ചെന്നൈ: ഇന്ത്യ ഒരു ദിവസം ഒരു കോടി പേര്‍ക്ക് വാക്സിന് നല്കി ചരിത്രം സൃഷ്ടിച്ച ദിവസത്തില്‍ ചൈനയുടെ വാക്സീന് വിതരണത്തെ പുകഴ്ത്തി തമിഴ്നാട് സിപിഎം യൂണിറ്റ്.
അതേ ദിവസം ചൈന 20 കോടി പേര്‍ക്ക് ഒറ്റദിവസം വാക്സിന് നല്‍കിയതിന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ പുകഴ്ത്തിക്കൊണ്ടുള്ളതാണ് തമിഴ്നാട് സിപിഎം യൂണിറ്റിന്റെ ട്വീറ്റ്. അതേ ദിവസം ഇന്ത്യയില്‍ ഒരു കോടി പേര്‍ക്ക് ഒറ്റ ദിവസം വാക്സീന് നല്കിയ മോദി സര്‍ക്കാറിന്റെ നേട്ടം സിപിഎമ്മിന് പ്രശ്നമേയല്ല.
ചൈനയുടെ വാക്സിന് നേട്ടത്തെ വാനോളം പുകഴ്ത്തുന്ന സിപിഎം തമിഴ്നാട് യൂണിറ്റിന്റെ ട്വിറ്ററിലുള്ള പോസ്റ്റില്‍ ഷീ ജിന്‍പിങിന്റെ ചിത്രവും വെയ്ക്കാന്‍ മറന്നിട്ടില്ല. വാസ്തവത്തില്‍ ഒരു ദിവസം ഒരു കോടി പേര്‍ക്ക് വാക്സിന് നല്കി ഇന്ത്യയും പുതിയൊരു റെക്കോഡ് സ്ഥാപിച്ച ദിവസമായിരുന്നു ശനിയാഴ്ച. എന്നാല്‍ ഇന്ത്യയെ പുകഴ്ത്താന്‍ സിപിഎം ഒരുക്കമല്ല. ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്കോ, നഴ്സുമാര്‍ക്കോ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ ആശുപത്രികള്‍ക്കോ അഭിനന്ദനമില്ല. 62 കോടി പേര്‍ക്ക് വാക്സിന് നല്കി മറ്റൊരു റെക്കോഡിലും എത്തിനില്‍ക്കുകയാണ് ഇന്ത്യ. അതും സിപിഎമ്മിന്റെ പരിഗണനയിലേ ഇല്ല.
വാസ്തവത്തില്‍ ചൈനയുടെ വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ലോകമാകെ സംശയം ഉയരുന്ന സാഹചര്യത്തിലാണ് ചൈനയുടെ വാക്സിന് യജ്ഞത്തെ സിപിഎം പുകഴ്ത്തുന്നത്. ചൈനയുടെ വാക്സിന് കുത്തിവെച്ച ശ്രീലങ്ക, ബഹറൈന്‍, യുഎഇ, മംഗോളിയ, സീഷെല്‍സ് എന്നിവിടങ്ങളില്‍ വീണ്ടും കോവിഡ് മഹാമാരി ഉയരുകയാണ്. ‘സുരക്ഷിതവും ഫലപ്രദവും’ എന്നവകാശപ്പെട്ട് ചൈന രംഗത്തെത്തിയെങ്കിലും ചൈനയുടെ വാക്സിനെതിരെ സംശയം ഉയരുകയാണ്. എന്നാല്‍ മോദി വിരുദ്ധ വികാരം തലയ്ക്ക് പിടിച്ച സിപിഎമ്മിന് അതൊന്നും പ്രശ്നമില്ല. ഇന്ത്യയുടെ പ്രദേശങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന ചൈനീസ് സേനയെ നിയന്ത്രിക്കുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന കാര്യവും സിപിഎം മറക്കുന്നു. കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്കടുത്തുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടതും സിപിഎമ്മിന് പ്രശ്നമല്ല. ചൈനയുടെ വാക്സിന് നേട്ടത്തിനോടാണ്, ഇന്ത്യയോടുള്ള രാജ്യസ്നേഹമല്ല സിപിഎമ്മിന് പ്രിയം.
75 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഇക്കുറി ആദ്യമായി ആഘോഷിച്ച സിപിഎമ്മില്‍ നിന്നും ഇതിനേക്കാള്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കാന്‍ കഴിയുക? നേരത്തെ 100ാം വാര്ഷികദിനമാഘോഷിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഇന്ത്യയിലെ സിപിഎം പുകഴ്ത്തിയതും ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ളവര്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്ത്തി പ്രസംഗിച്ചതും വലിയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: