കൊട്ടിയം: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന അലങ്കാരമത്സ്യങ്ങള്‍ മോഷണം പോയി. ഇരവിപുരം ജോളി ജംഗ്ഷന് സമീപം ശരവണ നഗറില്‍ ലക്ഷ്മി വിലാസത്തില്‍ ശോഭയുടെ ഉടമസ്ഥതയിലുള്ള ചന്ദ്രുട്ടന്സ് അക്വേറിയത്തിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വീടിനുമുകളില്‍ സൂക്ഷിച്ചിരുന്ന അലങ്കാരമത്സ്യങ്ങള്‍ മോഷണം പോയത്. പിറ്റേന്ന് രാവിലെ തീറ്റ നല്കാന് എത്തിയപ്പോഴാണ് മോഷണവിവരം വീട്ടുകാര്‍ അറിയുന്നത്. എണ്‍പതിനായിരത്തോളം രൂപ വിലവരുന്ന അലങ്കാര മത്സ്യങ്ങള്‍, ഗ്ലാസ് ബൗളുകള്‍, ഫിഷ് ടാങ്ക് ടോപ്പുകള്‍, ഫിഷ് ഫുഡ് എന്നിവയും മോഷണം പോയി.
രണ്ടാഴ്ച മുന്‍പ് ശോഭയുടെ വീട്ടില്‍ നിന്നും വില്‍പ്പനയ്ക്കായി വച്ചിരുന്ന നാല് മുയലുകളും മോഷണം പോയിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ കൊവിഡ് ബാധിതരായി ക്വാറന്റൈനില്‍ കഴിഞ്ഞു വരവെയാണ് മോഷണം നടന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ക്യാന്‍സര്‍ ബാധിതനായി ഭര്‍ത്താവ് മരണപ്പെട്ട ശോഭ ഒന്നരവര്‍ഷം മുമ്പാണ് ഉപജീവനത്തിനായി അലങ്കാരമത്സ്യങ്ങളുടെ വില്‍പ്പന ആരംഭിച്ചത്. ഇതുവഴി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ശോഭയും മൂന്ന് വയോധികരും ഏഴു വയസ്സുള്ള മകനും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.
മീനുകള്‍ നഷ്ടമായതോടെ ഇവരുടെ വരുമാനം നിലച്ച അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: