കണ്ണൂര്‍: യൂണിവേഴ്സിറ്റി ചാന്‍സിലറായ ഗവര്‍ണര്‍ അറിയാതെ കണ്ണൂര്‍ സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയ രജിസ്ട്രാറുടെ നടപടി വിവാദത്തില്‍. വിവിധ വിഷയങ്ങളിലായി 71 ബോര്‍ഡുകളാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് യോഗം പുനഃസംഘടിപ്പിക്കുകയും രജിസ്ട്രാര്‍ ഉത്തരവിറക്കുകയും ചെയ്തത്. രണ്ട് വര്‍ഷം കാലാവധിയുള്ള ബോര്‍ഡ് അംഗങ്ങളെയും ചെയര്‍മാനെയും സര്‍വ്വകലാശാല നിയമപ്രകാരം ചാന്‍സിലറായ ഗവര്‍ണറാണ് നാമനിര്‍ദേശം ചെയ്യേണ്ടത് എന്നിരിക്കെ സിന്‍ഡിക്കേറ്റ് നടപടി കുറ്റകരമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യൂണിവേഴ്സിറ്റി നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ ബാധ്യസ്ഥനായ വിസി നിയോഗിച്ച സിന്‍ഡിക്കേറ്റിന്റെ മൂന്നംഗ സമിതിയാണ് ഗവര്‍ണറെ മറികടന്ന് ബോര്‍ഡ് അംഗങ്ങളുടെ പേരുകള്‍ നിര്‍ദേശിച്ചത്. രജിസ്ട്രാറുടെ നടപടിക്കെതിരേ സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റിയുടെ എം. ഷാജര്‍ഖാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് പരാതി നല്കി.
സ്വകാര്യ ട്യൂഷന്റെ പേരില്‍ ശിക്ഷാ നടപടി നേരിട്ട സിപിഎം സഹയാത്രികനടക്കമുള്ള ഇടത് അനുകൂലികളായ യോഗ്യതകളില്ലാത്തവരെയാണ് ഭൂരിഭാഗവും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഉപസമിതിയില്‍ തിരുകിക്കയറ്റിയിരിക്കുന്നത്. വിവിധ കോഴ്സുകളുടെ സിലബസുകളും പാഠപുസ്തകങ്ങളും തയ്യാറാക്കലും ചോദ്യപേപ്പര്‍ തയ്യാറാക്കേണ്ടവരുടെ പാനല്‍ രൂപീകരിക്കുന്നതടക്കവുമുള്ള ചുമതലകളാണ് ബോര്‍ഡുകള്‍ക്കുള്ളത്. സര്‍ക്കാര്‍, എയിഡഡ് കോളജുകളിലെ യുജിസി നിഷ്ക്കര്‍ഷിക്കുന്ന യോഗ്യതയുള്ളവരെ മാത്രമേ ബോര്‍ഡുകളിലേക്ക് നാമനിര്‍ദേശം ചെയ്യാവൂയെന്നിരിക്കെ സ്വാശ്രയ അണ് എയിഡഡ് കോളജ് അധ്യാപകരെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാധാരണരീതിയില്‍, നോമിനേറ്റ് ചെയ്യപ്പെടേണ്ട മുഴുവന്‍ പേരുടെയും ബയോഡാറ്റയും യോഗ്യതയും പരിശോധിച്ച ശേഷം ഗവര്‍ണറാണ് ഉത്തരവിറക്കേണ്ടത്. അയോഗ്യരായവരുടെ പേര് ഗവര്‍ണര്‍ അംഗീകരിക്കില്ലെന്ന് മുന്‍കൂട്ടിക്കണ്ടാണ് സിപിഎം നേതൃത്വം നല്കുന്ന സിന്‍ഡിക്കേറ്റ് രജിസ്ട്രാറെ സ്വാധീനിച്ച് ഉത്തരവിറക്കിയത്. യൂണിവേഴ്സിറ്റിയുടെ അക്കാദമിക് തലത്തില്‍ കൈകടത്തി സിലബസുകളും മറ്റും പാര്‍ട്ടിക്കനുകൂലമായ രീതിയില്‍ ഉപയോഗപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്. കണ്ണൂര്‍ സര്‍വ്വകലാശാല രൂപം കൊണ്ടതു മുതല്‍ സിപിഎംവത്കരണത്തിന്റെ ഇടമാണ് യൂണിവേഴ്സിറ്റി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കങ്ങളുമെന്ന് വ്യക്തമാണ്.
യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ ലംഘിച്ച് രൂപംകൊടുത്ത ബോര്‍ഡുകള്‍ പുനഃസംഘടിപ്പിച്ച് യോഗ്യരായവരെ നിയമിക്കണമെന്നും ഗവര്‍ണറെ അവഹേളിച്ച് ബോര്‍ഡ് അംഗങ്ങളെ നിയമിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിക്കെതിരേ നടപടിയെടുക്കണമെന്നും ഇവരുടെ ഇംഗിതത്തിനനുസരിച്ച് ഉത്തരവിറക്കിയ രജിസ്ട്രാറെ നീക്കം ചെയ്യണമെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: