തിരുവനന്തപുരം: കൊവിഡ് അതി തീവ്രവ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ തുടങ്ങും. രാത്രി 10 മുതല്‍ രാവിലെ ആറു വരെയാണ് നിയന്ത്രണം. ഈ സമയത്ത് സ്വകാര്യയാത്രകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകും. പുതിയ ഉത്തരവ് വരുന്നത് വരെ നിയന്ത്രണം തുടരും.
കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ രാത്രി 10 മണിക്ക് മുമ്പ് പുറപ്പെടുന്ന സര്‍വീസുകള്‍ മാത്രമേ ഉണ്ടാകൂ. കൂടുതല്‍ ആള്ക്കാര് യാത്രയ്ക്കായി ഉണ്ടെങ്കില്‍ മാത്രമേ അതിനു ശേഷമുള്ള റൂട്ടുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ആശുപത്രിയിലേക്കുള്ള യാത്രകള്‍, ചരക്കുവാഹനങ്ങള്‍, അവശ്യ സര്‍വീസിലുള്ള ജീവനക്കാര്‍, അടുത്ത ബന്ധുക്കളുടെ മരണത്തിന് പോകുന്നവര്‍, ദീര്‍ഘദൂര യാത്രക്കാര്‍ എന്നിവര്‍ക്ക് യാത്രാവിലക്കുണ്ടാകില്ല. അവശ്യ സര്‍വീസ് ജീവനക്കാര്‍ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. ട്രെയിന്‍, വിമാനം, കപ്പല്‍ യാത്രക്കാര്‍ക്കും ദൂര്‍ഘദൂര ബസുകളില്‍ പോകേണ്ടവര്‍ക്കും ഇളവുണ്ട്. ഇവര്‍ യാത്രാരേഖകള്‍ പരിശോധനാ സ്ഥലങ്ങളില്‍ കാണിക്കണം. മറ്റ് അത്യാവശ്യത്തിന് പോകേണ്ടവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.
ഇന്ന് മുതല്‍ പ്രതിവാര രോഗബാധ ജനസംഖ്യാ അനുപാതം (ഡബ്ല്യൂഐപിആര്‍) ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. നേരത്തെ ഡബ്ല്യൂഐപിആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലകളിലേക്ക് ചുമതലപ്പെടുത്തിയ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും നിയന്ത്രണങ്ങളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ച അഡീഷണല്‍ എസ്പിമാരും ഇന്ന് ചുമതലയേറ്റെടുക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: