ഈ രണ്ടാം കോവിഡ് തരംഗത്തിലും വളര്‍ച്ചയ്‌ക്ക് കാരണമായത്. 2021ല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കടുത്ത ലോകഡൗണ്‍ ഉണ്ടായിരുന്നില്ല. കയറ്റുമതിയില്‍ ക്രമാനുഗതമായ വളര്‍ച്ച കൈവരിച്ചതും കാര്‍ഷികമേഖലയിലെ കരുത്തുറ്റ വളര്‍ച്ചയും ഈ സാമ്പത്തിക വര്‍ഷത്തെ വരും മാസങ്ങളില്‍ ജിഡിപി വളര്‍ച്ചയെ സഹായിക്കുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: