ന്യൂദല്‍ഹി: പിആര്‍ വര്‍ക്കുകള്‍ അവസാനിച്ചതോടെ കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന്റെ പൊള്ളത്തരം ജനം തിരിച്ചറിഞ്ഞപ്പോള്‍ രണ്ടാംഘട്ട കൊവിഡ് വ്യാപനത്തില്‍ ഏറെ പഴികേട്ട യുപി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മികച്ച കൊവിഡ് പ്രതിരോധ നടപടികള്‍ കാഴ്ച വെയ്ക്കുന്നു. രാജ്യത്തെ കൊവിഡ് കേസുകളുടെ മൂന്നില്‍ രണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ 24 കോടി ജനങ്ങളുള്ള യുപിയില്‍ വെറും 16 കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ബീഹാറില്‍ ഇരുപത്തൊന്നും ദല്‍ഹിയില്‍ അറുപത്തഞ്ചും പുതിയ കേസുകള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തിലെ കണക്ക് 32,801 ആണ്. കേരളത്തില്‍ നിലവില്‍ 1.8 ലക്ഷം രോഗികളാണുള്ളത്.
യുപിയിലെ ഒരാഴ്ചയിലെ ശരാശരി രോഗികളുടെ എണ്ണം 19 ആണ്. നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ പതിനഞ്ചു ലക്ഷത്തിലധികവും. എന്നാല്‍ കേരളത്തിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി രോഗികളുടെ എണ്ണം 25,000ത്തില്‍ അധികമാണ്.
യുപിയിലെ 59 ജില്ലകളിലും പുതിയ കൊവിഡ് കേസുകളില്ല. എന്നിട്ടും ആര്‍ടിപിസിആര്‍ പരിശോധനകള്‍ ശക്തമായി തുടരുന്നു. 16 ജില്ലകളില്‍ നിന്നായി 22 പുതിയ കേസുകള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 28 പേര്‍ക്ക് രോഗമുക്തി. സംസ്ഥാനത്താകെ 354 പേര് മാത്രമാണ് നിലവില്‍ യുപിയില്‍ രോഗബാധിതര്‍. പ്രതിദിനം രണ്ടുലക്ഷത്തിലധികം പരിശോധനയാണ് യുപിയില്‍ നടക്കുന്നത്. അതില്‍ തന്നെ 70ശതമാനവും ആര്‍ടിപിസിആര്‍. കേരളത്തില്‍ നടക്കുന്ന പരിശോധനകളില്‍ 30-35 ശതമാനം മാത്രമാണ് ആര്‍ടിപിസിആര്‍.
വാക്സിനേഷന് പ്രക്രിയയിലും യുപിയാണ് മുന്നില്‍. വെള്ളിയാഴ്ച ഒരുകോടി വാക്സിനുകള്‍ രാജ്യത്ത് നല്കി റിക്കോര്ഡിട്ടപ്പോള് യുപിയില്‍ മാത്രം 28.62 ലക്ഷം വാക്സിന് ഡോസുകളാണ് നല്‍കിയത്. കര്‍ണ്ണാടകയില്‍ 10.80 ലക്ഷം വാക്സിനുകളും മഹാരാഷ്ട്രയില്‍ 9.84 ലക്ഷം വാക്സിനുകളുമാണ് വെള്ളിയാഴ്ച വിതരണം ചെയ്തത്. കേരളത്തില്‍ പരമാവധി അഞ്ചുലക്ഷം പേര്‍ക്ക് വാക്സിനേഷന് നടത്താനുള്ള ശേഷിയേ ഉള്ളൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുന്നത്. യുപിയില്‍ രണ്ട് മരണങ്ങള് മാത്രം റിപ്പോര്‍ട്ട് ചെയ്ത കഴിഞ്ഞ ദിവസം കേരളത്തിലെ കൊവിഡ് മരണങ്ങള് 215 ആണ്. കൊവിഡിന്റെ അതിരൂക്ഷ വ്യാപനം തടയാനാവാതെ കേരളം സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്കും രാത്രി കര്‍ഫ്യൂവിലേക്കും പോകുമ്പോള്‍ യുപിയും ദല്‍ഹിയും അടക്കമുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ സപ്തംബറില്‍ സ്കൂളുകള്‍ തുറക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: