മോഹനകൃഷ്ണന്‍ കാലടി
ഇടശ്ശേരി ഒരിക്കലും ഒരു അധ്യാപകനായിരുന്നില്ല; തൊഴില്‍കൊണ്ട് വക്കീല്‍ ഗുമസ്തനായിരുന്നു. ‘ചൂരലിന്റെ മുമ്പില്‍’ എന്ന കവിതയ്‌ക്ക് അദ്ദേഹം തന്നെ രചിച്ച ഒരു മുന്‍കുറിപ്പുണ്ട്; ‘ഞാന്‍ ഒരധ്യാപകനായില്ല. പക്ഷേ കുറച്ചുകാലം ഒരു സ്‌കൂള്‍കുട്ടിയായിരുന്നു. പൊതിരെ തല്ല് കൊണ്ട ഒരു സ്‌കൂള്‍കുട്ടി. വികൃതികാട്ടിയതിനല്ല, അധ്യാപകന്റെ പ്രതീക്ഷയ്‌ക്കൊത്ത് പഠിപ്പില്‍ ഉയരാത്തതിന്.’ പക്ഷേ ആ സ്‌കൂള്‍കുട്ടി വളര്‍ന്ന്, തന്റെ ജീവിതാനുഭവങ്ങള്‍ കൊണ്ട്, ആത്മവിചാരങ്ങള്‍ കൊണ്ട്, കുട്ടികളെ മാത്രമല്ല, അധ്യാപകരേയും അധ്യയന വ്യവസ്ഥയേയും തന്നെ വിചാരണ ചെയ്യാന്‍ കെല്‍പ്പുള്ള, ആചാര്യനായി മാറുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ ഇടശ്ശേരിയുടെ പല കവിതകളിലും ഒളിഞ്ഞുതെളിയുന്നുണ്ട്.
ഇടശ്ശേരിയുടെ ഏറ്റവും വിഖ്യാതമായ ‘പൂതപ്പാട്ടി’ല്‍ നിന്നു തന്നെ തുടങ്ങാം.
‘വിളക്ക് വെച്ചു, സന്ധ്യാനാമവും കഴിഞ്ഞു, ഉറക്കം തൂങ്ങിക്കൊണ്ടു ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട, പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളൂ’ എന്ന ആമുഖസംഭാഷണത്തോടെയാണ് പൂതപ്പാട്ട് തുടങ്ങുന്നത്. പുതിയ വിദ്യാഭ്യാസ രീതി ശീലിച്ചവര്‍ക്ക് ഗുണകോഷ്ഠം ചിലപ്പോള്‍ ഒട്ടും പരിചിതമായിരിക്കില്ല. ‘മള്‍ട്ടിപ്ലിക്കേഷന്‍ ടേബിള്‍’ എന്നു പറഞ്ഞാല്‍ കുറച്ചാളുകള്‍ക്കൊക്കെ ഓര്‍മ്മയുണര്‍ന്നേകാം. ചിലര്‍ക്ക് നെറ്റിചുളിഞ്ഞേക്കാം. എന്തുമാവട്ടെ മുപ്പത് നാല്‍പ്പത് കൊല്ലം മുമ്പ് ഒരു ശരാശരി കേരളീയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ദിനചര്യകളിലൊന്നായിരുന്നു ഈ ഗുണകോഷ്ഠം ഉരുവിടല്‍. സന്ധ്യാ നാമത്തിന് ശേഷം, അതിനെത്തുടര്‍ന്ന്, അതിന്റെ തുടര്‍ച്ചയെന്നോണം, തുടക്കത്തില്‍ പരപ്രേരണയാലും പിന്നെപ്പിന്നെ താനറിയാത്തൊരു ശീലമായും സംഭവിച്ചുപോരുന്നൊരു പ്രക്രിയയാണത്. പലരും ഗുണനപ്പട്ടികയെ സന്ധ്യാനാമത്തിന്റെ ഭാഗമായിത്തന്നെ കരുതിയിട്ടുണ്ടാവണം.
പഠിപ്പും പ്രാര്‍ത്ഥനയും ഇടകലര്‍ന്ന് കിടന്നിരുന്ന കാലം. അല്ലെങ്കില്‍ പഠിപ്പിനേക്കാള്‍ വലിയ പ്രാര്‍ത്ഥനയെന്താണുള്ളത്. ഗുണകോഷ്ഠത്തേക്കാള്‍ ശ്രേഷ്ഠതരമായ നാമാവലിയേതാണ്? എല്ലാം ശബ്ദത്തിന്റെ വിവിധങ്ങളായ കണക്ക് പറച്ചിലുകള്‍ മാത്രം. അബോധത്തിലെങ്കിലും ഈയൊരു തിരിച്ചറിവുണ്ടായിരുന്ന, ജ്ഞാനോന്മുഖമായ ഒരു കാലത്തെ ഓര്‍മപ്പെടുത്തുന്നതാണ് ഗുണകോഷ്ഠം എന്ന ആ ഒരൊറ്റവാക്ക്. മാത്രമല്ല, അധ്യയനത്തിന്റേതായ ഒരന്തരീക്ഷം ആ പദം സൃഷ്ടിക്കുന്നു. കഥപറയുന്നയാള്‍ ആചാര്യനും ശ്രോതാവ് പഠിതാവുമായി നാടകവേദിയൊരുങ്ങുന്നു. കഥ, പാഠം കൂടിയാണല്ലോ.
ആറ്റുവക്കത്തെ മാളികവീട് അവിടത്തെ നങ്ങേലിയമ്മയ്‌ക്ക് ആറ്റുനോറ്റുണ്ടായ ഉണ്ണി തലയിലും താഴത്തും വെയ്‌ക്കപ്പെടാതെ വളര്‍ന്ന ഉണ്ണി പള്ളിക്കൂടത്തിലേക്ക് പോകുന്നു. പോകും വഴിയിലൊരു പൂതം പാര്‍ക്കുന്നുണ്ട്. പൂതം ഒരു പെണ്‍കിടാവിന്റെ രൂപത്തില്‍വന്ന് ഉണ്ണിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുന്നു. കുന്നിന്‍ ചെരുവിലിരുന്ന് അവര്‍ തെറ്റിപ്പൂ കോര്‍ത്ത് കളിക്കുമ്പോഴാണ്, നങ്ങേലി ഉണ്ണിയെ തിരഞ്ഞ് വരുന്നത്. ഉണ്ണിയെ വിട്ടുകൊടുക്കില്ലെന്ന് പൂതം. കൊണ്ടുപോവുമെന്ന് അമ്മ. അമ്മയുടെ മനഃശക്തിക്ക് മുന്‍പില്‍ പൂതം തോറ്റുപോകുന്നു. നങ്ങേലിക്ക് ഉണ്ണിയെ തിരികെ ലഭിക്കുന്നു. ഇതാണ് പൂതപ്പാട്ടിന്റെ പ്രത്യക്ഷകഥ.
ഈ കഥയ്‌ക്കപ്പുറം പോയാല്‍ കവിത മൊത്തമായും നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയുടെ തന്നെ ഒരു അപഗ്രഥനമായി കാണാവുന്നതാണ്.
”ഉണ്ണിയ്‌ക്കേഴു വയസ്സു കഴിഞ്ഞു
കണ്ണും കാതുമുറച്ചു കഴിഞ്ഞു…..
എങ്കില്‍ ഇനി ലാളന മതി. അവന്‍ പള്ളിക്കൂടത്തില്‍ പോയി പഠിക്കട്ടെ. ആരു തീരുമാനിച്ചു. ആറ്റിന്‍വക്കത്തെ മാളികവീട്ടിലെ അമ്മ തീരുമാനിച്ചു; വീട്ടിനു ചുറ്റുമുള്ള സമൂഹം തീരുമാനിച്ചു. നല്ലത്, ഏഴു വയസ്സ് വരെ വീട്ടിലെ ലാളന, അത് കഴിഞ്ഞാല്‍ എഴുത്തുപള്ളിയിലെ ശാസന. ഈയൊരു വ്യവസ്ഥാപിത സങ്കല്‍പ്പമൊരുക്കിവെച്ച കെണിയിലാണ് ഓരോ ഉണ്ണിയും ചെന്നു വീഴുന്നത്. പുളിയിലക്കര മുണ്ടിന്റെ യൂണിഫോമിട്ട് അവന്‍ പള്ളിക്കൂടം എന്ന സാധ്യതയിലേക്കിറക്കിവിടപ്പെടുന്നു.
‘സ്‌കൂളിപ്പോവുമ്പോ അച്ഛന്‍ എനിക്കെന്തെല്ലാം വാങ്ങിത്തരുമെന്നറിയാമോ പുതിയ ബാഗ്, പുതിയ ഉടുപ്പ്….’ എന്ന് പരസ്യം വരുന്നത് എത്രയോ ദശകങ്ങള്‍ക്കിപ്പുറമാണ്. എന്നാല്‍ വീട് എന്ന സ്വപ്‌നകേന്ദ്രത്തിനും പള്ളിക്കൂടം എന്ന വിപണിക്കുമിടയില്‍ ഇക്കാലത്തെപ്പോലെ അന്നും ഒരു കുന്നുണ്ടായിരുന്നു; പറയന്റെ കുന്ന്. ഈ വാചകം തിരുത്തിപ്പറയണമോ എന്ന് തീര്‍ച്ചയില്ല, അതായത് സവര്‍ണ്ണഗേഹത്തിനും അഭിജാത വിദ്യാലയത്തിനുമിടയിലെ അധഃകൃതന്റെ കുന്ന് എന്ന്. വിദ്യാലയത്തിലേക്ക് പോകുന്ന ഏതൊരു കുട്ടിയും ഇന്നും അത്തരമൊരു കുന്നിനെ മറികടക്കാന്‍ ബാധ്യസ്ഥനാണ്. പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും ദുരിതങ്ങളും നിറഞ്ഞ ഒരു ഭൂപ്രദേശം, മാറ്റിനിര്‍ത്തപ്പെട്ടവന്റെ തെരുവ്, നിഷേധിക്കപ്പെട്ടവന്റെ ചുടലപ്പറമ്പ്, വിദ്യാഭ്യാസ വ്യവസ്ഥകള്‍ക്കുള്ളില്‍ വെറും ഡാറ്റയ്‌ക്കപ്പുറം ഒരിടവും കിട്ടാത്തവന്റെ താഴ്‌വര. അത്തരം ദുരന്തസ്ഥലങ്ങളെ നിസ്സംഗമായി, കണ്ടില്ലെന്ന് നടിച്ചുകൊണ്ട്, അവിടത്തെ വിലാപങ്ങള്‍ കേട്ടില്ലെന്ന് നടിച്ചു കൊണ്ട് കടന്നുപോയ ഉണ്ണികളാണ് പഠിച്ചും പരീക്ഷകള്‍ ജയിച്ചും ആറ്റിന്‍വക്കത്ത് പുതിയ പുതിയ മാളികകള്‍ പണിഞ്ഞുകൂട്ടിക്കൊണ്ടേയിരിക്കുന്നത്.
റോബര്‍ട്ട് ഫ്രോസ്റ്റ് പക്ഷേ മറ്റൊരുതരക്കാരനായിരുന്നു. ‘കുറച്ച് നേരം ഈ കാട് കണ്ടുനില്‍ക്കുകയെങ്കിലും ചെയ്യാം, മഞ്ഞ് വീഴുന്നത് നോക്കിനില്‍ക്കുകയെങ്കിലുമാവാം’ എന്നൊക്കെ ഫ്രോസ്റ്റ് സഹതാപം കൊള്ളുന്നു. അടുത്ത നിമിഷത്തില്‍ പക്ഷേ അദ്ദേഹത്തിലെ പ്രായോഗികമതിയുണരുന്നു.
‘ഞാന്‍ പക്ഷേ പാലിക്കേണമൊട്ടേറെ പ്രതീക്ഷകള്‍/ പ്രതിജ്ഞകള്‍ പോകണമേറെ ദൂരം വീണുറങ്ങീടും മുന്‍പേ’ എന്ന് കാഴ്ചയവസാനിപ്പിച്ച്, മഞ്ഞ് വീഴുന്ന കാടിനെ ഒറ്റയ്‌ക്ക് വിട്ട് ഫ്രോസ്റ്റ് തന്റെ വ്യവഹാരങ്ങളിലേക്ക് നടന്നുമറയുന്നു. പക്ഷേ, പൂതപ്പാട്ടിലെ ഉണ്ണിയ്‌ക്കത് സാധിക്കുന്നില്ല.
പൂതം ഒരു ഓമനപ്പെണ്‍കിടാവായാണ് അവനെ വന്ന് വിളിക്കുന്നത്. പുതിയ വായനയില്‍ അതൊരു പെണ്‍കിടാവ് തന്നെയാണെന്ന് തെളിയിക്കുന്നു. പള്ളിക്കൂടത്തില്‍ പോകാന്‍ സാധ്യതകളില്ലാത്തൊരു കുട്ടി. ഓലയെഴുത്താണികളെത്തൊട്ടശുദ്ധമാക്കാന്‍ ഭയക്കുന്ന കുട്ടി. മാളികവീട്ടില്‍ പുറംലോകം കാണാതെ വളര്‍ത്തപ്പെട്ട ആണ്‍കുട്ടിയെ മുന്നില്‍ കണ്ടപ്പോള്‍, കുന്നിന്‍ ചരിവില്‍ പാറക്കെട്ടില്‍ കളിച്ചുവളര്‍ന്ന പെണ്‍കുട്ടിയ്‌ക്ക് തോന്നുന്ന കൗതുകം അത്രമേല്‍ നൈസര്‍ഗ്ഗികവും നിരുപാധികവുമായിരിക്കണം. ആ കൗതുകം ഉണ്ണിയും പ്രകടിപ്പിക്കുന്നുണ്ട്.
പെണ്‍കിടാവ് പറയുന്നു,
”വണ്ടോടിന്‍ വടിവിലെഴും
നീലക്കല്ലോലകളില്‍
മാന്തളിരിന്‍ തൂവെള്ളി
ച്ചെറുമുല്ലപ്പൂ മുനയില്‍
പൂന്തണലില്‍ ചെറുകാറ്റ
ത്തിവിടെയിരുന്നെഴുതാലോ”
എന്തിനാണ് ഈ പരുക്കന്‍ ഓലകളില്‍ ഇരുമ്പാണികൊണ്ടെഴുതി കുഞ്ഞുവിരല്‍ വേദനിപ്പിക്കുന്നത്? ഈ ഓലക്കെട്ടും എഴുത്താണിയും എന്തൊരു ഭാരമാണ്? ഈ സ്‌കൂള്‍ ബാഗ് എന്തൊരു ചുമടാണ്? പ്രകൃതി തന്നെ മൃദുലമായ എഴുത്ത് പ്രതലങ്ങളും അതിനേക്കാള്‍ മൃദുലമായ എഴുത്താണികളേയും ഒരുക്കിവെച്ചിട്ടുള്ളപ്പോള്‍ എന്തിനാണീ കൃത്രിമോപകരണങ്ങള്‍?
ഈ ദൃശ്യത്തിന്റെ നിഴലിലൂടെയാണ് ഇടശ്ശേരിയുടെ ‘പള്ളിക്കൂടത്തിലേക്ക് വീണ്ടും’ എന്ന കവിത സഞ്ചരിക്കുന്നത്. ആദ്യമായി പാഠശാലയിലേക്ക് പോകാനൊരുങ്ങി നില്‍ക്കുന്ന കുട്ടിയെ ആശീര്‍വദിച്ച് യാത്രയാക്കുന്ന പിതാവിന്റെ വിചാരങ്ങളാണീ കവിത. പുതുവസ്ത്രവും പുതിയ പുസ്തകവുമായി പുറപ്പെടാനൊരുങ്ങിയ കുട്ടിയെകാത്ത്, മുറ്റത്തെ അലരിച്ചില്ലമേല്‍ രണ്ട് കുഞ്ഞുപക്ഷികള്‍ വന്നിരിപ്പുണ്ട്. ഇന്നലെവരെ അവന്റെ കൂട്ടായിരുന്നവര്‍. അവരോട് അവസാനമായിട്ടൊരു യാത്ര ചൊല്ലാനാണ് പിതാവ് പറയുന്നത്. ‘സ്‌കൂളില്‍പ്പോയി വ്യാകരണമൊക്കെ പഠിച്ചുവരുമ്പോഴേക്കും കിളികളോടും പൂതങ്ങളോടുമൊക്കെ സംവദിക്കാന്‍ കിയുന്ന ജഗന്മനോരമ്യഭാഷ നീ മറന്നുപോകും കുഞ്ഞേ’ എന്ന് അച്ഛന്‍ വിഷാദം കൊള്ളുന്നു.
പുസ്തകജ്ഞാനം അഥവാ ഔപചാരിക വിദ്യാഭ്യാസം മനുഷ്യനെ പ്രകൃതിയില്‍ നിന്നും മറ്റു ജീവികളില്‍ നിന്നും സ്വാഭാവികമായ ജീവിതാനന്ദങ്ങളില്‍ നിന്നും അകറ്റിക്കൊണ്ടുപോകുന്ന പദ്ധതി കൂടിയാണെന്ന് ഈ കവിത വിളിച്ചുപറയുന്നു. ഔപചാരിക വിദ്യാഭ്യാസമാണ് മനുഷ്യനില്‍ അഭിജാതബോധവും വിഭാഗീയ ചിന്തകളും സൃഷ്ടിക്കുന്നത് ഭേദബുദ്ധി വളര്‍ത്തുന്നത് എന്ന തിരിച്ചറിവും ഈ കവിതയില്‍ വിളക്കിച്ചേര്‍ത്തിരിക്കുന്നു. എന്നാല്‍ കവി ഔപചാരിക വിദ്യാഭ്യാസത്തിനെതിരല്ല. ‘കൈയ്യക്ഷരം നല്ലതാക്കൂ’ എന്ന തന്റെ പിതാവിന്റെ ആശയമാണ് കവിയുടെ വിചാരങ്ങളെ സമതുലനപ്പെടുത്തുന്നത്.
‘എന്‍ കുഞ്ഞേ ജീവിതമീയുഗത്തില്‍
സങ്കീര്‍ണ്ണമല്ലോ കുറച്ചു കൂടി’ എന്നുകൂടി പുതിയ പിതാവ്/ രക്ഷിതാവ് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് ഈ യുഗത്തിലെ പിതാവിന്റെ ആശംസ ഇങ്ങനെയായാല്‍ നന്നായിരുന്നു എന്ന കവി ആഗ്രഹിക്കുന്നുമുണ്ട്;
‘നീയെന്തായ്‌ത്തീരണ,മാമുകുളം
നിന്നിലേ നിന്നു വിരിഞ്ഞീടട്ടെ’
നീ ഡോക്ടറാവണോ, കലക്ടറാവണോ, അധ്യാപകനാവണോ എന്ന് നീ തന്നെ തീരുമാനിക്കുക, തിരിച്ചറിയുക. ‘നീ നിന്റെ വിളക്കാവുക’ എന്നാണ് ബുദ്ധന്‍ തന്റെ പ്രിയ ശിഷ്യനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍ പൂതപ്പാട്ടിന്റെ പരിണാമ ഗുപ്തി ഇങ്ങനെയല്ല. കുന്നിന്‍ ചെരുവിലെ പെണ്‍കിടാവിനോട് മല്ലിട്ട്, സംവാദത്തില്‍ ജയിച്ച്, (അതോ കായികമായിത്തന്നെ നേരിട്ടോ) നങ്ങേലി ഉണ്ണിയെ തിരിച്ചുകൊണ്ടുപോവുന്നു.
‘തോറ്റു മടങ്ങിയടങ്ങീ പൂതം’
ആ പെണ്‍കിടാവിനെ ആദ്യമായി പൂതം എന്ന് വിശേഷിപ്പിച്ചതാരാവും നങ്ങേലിയോ, മാളികവീട്ടിന് ചുറ്റും ചൊടിച്ച് നില്‍ക്കുന്ന സമൂഹമോ? അതൊരു നിഷ്‌ക്കളങ്കമായ വിളിയാണെന്ന് മാത്രം പറയരുതേ…
ഈ കഥ പറഞ്ഞുകൊടുത്തപ്പോള്‍ പണ്ടൊരുകുട്ടി ചോദിച്ചു, ‘അപ്പോള്‍ പിന്നെ ഉണ്ണി സ്‌കൂളില്‍ പോയില്ലേ’ എന്ന്. ഉണ്ണിയെ അവിടെനിന്ന് മാറ്റി വേറെ സ്‌കൂളില്‍ ചേര്‍ത്തു, ഹോസ്റ്റലിലാക്കി, ഉണ്ണിക്ക് പോയി വരാന്‍ പ്രത്യേക കുതിരവണ്ടി ഏര്‍പ്പാടാക്കി എന്നൊക്കെയുള്ള വ്യത്യസ്ത സമാധാനങ്ങളാണ് ആ സംശയം തീര്‍പ്പാക്കാന്‍ മുന്നോട്ട് വെയ്‌ക്കാനുള്ളത്. സത്യത്തില്‍ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക? മാളികവീട്ടിലെ കുട്ടിയെ പള്ളിക്കൂടത്തില്‍ പോകാന്‍ സമ്മതിക്കാതെ കളിക്കാന്‍ കൂട്ടിയതിന് എന്തെന്ത് ശിക്ഷകള്‍ ആ പെണ്‍കിടാവ് ഏറ്റുവാങ്ങേണ്ടി വന്നിരിക്കില്ല!
അവളുടെ കുടുംബം തന്നെ ഭ്രഷ്ടരാക്കപ്പെട്ട് ആ കുന്നിന്‍ ചരിവില്‍ നിന്ന് ഓടിപ്പോകേണ്ടി വന്നിരിക്കില്ലേ! ആ തകര്‍ച്ചയുടെ ഓര്‍മയല്ലേ ആണ്ടോടാണ്ട് മകരക്കൊയ്‌ത്ത് കഴിഞ്ഞാല്‍ അമ്പിളിപ്പൂങ്കുല മെയ്യിലണിഞ്ഞുവരുന്ന പൂതം. ഇത്തരം പരാജയങ്ങളുടെ ഓര്‍മപ്പെടുത്തല്‍ കൂടിയല്ലേ അധഃകൃതന്റെ ഒട്ടുമിക്ക ആഷോഷങ്ങളും, ആചാരങ്ങളും. നമ്മുടെ ഓണം പോലും അത്തരമൊരു ചരിത്രത്തിന്റെ സാക്ഷ്യപ്പെടുത്തലല്ലേ. ഈ വിധം ഭേദബുദ്ധിയ്‌ക്ക്, വര്‍ഗ്ഗസംഘര്‍ഷങ്ങള്‍ക്ക് തുടക്കമിടുന്നതും അതിനെ സജീവമാക്കി നിലനിര്‍ത്തുന്നതും വിദ്യാഭ്യാസ വ്യവസ്ഥയുടെ/ ജ്ഞാന മാര്‍ഗ്ഗത്തിന്റെ പോരായ്മകളാണോ എന്ന ചോദ്യം കൂടി ഈ വരികള്‍ക്കിടയിലെവിടെയോ ഉണ്ട്.
മാളികവീട്ടില്‍ നിന്ന് വിദ്യാലയത്തിലേക്ക് പോകുംവഴി പറയന്‍കുന്ന് കയറിയിറങ്ങേണ്ടിവരുന്ന ഏതൊരുണ്ണിയിലും ഒരു ബുദ്ധന്റെ സാധ്യതയുണ്ട്. ആ സാധ്യതയെ രക്ഷിതാക്കള്‍/ സമൂഹം/ പ്രായോഗിക വിദ്യാഭ്യാസ വ്യവസ്ഥ എന്നീ പേരുകളുള്ള പ്രതി വൈരുധ്യങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ഊതിക്കെടുത്തിക്കളയുന്നു.
‘ഉപരിപഠനത്തിന്,’ ‘ഗുരുസ്മരണ’, ‘എന്റെ ബാലപാഠം’, ‘ആശാന്‍ പറഞ്ഞത്’…. ഇങ്ങനെ വിവിധ കവിതകളിലായി തന്റെ വിദ്യാഭ്യാസ ചിന്തകളെ വ്യത്യസ്ത രൂപങ്ങളില്‍ ഇടശ്ശേരി അവതരിപ്പിച്ചിട്ടുണ്ട്. ‘കാവിലെ പാട്ട്’, ‘ഒരുപിടി നെല്ലിക്ക’ തുടങ്ങി മറ്റൊരു കൂട്ടം കവിതകളില്‍ ജ്ഞാനമാര്‍ഗ്ഗത്തെ മറ്റൊരു തലത്തില്‍ പ്രതിഷ്ഠിക്കാനും അദ്ദേഹം ശ്രമിക്കുന്നത് കാണാം.
തുടക്കത്തില്‍ പരാമര്‍ശിച്ച ‘ചൂരലിന്റെ മുമ്പില്‍’ എന്ന കവിത മറ്റൊരു കഥയാണ് പറയുന്നത്. ഒരു ദുരന്തവേളയില്‍ തന്റെ ഹൃദയവൈരൂപ്യം കണ്ടെത്തിയ ഒരു പാവം അധ്യാപകന്റെ പശ്ചാത്താപമാണീ കവിത. ആ ദുരന്തമോ അതേ അധ്യാപകനും അയാളുള്‍ക്കൊള്ളുന്ന വ്യവസ്ഥയും ചേര്‍ന്ന് സൃഷ്ടിച്ചതും. എല്ലാക്കാലവും പിന്‍ബഞ്ചിലിരുത്തപ്പെടുന്ന, പിന്‍ബഞ്ചിലിരുന്ന് ബീഡിവലിക്കാന്‍ വിധിക്കപ്പെട്ട ശിഷ്യനാണ് ആ വ്യവസ്ഥയിലെ വില്ലന്‍. ചൂരലിന് മുന്നില്‍ തോറ്റ് വീണ്, പനിച്ച് കിടന്ന് വില്ലന്‍ എന്നെന്നേക്കുമായി പിന്‍വാങ്ങി മറയുന്നു. വ്യവസ്ഥയ്‌ക്ക് മറ്റൊരു ശല്യം കൂടി ഒഴിഞ്ഞുകിട്ടുന്നു. അന്നേരത്ത് പക്ഷേ, അവനെ ‘പുണ്യഖണ്ഡം’ എന്നൊക്കെ പരാമര്‍ശിക്കാന്‍ തയ്യാറാവുന്ന ഗുരുവിന്റെ പശ്ചാത്താപം അത്രയൊക്കെ ആത്മാര്‍ത്ഥതയുള്ളതാണോ എന്ന സംശയം കവിത ബാക്കി നിര്‍ത്തുന്നുണ്ട്; പുണ്യഖണ്ഡങ്ങളെ തിരിച്ചറിയുന്നതില്‍ നമ്മുടെ ജ്ഞാനവ്യവസ്ഥ പര്യാപ്തമാണോ എന്ന ആശങ്കയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: