കോവിഡ് പ്രതിസന്ധികള്‍ വരിഞ്ഞുമുറുക്കുമ്പോഴും ഇന്ത്യയെ ലോകത്തെ മുന്‍നിര വികസിത രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റാനുള്ള ശ്രമം പ്രധാനമന്ത്രി നരേന്ദ്രമോദി ഉപേക്ഷിച്ചിട്ടില്ല. ഈ ലക്ഷ്യം നിറവേറ്റാനുള്ള പുതിയൊരു ചുവടുവെയ്പാണ് വൈദ്യുത വാഹന വിപ്ലവം.
ഇതിന്റെ ഭാഗമായി കര്‍ണ്ണാടകയില്‍ ഇന്ത്യയുടെ ആദ്യ ലിഥിയം അയോണ്‍ ബാറ്ററി നിര്മ്മാണഫാക്ടറി ഒരുങ്ങിക്കഴിഞ്ഞു. 600 കോടി രൂപയിലാണ് ഈ ഫാക്ടറി ഉയരുന്നത്. കാറുകള്‍ക്ക് ഉപയോഗിക്കാവുന്ന ലിഥിയം ബാറ്ററികളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. 2030ഓടെ ഒരു ലക്ഷം ടണ്‍ സിന്തറ്റിക് ഗ്രാഫൈറ്റ് ആനോഡ് ഉല്പാദിപ്പിക്കാനാണ് പദ്ധതി. ഇത് ലോകത്തിന്റെ ആകെ ആവശ്യത്തിന്റെ പത്ത് ശതമാനം വരും. ലിഥിയം അയോണ്‍ ബാറ്ററികളുടെ നെഗറ്റീവ് ഇലക്ട്രോഡ് ആണ് ആനോഡ് ലഭ്യമാക്കുക. ഇപ്പോള്‍ ലോകത്തിനാവശ്യമായ ആനോഡുകളുടെ 80 ശതമാനവും ഉല്പാദിപ്പിക്കുന്നത് ചൈനയാണ്. ഈ രംഗത്ത് ചൈനയെ വെല്ലുവിളിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
തെക്കന്‍ കൊറിയയിലും എല്‍ജി കെം, ജപ്പാന്റെ പാനസോണിക് കോര്‍പ്. എന്നിവ ഇലക്ട്രിക് ബാറ്ററി നിര്‍മ്മാണത്തിന് രംഗത്തെത്തിക്കഴി്ഞ്ഞു.
ചൈനയില്‍ നിന്നും കാര്‍ ഉല്പാദകരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനും മോദി ശ്രമിക്കുന്നുണ്ട്. ഇലോണ്‍ മസ്കിന്റെ ടെസ് ല ഫാക്ടറി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ മോദി ശ്രമിക്കുന്നുണ്ട്. പക്ഷെ വിജയിച്ചിട്ടില്ല. ആദ്യം വിദേശത്ത് നിന്നും ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്ത് വിറ്റഴിക്കാനാവുമെന്ന് വന്നാല്‍ ഇന്ത്യയില്‍ ടെസ് ലയുടെ നിര്മ്മാണഫാക്ടറി ആരംഭിക്കാമെന്ന നിലപാടിലാണ് ഇലോണ്‍ മസ്ക്. വൈകാതെ ഒരു സമഗ്ര ബാറ്ററി നയം പ്രഖ്യാപിക്കുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി പറയുന്നു. 2030ഓടെ ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളില്‍ 30 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. പക്ഷെ ഇത് കൈവരിക്കണമെങ്കില്‍ സര്‍ക്കാരിന് ഉല്പാദനം, ഗവേഷണം, വികസനം, സാങ്കേതികവിദ്യാമാറ്റം എന്നിവയില്‍ കൃത്യമായ സമഗ്ര പദ്ധതി വേണം. 2040ല്‍ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളുടെ ഉപഭോഗത്തിന്റെ കാര്യത്തില്‍ ലോകത്തിലെ നാലാമത്തെ രാജ്യമായി മാറും. ഇലക്ട്രിക് വാഹനങ്ങളുടെ ലഭ്യത കൂടിയാല്‍ 2030ഓടെ പെട്രോള്‍-ഡീസല്‍ ഇറക്കുതിയില്‍ 4000 കോടി ഡോളര്‍ ലാഭിക്കാനാവുമെന്ന് നീതി ആയോഗ് പറയുന്നു.
പക്ഷെ യാഥാര്‍ത്ഥ്യം ഇപ്പോഴും ഈ ലക്ഷ്യങ്ങളുടെ അടുത്തേയില്ല. വെറും 3,400 ഇലക്ട്രിക് വാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റഴിച്ചത്. 17 ലക്ഷം ഇന്ധനകാറുകള് വിറ്റപ്പോഴാണിത്.
അതേസമയം, കംപ്യൂട്ടര്‍ വിപ്ലവം പോലെയൊരു വിപ്ലവമാണ് ഇലക്ട്രിക് കാറുകളുടെ വ്യപനത്തോടെയുണ്ടാവാന്‍ പോകുന്നതെന്നാണ് വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ ജ്യൂറി ബോര്‍ഡ് അംഗവും ഓട്ടോമോട്ടീവ് റിവ്യൂവറുമായ ഹാനി മുസ്തഫ പറയുന്നത്. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ട ഹാര്‍ഡ് വെയറുകളൊക്കെ സജ്ജമാക്കി കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇലക്ട്രിക് വാഹനം വ്യാപകമാകാന്‍ കാലതാമസം വേണ്ടി വരില്ല. ഇന്ത്യയെ സംബന്ധിച്ച് ലിഥിയം ബാറ്ററി ഉല്‍പ്പാദനമില്ലാത്തതാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില വര്‍ധക്കാന്‍ കാരണം. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടാക്സ് ഡിഡക്ഷനും സബ്സിഡിയും നല്‍കുന്നതോടെ ഏവരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്നും ഹാനി മുസ്തഫ പറയുന്നു.
ഇതിനുള്ള ചില നീക്കങ്ങള്‍ 2019ലെ ബജറ്റില്‍ ഉണ്ടായി. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12ല്‍ നിന്ന് 5 ശതമാനമാക്കി ചുരുക്കി. 1.5 ലക്ഷം രൂപയുടെ ആദായനികുതി ഇളവും പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷത്തേക്ക് 10,000 കോടി രൂപ ഹൈബ്രിഡ് ഇലക്ട്രിക് വാഹനനിര്‍മ്മാണത്തിന് ആക്കം കൂട്ടാനായി നീക്കിവെച്ചു. അതിനാവശ്യമായ റോഡും ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും സ്ഥാപിക്കാന്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് 100 ലക്ഷം കോടി മുതല്മുടക്കാനും കേന്ദ്രം ഉദ്ദേശിക്കുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള മറ്റു വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാന്‍ അഭ്യര്‍ഥിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര്.കെ. സിങ് കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതിക്കഴിഞ്ഞു. ഇത് ജനങ്ങള്‍ക്ക് പ്രചോദനമാകുമെന്നും അവര്‍ക്ക് ഈ -മൊബിലിറ്റിയിലേക്കു മാറാനുള്ള പ്രോത്സാഹനമായി അത് മാറുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇലക്ട്രിക് വാഹന നിര്‍മ്മാണ മേഖലയില്‍ വന്‍ പദ്ധതിയുമായാണ് കമ്പനികള്‍ ഇന്ത്യയില്‍ എത്തുന്നത്. 2023ഓടെ ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണം തുടങ്ങാനാണ് ഒല പദ്ധതി ഇടുന്നത്.
ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കള്‍ എന്ന നിലയില്‍ നിന്നും ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ എന്ന ലേബലിലേക്കും വളര്‍ന്നിരിക്കുകയാണ് ഒല. കഴിഞ്ഞ ദിവസമാണ് ഒല ഇലക്ട്രിക് ബ്രാന്റിന്റെ കീഴില്‍ എസ്1, എസ്1 പ്രോ എന്നീ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകള് ഇന്ത്യയില്‍ എത്തിയത്. ഇലക്ട്രിക് ഇരുചക്ര വാഹന ശൃംഖല കാര്യക്ഷമമാക്കുന്നതിനൊപ്പം ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണത്തിലേക്ക് ചുവടുവെയ്ക്കുമെന്ന സൂചനയാണ് ഒലയുടെ മേധാവിയായ ഭവീഷ് അഗര്‍വാള്‍ നല്‍കുന്നത്.
ഇതിനായി കൂടുതല്‍ നിക്ഷേപകര്‍ മുന്നിട്ടിറങ്ങണമെന്നും ഒലയുടെ സിഇഒ ഭവീഷ് അഗര്‍വാള്‍ പറയുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇത്തരം വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഒല ഉറപ്പാക്കുന്നത്. ആഗസ്ത് 15നാണ് ഒല ഇലക്ട്രിക് സ്കൂട്ടറുകള് വിപണിയില്‍ അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനായി കോടികള്‍ നിക്ഷേപിച്ച് തമിഴ്നാട്ടില്‍ ഒലയുടെ വാഹന നിര്മ്മാണപ്ലാന്റും ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രിക് കാര്‍ നിര്‍മ്മാണ രംഗത്ത് ടാറ്റയും മഹീന്ദ്ര ആന്റ് മഹീന്ദ്രയും ഏറെ ചുവടുകള്‍ മുന്നോട്ട് വെച്ച് കഴിഞ്ഞു. സാധാരണക്കാര്‍ക്ക് കൈപൊള്ളാത്ത ഇലക്ട്രിക് വാഹനമാണ് ടാറ്റയുടെ ലക്ഷ്യം. 2025ല്‍ 10 തരം ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ രംഗത്തെത്തിക്കുന്നത്. മഹീന്ദ്ര ഇലക്ട്രിക് വാഹന സ്വപ്നം പരീക്ഷിച്ചെങ്കിലും പരാജയമടഞ്ഞു. ചില ത്രീവീലറുകളാണ് മഹീന്ദ്രക്ക് വിജയകരമായി പരീക്ഷിക്കനായത്. ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അവര്‍ രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കാം. മാരുതി ഇക്കാര്യത്തില്‍ പുറം തിരിഞ്ഞുനില്ക്കുന്നത് സങ്കടകരമാണ്.
വരുംവര്‍ഷങ്ങളില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങളെല്ലാം ഇലക്ട്രിക് കരുത്തിലുള്ളതായിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ ഇന്ത്യയെ ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റുന്നതിനാണ് മോദി ആലോചിക്കുന്നത്.2023ല്‍ മുഴുവന്‍ 150സിസി ഇരുചക്രവാഹനങ്ങള്‍ എല്ലാം ഇലക്ട്രിക് ആയിരിക്കണമെന്നും 2025ല്‍ മുഴുവന്‍ ത്രിചക്രവാഹനങ്ങളും ഇലക്ട്രിക് ആക്കാനുമാണ് നീതി ആയോഗിന്റെ നിര്‍ദേശം.
ലക്ഷ്യം കൈവരിക്കാന്‍ ‘ഇലക്ടിക് വാഹനങ്ങളിലേക്ക് മാറൂ’ എന്ന ആഹ്വാനം കേന്ദ്രസര്‍ക്കാര്‍ ശക്തമായി നടപ്പാക്കി വരികയാണ്. ഇത് വഴി കാര്‍ബണ്‍ പ്രസാരണം കുറയ്ക്കല്‍, ഊര്‍ജ്ജ സുരക്ഷ, ഊര്‍ജ്ജ കാര്യക്ഷമത എന്നിവ കൈവരിക്കലാണ് ലക്ഷ്യമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: