തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. വിമാനത്താവളം ഏറ്റെടുക്കാനുള്ള നടപടിയില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറണമെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണെന്നും അത് കേന്ദ്രം അംഗീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
അദാനിയുമായി കരാറൊപ്പിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതിയില്‍ ഉണ്ട്. ഇക്കാര്യത്തില്‍ തീര്‍പ്പ് ഉണ്ടാകുന്നതിനുമുമ്പ് ധൃതിപിടിച്ച് സേവനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടതില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി ആരോപിക്കുന്നു.
പിണറായി സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ തിരുവനന്തപുരം വിമാനത്താവളം വേഗത്തില്‍ ഏറ്റെടുക്കാനുള്ള നീക്കവുമായി അദാനി ഗ്രൂപ്പ് മുന്നോട്ട് പോകുകയാണ്. ഈ വരുന്ന ഒക്ടോബര്‍ 18 ന് വിമാനത്താവളം നടത്തിപ്പ് ഏറ്റെടുക്കാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.
വിമാനത്താവള നടത്തിപ്പിനുള്ള ധാരണാപത്രം വ്യോമയാനമന്ത്രാലയവുമായി ഒപ്പുവച്ചു. 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പ് വിമാനത്താവള നടത്തിപ്പിനായുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ കസ്റ്റംസ്, ഇമിഗ്രേഷന്‍, സെക്യൂരിറ്റി, എയര്‍ ട്രാഫിക് മാനേജ്മെന്റ്, കമ്യൂണിക്കിഷേന്‍ നാവിഗേഷന്‍ സര്‍വ്വൈലന്‍സ് തുടങ്ങിയ സേവനങ്ങളുടെ ചുമതല എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്കും വ്യോമയാന മന്ത്രാലയത്തിനും സംയുക്തമായാണ്. ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിലാണ് അദാനി ഗ്രൂപ്പ് ഒപ്പുവെച്ചത്. അതേസമയം നടത്തിപ്പ്, പരിപാലനം, വികസനം, ഭൂമി എന്നിവയുടെ ചുമതല അദാനിക്കാണ്.
വിമാനത്താവളം നടത്തിപ്പ് അദാനിയ്ക്ക് കൈമാറിയതില്‍ പിണറായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സിപിഎമ്മില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഈ എതിര്‍പ്പുകള്‍ തുടരുന്നതിനിടയിലാണ് വിമാനത്താവള ഏറ്റെടുക്കല്‍ വേഗത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അദാനി ഗ്രൂപ്പ് നടത്തുന്നത്. ഇത് പിണറായി സര്‍ക്കാരിന് തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: