ആര്. പ്രസന്നകുമാര്‍
(അധ്യക്ഷന്‍,ബാലഗോകുലം)
ഇരുള്‍പോലെ പടര്‍ന്ന ഭൂമിയുടെ വിഷാദത്തിനു മീതേ, നിറതിങ്കളായുദിച്ച മഹാപ്രസാദമാണ് ഭഗവാന് ശ്രീകൃഷ്ണന്. തുറുങ്കില്‍ അടയ്ക്കപ്പെട്ട നിര്ഭാഗ്യവതിയായ അമ്മയ്ക്ക് പരമാനന്ദം നല്കുന്ന മകനായാണ് ശ്രീകൃഷ്ണന് വര്‍ണിക്കപ്പെടുന്നത്.
കാരാഗൃഹത്തിലും കാലിത്തൊഴുത്തിലും കാളിയഫണങ്ങളിലും പുഞ്ചിരി പൊഴിച്ചു വളര്‍ന്ന അമ്പാടിക്കണ്ണന് ഒരു ദുര്‍വിധിക്കും തോല്പിക്കാനാവാത്ത ജീവിതത്തിന്റെ സൗന്ദര്യമാണ്. നിര്‍ണായകമായ ജീവിതസമരത്തില്‍ ആയുധമുപേക്ഷിച്ച് തളര്‍ന്നിരുന്ന വിഷാദമൂര്‍ത്തിയെ വിജയനാക്കുവാന് വിശ്വത്തോളം വളര്‍ന്ന ആത്മവിശ്വാസത്തിന്റെ പേരാണ് ശ്രീകൃഷ്ണന്. കോവിഡ് അനുബന്ധ ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കുവാന്‍ ഈ വര്‍ഷത്തെ ജന്മാഷ്ടമി ആഘോഷങ്ങള്‍ സഹായകമാവട്ടെ എന്നു പ്രത്യാശിക്കാം.
ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയാണ് ഉത്തരഭാരതത്തില്‍ ‘ജന്മാഷ്ടമി’യായി കണക്കാക്കി വരുന്നത്. കേരളത്തിലിത് ചിങ്ങമാസത്തിലെ ‘അഷ്ടമിരോഹിണി’യാണ്. കൃഷ്ണവേഷം ധരിച്ച കുട്ടികളും നാമഘോഷം മുഴക്കുന്ന ഭജനസംഘങ്ങളും ദ്വാപരയുഗസ്മൃതികളുണര്ത്തുന്ന നിശ്ചലദൃശ്യങ്ങളുമായി ഗ്രാമ നഗര വീഥികളിലൂടെ ഒഴുകിപ്പരക്കുന്ന ശോഭായാത്രകള്‍ ആണ് ശ്രീകൃഷ്ണജയന്തിയെ ശ്രദ്ധേയമാക്കുന്നത്. ഉറിയടിയും ഗോപൂജകളും ഗോപികാനൃത്തങ്ങളുമായി കേരളഭൂമിയാകെ അമ്പാടിയായി മാറുന്ന അത്ഭുതക്കാഴ്ച്ച ആരെയാണ് ആകര്ഷിക്കാത്തത്!
”കുട്ടികളയ്യാ നിര്‍വൃതി പെയ്യും
കുട്ടികളല്ലോ ദൈവങ്ങള്‍”
എന്ന് അക്കിത്തം അച്യുതന് നമ്പൂതിരിയും
”പഞ്ഞക്കെടുതിയില്പ്പോലും പാതയില്‍
പാട്ടും ഭജനയും ആഘോഷം”
എന്ന് മഹാകവി വൈലോപ്പിള്ളിയും ഈ അത്ഭുതത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിക്കുന്നു. സഫലമായ ബാല്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഉള്ളില്‍ നിറയുന്നത് അമ്പാടിക്കണ്ണന്റെ രൂപമാണ്. പീലിക്കിരീടവും ഓടക്കുഴലും മഞ്ഞത്തുകിലും വെണ്ണച്ചിരിയും ചേര്‍ന്ന ആ കോമളബാലനാണ് ഭാരതം ലോകത്തിനു സമര്‍പ്പിച്ച ബാല്യത്തിന്റെ മാതൃക. ഓരോ കുഞ്ഞും കണ്ണനെപ്പോലെയാവണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു. വര്‍ഷംതോറുമുള്ള ശോഭായാത്രയിലൂടെ ആ സ്വപ്നമാണ് സാക്ഷാത്കരിക്കുന്നത്.
ഇന്ന് ലോകം വിഷാദഭരിതമാണ്. പതിനെട്ട് മാസമായി തുടരുന്ന രോഗഭീതിയുടെ അനിശ്ചിതത്വം ആശങ്കയായി മാറിയിട്ടുണ്ട്. കളിയും ചിരിയും നിലച്ച കുട്ടികള്‍ വീടുകളില്‍ മൂകരായി ഇരിക്കുന്നു. തൊഴില്‍രംഗവും കലാലോകവും പ്രതിസന്ധിയുടെ പിടിയിലാണ്. യന്ത്രലോകത്തിലേക്ക് വശീകരിക്കപ്പെട്ട മനുഷ്യമനസ്സും യന്ത്രമായിത്തീര്‍ന്നിരിക്കുന്നു. സ്നേഹം ഇണയെ കൊന്നുകളയുന്ന പകയായി പരിണമിച്ചിരിക്കുന്നു. കുട്ടികളോടുള്ള ക്രൂരതകളും കുട്ടിക്കുറ്റവാളികളും ഭയാനകമായി പെരുകുന്നു. ഭീകരവാദത്തിന്റെ മരണക്കിണറുകള്‍ വീണ്ടും തുറക്കപ്പെടുന്നു. ആകെക്കൂടി ജീവിതം മധുരമില്ലാത്ത കനിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഘനീഭൂതമായ കാര്‍മേഘം പോലെ വിതുമ്പി നില്ക്കുന്ന വിഷാദം വര്‍ത്തമാനകാലത്തിന്റെ യാഥാര്‍ത്ഥ്യമാണ.് ആ ഇരുട്ട് മറികടന്നുകൊണ്ടല്ലാതെ നമുക്ക് മുന്നേറാനാവില്ല. അതുകൊണ്ട് ‘വിഷാദം വെടിയാം വിജയം വരിക്കാം’ എന്ന സന്ദേശം മുന്നില്‍ വച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ ജന്മാഷ്ടമി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഭൂമിയുടെ മഹാസങ്കടങ്ങള്‍ പരിഹരിക്കുവാന്‍ യുഗങ്ങള്‍ തോറും അവതാരങ്ങള്‍ സംഭവിക്കും എന്ന ഉറപ്പ് ഭഗവദ്ഗീത ലോകത്തിനു നല്‍കുന്നുണ്ട്. ഓരോ ജന്മാഷ്ടമിയും ഈ ഉറപ്പ് ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. ഏതു വിപത്തിലും സമാശ്വാസമായി ഒരു മുരളീനാദം ഉള്ളില്‍ തുടിക്കുന്നുണ്ട്. ഏതു പ്രളയത്തിലും അതിജീവനത്തിന്റെ ഒരാലിലത്തോണി കാത്തിരിക്കുന്നുണ്ട്. സമകാലികവും സാര്‍വകാലികവുമായ സങ്കടങ്ങള്‍ക്ക് പരിഹാരം ഈ ശുഭചിന്തയാണ്. മഥുരാപുരിയിലെ തടവറയില്‍നിന്ന് അമ്പാടിയുടെ ശീതളച്ഛായയിലേക്ക് നമ്മെ നയിക്കുന്ന ശ്രീകൃഷ്ണഗാഥകള്‍ വിഷാദരോഗത്തിനുള്ള ഔഷധസേവ കൂടിയാണ്
സാമൂഹികമായ ഒരുമ ശ്രീകൃഷ്ണജീവിതം നല്കുന്ന മുഖ്യസന്ദേശമാണ്. ഓരോ അമ്മയ്ക്കും സ്വന്തം മകന് എന്നു തോന്നുമാറ് കണ്ണന് എല്ലാ വീട്ടിലെയും അംഗമായിരുന്നു. കണ്ണനു കവര്‍ന്നെടുക്കാന്‍ വാത്സല്യത്തിന്റെ പാല്വെണ്ണകള് അവര്‍ ഉള്ളില്‍ ഒരുക്കി വച്ചിരുന്നു. അയല്‍വീടുകള്‍ ഒരുമിക്കുമ്പോഴാണ് അമ്പാടി രൂപംകൊള്ളുന്നത്. പരസ്പരം സ്നേഹിച്ചും സഹായിച്ചും പങ്കുവെച്ചും പുലരുന്ന ഭാരതീയഗ്രാമജീവിതത്തിന്റെ ആദര്‍ശമാതൃകയാണ് അമ്പാടി മുറ്റം. അവിടെ കന്നുപൂട്ടിയും കാലിമേച്ചും പുലരുന്ന കേവലരായ കര്‍ഷകരുടെ കൂടെയാണ് കണ്ണന് വളര്‍ന്നത്. സമൃദ്ധികള്‍ ഏറെയൊന്നുമില്ലെങ്കിലും സംതൃപ്തരായി ജീവിച്ച ഗോപകുടുംബങ്ങള് സ്നേഹച്ചരടില്‍ കോര്‍ത്തെടുത്ത വനമാല പോലെ ഒരു മനസ്സോടെ പുലരുന്ന ചിത്രമാണ് ശ്രീകൃഷ്ണകഥയില്‍ നാം തിരിച്ചറിയുന്നത.്
മഥുരാപുരിയും അമ്പാടിയും രണ്ടു സ്ഥലനാമങ്ങള്‍ മാത്രമല്ല, അവ രണ്ട് മനോഭാവങ്ങളാണ്. രണ്ടു ജീവിത സമീപനങ്ങളാണ്. പണവും പദവിയും പ്രധാനമായി പരിഗണിക്കപ്പെടുന്ന നഗരസംസ്ക്കാരത്തിന്റെ മാതൃകയാണ് മഥുരാപുരി. അവിടെ സ്വന്തബന്ധങ്ങള്‍ക്ക് വിലയൊന്നുമില്ല. അച്ഛനെ ജയിലിലാക്കി അധികാരം നേടുന്നത് അവിടെ അഭികാമ്യമാണ്. അധികാരിയുടെ ആയുസ്സിനു വേണ്ടി ഏതു കുഞ്ഞിനെയും കൊന്നൊടുക്കുന്ന ക്രൂരത ന്യായീകരിക്കപ്പെടുന്നു. മുലപ്പാലിലും മരണം ഭയക്കേണ്ടി വരുന്നു. കുമാതാക്കളും കുപുത്രന്മാരും പെരുകുന്നു. പടയും പാളയവുമുള്ള അധികാരഗര്‍വിന്റെ ആള്‍രൂപമാണ് കംസന്. അയാളുടെ ഭരണത്തില്‍ ഒരു സഹോദരിക്കും ദയ കിട്ടുന്നില്ല. ഒരു ഉപദേശവും സ്വീകാര്യമാകുന്നില്ല. ഇന്ന് നമുക്കുചുറ്റും മഥുരാപുരികള്‍ പെരുകി വരികയാണ്. നാടും നാട്ടുനന്മയും ശുദ്ധജലവും ശുദ്ധമനസ്സും നഷ്ടമായിരിക്കുന്നു. തന്റെ കുഞ്ഞിന് സുരക്ഷിതമായി വളരാനുള്ള ഒരിടം തേടി അര്‍ദ്ധരാത്രിയിലെ പെരുമഴയത്ത് ഇറങ്ങിപ്പുറപ്പെടുന്ന അച്ഛന്റെ വ്യഥ ഇന്ന് ഓരോ രക്ഷിതാവും പങ്കുപറ്റുന്നുണ്ട്. മധുരംപുരട്ടിയ വിഷപ്പൊതികളില് നിന്ന്, തട്ടിയെടുത്ത പകുത്തു വില്‍ക്കുന്ന കമ്പോളങ്ങളില്‍ നിന്ന,് അശുദ്ധരക്തവാഹികളായ അധോലോകമാര്ഗങ്ങളില് നിന്ന് നമ്മുടെ കുട്ടികളെ ആര് സംരക്ഷിക്കും? ഏത് അമ്മയുടെ മടിത്തട്ടില്‍ അവര്‍ ഉറങ്ങി ഉണരും? ഏത് ആറ്റിന്‍വക്കത്ത് അവര്‍ ഓടിക്കളിക്കും? ഏതു കാട്ടുമരച്ചുവട്ടിലിരുന്ന് അവര്‍ സ്വപ്നങ്ങളുടെ പൂമാല കോര്‍ക്കും? ഗ്രാമങ്ങളെല്ലാം നഗരങ്ങളായി വളര്‍ന്നിരിക്കുന്നു. അമ്പാടിമുറ്റങ്ങള്‍ അന്തഃപുരങ്ങളായി. ഗോക്കളും ഗോരസങ്ങളും പായ്ക്കറ്റില്‍ കിട്ടുന്ന പട്ടണവിഭവങ്ങളായി. വസുദേവ ദുഃഖം പെരുകിപ്പെരുകി വരുന്ന കലികാലദുരിതങ്ങള്ക്ക് പരിഹാരമായാണ് ബാലഗോകുലം രൂപംകൊണ്ടത്.
ഇരുളിനപ്പുറം പ്രകാശപൂര്‍ണമായ ഒരു ലോകം നമ്മെ കാത്തിരിക്കുന്നു. നാട്ടുനന്മയുടെ നറുംപാല് നുകര്‍ന്ന് വളരുന്ന സുന്ദരമായ ഒരിടം കുട്ടികള്‍ക്ക് ആവശ്യമാണ്. കുട്ടികളുടെ ചെറുസംഘങ്ങള്‍ മലകള്‍ക്ക് കാവലാകുന്ന ലോകം. നദിയില്‍ വിഷം കലര്‍ത്തുന്നവരെ വിരട്ടിയോടിക്കുന്ന ലോകം. അവിടെ വേഷം മാറിയെത്തുന്ന വിപത്തുകള്‍ തിരിച്ചറിയപ്പെടുന്നു. വാ പിളര്ന്നെത്തുന്ന, പ്രതിസന്ധികളില്‍ തളര്‍ന്നു പതിക്കാതെ, സ്വയം വളര്‍ന്നു വിജയിക്കുന്നു. ശ്രീകൃഷ്ണനെ ആദര്‍ശമായി സ്വീകരിച്ച് കുട്ടികളുടെ ഒരു സംഘടന രൂപപ്പെടുത്തുമ്പോള്‍ ഇത്തരം സാത്വികസങ്കല്പങ്ങളാണ് അതിന്റെ വിധാതാക്കളെ നയിച്ചിരുന്നത്. നാല്പതിലധികം വര്‍ഷങ്ങളായി ബാലഗോകുലം ആ അമ്പാടി ധര്‍മ്മം നിര്‍വഹിച്ചു വരുന്നു.
ഓരോ വീടും ഇന്നു വൃന്ദാവനമായി മാറുകയാണ്. അയല്‍ വീടുകള്‍ ഒരുമിച്ച് അമ്പാടി മുറ്റം ഒരുക്കി കണ്ണനൂട്ടും കൃഷ്ണകുടീരവുമൊരുക്കി ഭഗവാന്റെ പിറന്നാളാഘോഷിക്കും. കൃഷ്ണ ഗോപികാ വേഷംധരിച്ച കുട്ടികളോടൊപ്പം കുടുംബാംഗങ്ങള്‍ അമ്പാടി മുറ്റത്ത് ചെറിയ ശോഭയാത്ര നടത്തും. ഓരോ കുടിലിനു മുന്നിലും കരുണാ മുരളീധാര പൊഴിക്കുന്ന ആ ശ്യാമസുന്ദരന്‍ എത്തിച്ചേരും. അംഗപരിമിതരെ കൈപിടിച്ചുയര്‍ത്താനും അവമതിക്കപ്പെടുന്ന അബലയ്ക്ക് അഴിയാത്ത ചേലയായി അനുഗ്രഹമരുളാനും അവിടുന്ന് ഒപ്പമുണ്ടാവും. മുറിവേറ്റവരോടൊപ്പം, കുടിയിറക്കപ്പെട്ടവരോടൊപ്പം, മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കൊപ്പം, കണ്ണീര് തുടയ്ക്കുന്ന കരുതലായി കണ്ണനുണ്ടാകും. ആധിയും വ്യാധിയും ഭീതിയുമെല്ലാം ആ പാദങ്ങളില്‍ സമര്‍പ്പിക്കുക. സര്‍വദുഃഖങ്ങളും ശമിച്ച് ഭൂമി ശാന്തയാവട്ടെ. കാലദോഷങ്ങളകന്ന് ലോകം സുഖസമൃദ്ധമാവട്ടെ. ആയുരാരോഗ്യസൗഖ്യം നുകര്‍ന്ന് ജീവിതം കൃതാര്ത്ഥമാവട്ടെ.എല്ലാവര്ക്കും സര്‍വ്വ മംഗള സമ്പൂര്‍ണ്ണമായ ജന്മാഷ്ടമി ആശംസിക്കുന്നു.
കണ്ണന്റെ കളിത്തൊട്ടിലാണ് കേരളം
മഥുരയും വൃന്ദാവനവും ദ്വാരകയും കുരുക്ഷേത്രവും വിദര്‍ഭയും പ്രാഗ്ജ്യോതിഷവുമൊന്നും കേരളത്തിലല്ലെങ്കിലും കണ്ണന് ഇന്നാട്ടുകാരനാണ്. കേശവന്, മാധവന്, അച്യുതന്, ഗോവിന്ദന് തുടങ്ങി വ്യക്തിനാമങ്ങളേറെയും കൃഷ്ണ നാമങ്ങളാണ്. ഇഷ്ടം കൂടുമ്പോള്‍ കണ്ണനെന്നാവും നാം ആരെയും വിളിക്കുക. പ്രിയതമനെയും പ്രിയപുത്രരെയും അങ്ങനെ വിളിച്ചിട്ടില്ലാത്ത സ്ത്രീകളുണ്ടാവില്ല. രാധയായും യശോദയായും പകര്‍ന്നാടുന്ന മനസ്സാണ് മലയാളി പെണ്ണിനുള്ളത്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളുടെ കാര്യത്തിലും കേരളം മുന്‍നിരയിലാണ്.
തെക്ക് അനന്തശായിയായ ശ്രീപത്മനാഭനും മധ്യഭാഗത്ത് അമ്പലപ്പുഴയിലെ അമ്പാടിക്കണ്ണനും വടക്ക് ഭൂലോകവൈകുണ്ഠമായ ഗുരുവായൂരിലെ ആനന്ദകൃഷ്ണനും കേരളജനതയുടെ കാവല്‍ദൈവങ്ങളാണ് ആറന്മുളയില് പാര്‍ത്ഥസാരഥിയായും തിരുവല്ലയില്‍ ശ്രീവല്ലഭനായും തിരുനാവായില്‍ നാവാമുകുന്ദനായും തൃച്ചംബരത്ത് കംസവൈരിയായും നെയ്യാറ്റിന്‍കരയില്‍ നവനീതകൃഷ്ണനായും തിരുവണ്ടൂരില്‍ ഗോശാലകൃഷ്ണനായും എത്രയെത്ര ഭാവരൂപങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മലയാളക്കരയുടെ ഹൃദയേശ്വരനാണ് ഭഗവാന് ശ്രീകൃഷ്ണന്. കണ്ണന്റെ ഊരായ കണ്ണൂരിലാണ് കൃഷ്ണഗാഥ പിറന്നത.് കോഴിക്കോട് മാനവേദ സാമൂതിരിയുടെ മനംകവര്‍ന്ന കൃഷ്ണനാണ് ‘കൃഷ്ണനാട്ടം’ എന്ന കലാരൂപത്തിനടിസ്ഥാനം. അധിനിവേശ ഭരണക്കാരോട് പടപൊരുതിയ പഴശ്ശിരാജാവിന്റെ തൃക്കൈമുദ്ര ‘ശ്രീകൃഷ്ണജയം’എന്നായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര് പത്മനാഭദാസന്മാരായി അറിയപ്പെടുന്നതില്‍ അഭിമാനിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിലും സാമൂഹ്യ നവോത്ഥാനത്തിലും ശ്രീകൃഷ്ണകഥകള്‍ പ്രേരണാസ്രോതസ്സായിരുന്നു. ജാതീയമായ അസമത്വങ്ങള്‍ക്കെതിരെ പ്രതികരിക്കുവാന്‍ മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ക്ക് കരുത്തായതും കൃഷ്ണ സ്മരണയാണ്. എഴുതുന്നത് കവിരാമായണമായിരുന്നിട്ടും വന്ദനശ്ലോകം ആപദ്ബാന്ധവനായ ശ്രീകൃഷ്ണഭഗവാനു സമര്‍പ്പിച്ചിരിക്കുന്നു. കറുപ്പിന്റെ ഏഴഴകും വിടര്‍ന്നു പരിലസിക്കുന്ന ആ വന്ദന ശ്ലോകം ഇങ്ങനെയാണ്:
കണ്ണാ! കാരുണ്യ പൂര്‍ണാ കടലൊളി കറുക
ക്കാമ്പു കായാമ്പു, നീല
ക്കണ്ണാടിക്കാന്തി, കാറെ,ന്നിവ കഴല് പണിയും
കമ്ര കാര്‍വര്‍ണ കൃഷ്ണാ!
കന്നക്കൈ കാട്ടുമക്കൗരവസഭയിലീവണ്ണം
വിളിച്ചങ്ങു കേഴും
കന്നല്‍ക്കാര്‍വേണിയെക്കാത്തവനടിയനിലുള്‍
ക്കണ്ണിടാന്‍ കൈതൊഴുന്നേന്‍’
വള്ളത്തോള്‍ രചിച്ച ‘കര്‍മ്മഭൂമിയുടെ പിഞ്ചുകാല്‍’ സ്വാതന്ത്ര്യസമര പശ്ചാത്തലമുള്ള ഒരു കൃഷ്ണകവിതയാണ.് സാമ്രാജ്യത്വ മോഹങ്ങളും ഭീകരവാദവുമുള്‍പ്പെടെയുള്ള എത്രയെത്ര വിപത്തുകള്‍ ഒന്നിച്ചു തലപൊക്കിയാലും ഈ ഭാരതഭൂമിയിലെ ഒരു ചെറുബാലകന്റെ കാല്‍ച്ചുവട്ടിലൊതുങ്ങുമെന്നാണ് കാളിയമര്‍ദ്ദനസന്ദര്‍ഭം ഉദാഹരിച്ചു കൊണ്ട് മഹാകവി പ്രഖ്യാപിക്കുന്നത്. വ്യാധി ഭയങ്ങളും മഹായുദ്ധങ്ങളും മാറിമാറി പരീക്ഷിച്ച് ആരെല്ലാം അസ്ഥിരപ്പെടുത്തവാന്‍ ശ്രമിച്ചാലും ഭാരതം ഇന്നും തലയുയര്‍ത്തി നില്‍ക്കുകയാണ്. സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികത്തില്‍ ആഘോഷിക്കുന്ന ജന്മാഷ്ടമിയില് വള്ളത്തോള്‍ വര്‍ണിച്ച ആ കാളിയമര്‍ദ്ദനചിത്രം നമുക്ക് മാര്‍ഗ്ഗദര്‍ശകമാവും. ഉള്ളൂരിന്റെ ‘അന്നും ഇന്നും’ വൈലോപ്പിള്ളിയുടെ ‘കൃഷ്ണാഷ്ടമി’ ഇടശ്ശേരിയുടെ ‘അമ്പാടിയിലേക്ക് വീണ്ടും’ ഒഎന്‍വിയുടെ ‘കൃഷ്ണപക്ഷത്തിലെ പാട്ട്’ മുതലായ എത്രയോ ഉദാഹരണങ്ങള്‍ നമുക്കു മുമ്പിലുണ്ട്. ശ്രീകൃഷ്ണ ചരിതത്തെ എക്കാലവും അതിജീവന മന്ത്രമായി സമൂഹം സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് അനുബന്ധ പ്രതിസന്ധികളിലും കരുത്തും കരുതലുമായി കൃഷ്ണകഥകള്‍ കൂട്ടിനുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: