ബെംഗളൂരു: കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി സംസ്ഥാനം. കൊവിഡ് കേസുകളില്‍ കുത്തനെയുള്ള വര്‍ദ്ധനവ് കണക്കിലെടുത്ത് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് നിര്‍ബന്ധമാക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള എല്ലാ സന്ദര്‍ശകര്‍ക്കും നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് മാനദണ്ഡം ബാധകമാകുമെന്ന് റവന്യൂ മന്ത്രി ആര്. അശോക് പറഞ്ഞു. കൂടാതെ, ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കിയ ശേഷം സന്ദര്‍ശകര്‍ക്ക് കൊവിഡ് പരിശോധന നടത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിന്റെ ഏഴാം ദിവസം യാത്രക്കാര്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ മാത്രം ക്വാറന്റൈന് സംവിധാനത്തില്‍ നിന്നും ഇവരെ പുറത്തേക്ക് പോകാന്‍ അനുവദിക്കും. യാത്രക്കാര്‍ ഇരു ഡോസ് വാക്സിനുകള്‍ എടുത്തിട്ടുണ്ടെങ്കിലും, ആര്‍ടി-പിസിആര്‍ നെഗറ്റീവ് ഫലം കൈവശമുണ്ടെങ്കിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാരെ തിരിച്ചറിയുന്നതിനായി വിമാനത്താവളം, ബസ് ടെര്‍മിനല്‍, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളില്‍ പ്രത്യേക ടീമുകളെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. കേരളാ അതിര്‍ത്തികളില്‍ പരിശോധനക്കായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കും.
ഹ്രസ്വകാല സന്ദര്‍ശകര്‍ക്കുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും മുഴുവന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ തുടര്‍ച്ചയായി കേസുകള്‍ 15,000 കടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജൂലൈ അവസാനത്തോടെ മഹാരാഷ്ട്രം, കേരളം എന്നിവിടങ്ങളില്‍ നിന്നും ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് ബിബിഎംപി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് പ്രഖ്യാപിച്ചിരുന്നു. യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് പരിശോധന ഫലം കൈവശം വെക്കാത്തവര്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നതായിരുന്നു ബിബിഎംപി നിര്‍ദേശം.
എന്നാല്‍ നിലവില്‍ കേരളത്തില്‍ നിന്നും വരുന്നവര്‍ ബെംഗളൂരുവിനെ കൂടാതെ ദക്ഷിണ കന്നട, മംഗളൂരു, കോലാര്‍ മുതലായ ജില്ലകളിലേക്കും പ്രവേശിക്കുന്നുണ്ടെന്നും അതിനാല്‍ നിയന്ത്രണം സംസ്ഥാനത്തുടനീളമുള്ള ജില്ലകള്‍ക്ക് ബാധകമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ കൊവിഡ് രോഗസ്ഥിരീകരണ നിരക്ക് 19 ശതമാനമായ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ കൂടുതല്‍ ജാഗ്രതകള്‍ വേണ്ടത് അനിവാര്യമാണ്. ഇതിനിടെ ചിക്കമംഗളുരു, ഹാസന്, മൈസൂരു, ശിവമോഗ, കോലാര്‍, കലബുര്‍ഗി ജില്ലകളിലെ ചില നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് പരിഗണിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുടക്, ഹാസന്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും നിലവിലുള്ള രാത്രി കര്‍ഫ്യൂ ഇളവ് ചെയ്യും. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളായ ദക്ഷിണ കന്നട, കുടക് ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും, നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാനുമാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം വിവാഹം പോലുള്ള ചടങ്ങുകളില്‍ 400ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല. നിലവില്‍ കര്‍ണാടകത്തില്‍ ദിനേന കേസുകള്‍ താരതമ്യേന കുറവാണ്. എന്നിരുന്നാലും ജാഗ്രത പാലിക്കുന്നത് തുടരണമെന്ന് ജില്ലാ അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: