ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം പിന്തുടരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ‘തീവ്രവാദ വിരുദ്ധ’ കോഴ്സിന് അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്‍കിയതിനെതിരേ പ്രതിപക്ഷം രംഗത്ത്. പ്രത്യേക കോഴ്സ് ഉള്‍പ്പെടുത്തുന്നതിനെതിരേ സിപിഐ രാജ്യസഭ എംപി ബിനോയ് വിശ്വം രംഗത്തെത്തി.
നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ബിനോയ് വിശ്വം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു, ‘ജെഎന്‍യു കോഴ്സില്‍ തീവ്രവാദ വിരുദ്ധത, സമമല്ലാത്ത സംഘര്‍ഷങ്ങള്‍; പ്രധാന ശക്തികള്‍ തമ്മിലുള്ള സഹകരണത്തിനുള്ള തന്ത്രങ്ങള്‍’ എന്ന പേരിലുള്ള കോഴ്സ് കൃത്യതയില്ലാത്തും അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതുമാണെന്നാണ് ബിനോയ് വിശ്വത്തിന്റെ ആരോപണം.
അര്‍ദ്ധസത്യങ്ങളും അക്കാദമിക സത്യസന്ധതയില്ലാത്ത വിവരങ്ങളും അവതരിപ്പിക്കുന്നതിലൂടെ രാജ്യത്തെ രാഷ്ട്രീയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള വേദിയായി ഉന്നത വിദ്യാഭ്യാസം ഉപയോഗിക്കുന്നു എന്നാണ് കത്തിലെ ആരോപണം. എന്നാല്‍, കോഴ്സില്‍ മൗലികവാദ-മതഭീകരതയുടെ ഒരേഒരു രൂപം ജിഹാദി ഭീകരതയാണെന്ന് ഉയര്‍ത്തിക്കാട്ടിയതാണ് ബിനോയ് വിശ്വത്തെ ചൊടിപ്പിച്ചത്. മാത്രമല്ല, ഭരണകൂടം സ്പോണ്സര് ചെയ്ത ഭീകരതയില്‍ ചൈനയേയും സോവിയറ്റ് യൂണിയനേയും പരമാര്‍ശിച്ചതും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് എംപി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ‘ആഴത്തിലുള്ള മുന്‍വിധിയും രാഷ്ട്രീയ പ്രേരിതവുമാണ്’ എന്ന് കത്തില്‍ എംപി പറയുന്നു. നിക്ഷിപ്ത രാഷ്ട്രീയവും സാമുദായിക താല്‍പ്പര്യവും നിറവേറ്റുന്നതിനുള്ള ‘ചരിത്രത്തിന്റെ വക്രീകരണമാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ബിനോയ് വിശ്വം.
ഓഗസ്റ്റ് 17 നണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ ‘തീവ്രവാദത്തിനെതിരായ പോരാട്ടം, സമമല്ലാത്ത സംഘര്‍ഷങ്ങള്‍, പ്രധാന ശക്തികള്‍ തമ്മിലുള്ള സഹകരണത്തിനുള്ള തന്ത്രങ്ങള്‍’ എന്ന പേരില്‍ പുതിയ ഓപ്ഷണല്‍ കോഴ്സ് പാസാക്കിയത്. ജെഎന്‍യുവില്‍ ബിടെക് പൂര്‍ത്തിയാക്കിയ ശേഷം ഡ്യുവല്‍ ബിരുദം തിരഞ്ഞെടുത്ത് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ സ്പെഷ്യലൈസേഷനോടെ എംഎസ് പഠിക്കാന്‍ പോകുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ ഓപ്ഷണല്‍ കോഴ്സ് പഠിക്കാന്‍ അവസരം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: