സങ്കീര്‍ണതകളുടെ മുള്‍പ്പടര്‍പ്പുകളില്‍ വിശ്വലാവണ്യത്തിന്റെ തൂവല്‍പ്പക്ഷികളെപ്പോലെ വിചിത്രമായ കൂടുകളൊരുക്കി സാഹിത്യവസന്തങ്ങളെ വിസ്മയിപ്പിച്ച കഥാകാരിയാണ് മാധവിക്കുട്ടി. കഥയെഴുത്തിന്റെ പാഠപുസ്തകം. സ്നേഹത്തെ അന്വേഷിക്കുന്ന മനുഷ്യന്റെ ഒടുങ്ങാത്ത കാല്വയ്പ്പുകള്കൊണ്ട് സ്നേഹത്തിന്റെയും എതിര്‍പ്പിന്റെയും ശക്തമായ തരംഗങ്ങള്‍ക്ക് മറുതരംഗങ്ങള് സൃഷ്ടിക്കുന്ന ഈ എഴുത്തുകാരി മനുഷ്യഹൃദയങ്ങളില്‍ കടലായി ഇരമ്പങ്ങളുണര്ത്തി. ശിഥിലമാകുന്ന ദാമ്പത്യത്തിന് വെളിയിലേക്ക് സ്നേഹാന്വേഷകരായി നിരന്തരം അലയുന്ന കഥാനായികമാരുടെ പ്രണയമാണ് മാധവിക്കുട്ടിയുടെ മുഖ്യ പ്രമേയം. വീടിന്റെ പിന്നാമ്പുറത്തു നടക്കുന്ന വേലക്കാരുടെ കൊച്ചുകൊച്ചു പ്രണയങ്ങള്‍, തൊഴുത്തില്‍ക്കുത്തുകള്‍, അകത്തളങ്ങളിലെ നെടുവീര്‍പ്പുകള്‍, പ്രതാപികളായ അമ്മായിമാര് അവരെക്കുറിച്ചൊക്കെ മാധവിക്കുട്ടി എഴുതി. വൈകാരികതയുടെ എല്ലാ ഭാവങ്ങളും അവരുടെ അക്ഷരങ്ങളില്‍ കെട്ടിയാടപ്പെട്ടു. സര്‍ഗ്ഗാത്മകതയെ ആത്മാവിന്റെ ഈണങ്ങളോട് അവര്‍ അടുപ്പിച്ചു നിര്‍ത്തി. നിരുപാധികമായ സ്നേഹമാണ് അവരുടെ സാഹിത്യസങ്കല്പ്പത്തിന്റെ കാതല്‍. നഷ്ടപ്രണയങ്ങളിലെ നിഴല്ചിത്രങ്ങളെയും വേര്‍പിരിയലിന്റെയും പ്രണയത്തിന്റെയും ജീവന് തുടിക്കുന്ന, യൗവ്വനം തുളുമ്പുന്ന വരികള്‍ അവര്‍ സാഹിത്യത്തില്‍ എഴുതിച്ചേര്‍ത്തു. പു
രുഷനെ വെറുത്തും സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും പലവഴികളിലൂടെ അവര്‍ എല്ലായിടങ്ങളിലും സ്നേഹമെന്ന ഒറ്റയടിപ്പാതയിലേക്ക് പാദങ്ങളൂന്നി, സ്നേഹഭിക്ഷുവായി. ദ്വന്ദ്വവ്യക്തിത്വങ്ങള്‍ എന്നും എപ്പോഴും മാധവിക്കുട്ടിയെ ഭരിച്ചുകൊണ്ടിരുന്നു. ഒരാള്‍ കാറ്റിനൊപ്പം പറക്കാന്‍ ചിറക് വിടര്‍ത്തുമ്പോള്‍ മറ്റൊരാള്‍ കാല്‍വിരലില്‍ പിടിച്ചുവലിച്ച് വീണ്ടും ഭൂമിയിലേക്ക് വീഴ്ത്തുന്നു. ഈ വൈരുദ്ധ്യങ്ങള്‍ അവരുടെ കഥകളിലും കവിതകളിലും ജീവിതത്തിലുമെല്ലാം പ്രതിഫലിച്ചുകൊണ്ടിരുന്നു.
മാധവിക്കുട്ടിയുടെ അഭിപ്രായങ്ങളും ആഗ്രഹങ്ങളുമൊക്കെ അദ്ഭുതപ്പെടുത്തുന്നതാണ്. എഴുത്തിലൂടെയും സംഭാഷണങ്ങളിലൂടെയും മലയാളസാഹിത്യത്തില്‍ സ്ഥാനംപിടിച്ച മാധവിക്കുട്ടി ഈ സമൂഹത്തെ ഉള്ളിന്റെയുള്ളില്‍ ഒരുതരിപോലും കൂസാത്തവളായിരുന്നു. അവരുടെ എഴുത്തിന്റെ ശക്തിയും അവരുടെ ചിന്തയുടെ അടിയൊഴുക്കും ഈ കൂസലില്ലായ്മ തന്നെയായിരുന്നു. ഒരിക്കലും എഴുത്തില്‍ മാത്രം ഒതുങ്ങി നില്ക്കാന് അവര്‍ കൂട്ടാക്കിയില്ല. പല ദിക്കുകളിലേക്കും അവര്‍ തിരിഞ്ഞുനിന്ന് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. വിശ്വാസങ്ങളെയോ നിയമങ്ങളെയോ യാഥാസ്ഥിതികര്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ സദാചാരങ്ങളെയോ മാധവിക്കുട്ടി വിലമതിച്ചില്ല. സമുദായം തയ്പ്പിച്ച കുപ്പായം അവര്‍ക്ക് പാകമായില്ല. സമുദായം നിര്‍ദ്ദേശിച്ച വഴികളിലൂടെ അവര്‍ നടന്നില്ല. അവരുടെ വഴികളെ സമുദായവും അംഗീകരിച്ചില്ല.
വിചിത്രമായ ഒരു മനോനില കുട്ടിക്കാലം മുതലേ അവരില്‍ തലപൊക്കിയിരുന്നു. ആ മനോനില അവരുടെ എഴുത്തിലും പ്രതിഫലിച്ചു. അവര്‍ പറഞ്ഞ, കാണിച്ച കൂസലില്ലായ്മകളും കുസൃതികളുമൊക്കെ മലയാള സാഹിത്യത്തിന്റെ ആര്‍ജ്ജവത്തിനും ആധികാരികതയ്ക്കും കാരണമായി. കൊച്ചുകൊച്ചു വിമര്‍ശനങ്ങള്‍ക്കു മുന്നില്‍പ്പോലും അവര്‍ വേദനിച്ചു. ‘എന്റെ കഥ’യുടെ പ്രസിദ്ധീകരണം അവരുടെ കലാസപര്യയില്‍ ഒരു പുതിയ വഴിത്തിരിവ് കുറിച്ച സംഭവമായിരുന്നു. അത് ഉണര്‍ത്തിവിട്ട വിവാദം സദാസമയവും നിഴല്‍പോലെ മാധവിക്കുട്ടിയുടെ കൂടെത്തന്നെ സഞ്ചരിച്ചു.
‘എന്റെ കഥ’യുടെ ആദ്യ ഭാഗത്ത് പതിഞ്ഞ പക്ഷിയുടെ കരച്ചില് കേരളക്കരയ്ക്കപ്പുറം ലോകത്തിന്റെ പല കോണുകളിലും പ്രതിധ്വനിച്ചു. സ്നേഹശൂന്യതയുടെ അമാവാസികളില്പ്പോലും സ്നേഹമിന്നാമിന്നിയുടെ ഒരു തരി വെളിച്ചമെങ്കിലും തേടുന്ന ഈ കഥാകാരി അകത്തളങ്ങളിലെ ഏകാന്തതയിലും നഗരജീവിതത്തിന്റെ തിക്കിലും തിരക്കിലും ഒറ്റപ്പെടുന്ന സ്ത്രീകളെക്കുറിച്ച് ശക്തമായി എഴുതി. ഈ എഴുത്തുകാരിയുടെ കുട്ടിക്കാലത്തെ ഓര്‍മകള്‍ ഉറങ്ങിക്കിടന്ന വടക്കന്‍ മലബാറിലെ ഗ്രാമീണാന്തരീക്ഷത്തിന്റെ മിഴിവാര്‍ന്ന ചിത്രങ്ങളും മഹാനഗരത്തിന്റെ ജീവിതവും അവര്‍ പല കഥകളിലായി കെട്ടഴിച്ചുവിട്ടു. പുന്നയൂര്‍ക്കുളവും നാലപ്പാട് വീടും നീര്‍മാതളവും പാമ്പിന്കാവുമെല്ലാം അക്ഷരങ്ങളെ സ്നേഹിക്കുന്ന മലയാളികളുടെ മനസ്സിന്റെ ഭാഗമായിക്കഴിഞ്ഞ ശേഷമാണ് അവര്‍ കമല സുരയ്യയായി മാറിയത്. ആ വേഷപ്പകര്ച്ചയ്ക്കുള്ളിലും ഈ ലോകത്തെ വിസ്മയത്തോടെ നോക്കിക്കാണുന്ന അതേ ആമി തന്നെയാണുണ്ടായിരുന്നത്. സ്നേഹത്തിന്റെ നാനാവതാരങ്ങള്‍ ഒരാളില്‍ ദര്‍ശിക്കുവാന്‍ സാധിക്കുക അത്യപൂര്‍വമാണ്.
ഇന്ത്യന്‍ സ്ത്രീയുടെ മാനസിക-സാമൂഹികാവസ്ഥ തന്റെ രചനകളിലൂടെ സധൈര്യം അടയാളപ്പെടുത്തുകയാണ് മാധവിക്കുട്ടി ചെയ്തിട്ടുള്ളത്. ഭാര്യാഭര്തൃബന്ധത്തില്നിന്നും വീടിന്റെ ഇരുളിമയില്നിന്നും ആണ്‍പെണ്‍ ബന്ധത്തിന്റെ നിഗൂഢതയില്‍ നിന്നും അവരുടെ കഥാപാത്രങ്ങള്‍ വേറിട്ട പശ്ചാത്തലം തേടിയിറങ്ങുന്നുണ്ട്. സ്നേഹശൂന്യമായ ജീവിതച്ചൂടില് നിലാവത്തിറങ്ങിയവരാണിവര്. അതുകൊണ്ടുതന്നെ കഥകള്‍ പുന്നയൂര്‍ക്കുളത്തും നാലപ്പാട്ടും മാത്രമല്ല കൊല്‍ക്കത്തയിലും ദല്‍ഹിയിലും പൂനെയിലും മുംബൈയിലും സംഭവിക്കുന്നു. എല്ലാ രചനകളിലും കൂടി താന്‍ പറയാന്‍ പോകുന്നത് സ്നേഹത്തെപ്പറ്റി മാത്രമാണെന്ന് അവര്‍ വ്യക്തമാക്കുന്നുണ്ട്.
കുട്ടികളുടെയും പ്രായംചെന്നവരുടെയും മാനസിക വിചാരങ്ങളെ വളരെ വൈദഗ്ദ്ധ്യത്തോടെയാണ് അവര്‍ ആവിഷ്കരിക്കുന്നത്. വാസ്തവത്തില്‍ ലോകസാഹിത്യത്തിന്റെ ഭൂപടത്തില്‍ മലയാളഭാഷയ്ക്ക് അടയാളമിട്ടുകൊടുത്തത് മാധവിക്കുട്ടിയായിരുന്നു. അവരുടെ ഭൂമികയില്‍ സവിശേഷമായ ഓര്‍മകളിലൂടെയും നിറങ്ങളിലൂടെയും യൗവ്വനത്തെ വീണ്ടെടുക്കാനുള്ള ശ്രമവും സ്നേഹവുമാണുണ്ടായിരുന്നത്. സ്നേഹത്തിന്റെ തുറസ്സുകളിലൂടെ എല്ലാവരും ഒന്നിച്ച് നടക്കണം. അവരുടെയുള്ളില്‍ ഉള്ളവനും ഇല്ലാത്തവനും ഉണ്ടായിരുന്നില്ല. ജാതിയും മതവും അതിന്റെ ആചാരങ്ങളും ഉണ്ടായിരുന്നില്ല. കലാപങ്ങളോ യുദ്ധങ്ങളോ വിഭജനവാദങ്ങളോ ഉണ്ടായിരുന്നില്ല. ഏതും മണ്ണില്‍നിന്നും മനസ്സില്‍നിന്നും മുളച്ചുപൊന്തണം. അങ്ങനെ മുളച്ചുപൊ
ന്തുന്ന വിഹ്വലതകളും ഭീതികളും ധര്‍മസങ്കടങ്ങളും ധര്മരോഷങ്ങളും മാധവിക്കുട്ടിയുടെ ജീവിതാദര്‍ശത്തെ കാലികവും പ്രസക്തവും ദീപ്തവുമാക്കുന്നു. സ്ത്രീഹൃദയത്തിന്റെ തേങ്ങല്‍ അവരുടെ പുസ്തകങ്ങളുടെ ഏത് പേജില്‍നിന്നും ഉയരുന്നുണ്ട്. സ്ത്രീയെ ഊമയാക്കുന്ന ലോകക്രമത്തെക്കുറിച്ച് തുടക്കംതൊട്ടു തന്നെ ഈ എഴുത്തുകാരി ജാഗരൂകയായിരുന്നു. ലോകം, ഭാഷ, നിയമം, ധനം ഇവയുടെയെല്ലാം അധിപനായ പുരുഷനെ സ്നേഹത്തിന്റെ മാന്ത്രികതകൊണ്ട് ഇണയായി പുനഃസൃഷ്ടിക്കുന്ന ദൗത്യവും അവര്‍ നിര്‍വഹിച്ചുപോന്നു. ആധിപത്യത്തിന്റെ അസമത്വത്തില്‍നിന്നും സ്നേഹത്തിന്റെ സമത്വത്തിലേക്ക് പുരുഷനെ എത്തിക്കുകയാണ് അവരുടെ ലക്ഷ്യം. അങ്ങനെ തികച്ചും പുരുഷന്റെ ഉള്ളിലെ സ്നേഹശക്തി തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ നിറഞ്ഞ രചനകള്‍ മാധവിക്കുട്ടി മുന്നോട്ടുവയ്ക്കുന്നു. ജീവിതംതന്നെ സാഹിത്യമാക്കിയ എഴുത്തുകാര്‍ മലയാളത്തില്‍ വിരളമാണ്. വിരലിലെണ്ണാവുന്ന ഇത്തരത്തിലുള്ള എഴുത്തുകാരുടെ കഥകളിലും കവിതകളിലും അവര്‍ തന്നെ മുഖ്യ കഥാപാ
ത്രങ്ങളായി മാറുന്നത് കാണാം. ആത്മകഥയുടെ മട്ടിലോ, കഥ എന്ന ഭാവത്തിലോ അവരെത്തന്നെ അറുത്തുമുറിച്ച് കഷണം കഷണമായി വായനക്കാരുടെ മുന്നില്‍ നിരത്തിവയ്ക്കുന്നു. മലയാളത്തില്‍ നാളിതുവരെ കേട്ടിട്ടില്ലാത്ത ശബ്ദവും സ്പര്‍ശവുമായി തന്റെ മാംസവും രക്തവും ലോകത്തിനു വിളമ്പിയ ഈ എഴുത്തുകാരിയെ ലോകം സ്തുതിച്ചു. മുതിര്‍ന്നവരുടെ ലോകത്തിലെ യാഥാര്‍ത്ഥ്യങ്ങളെ സംബന്ധിച്ച് ആദ്യത്തെ തിരിച്ചറിവ് സമ്മാനിച്ച കഥകള്‍, മുറിവുകള്‍ ആഴത്തില്‍ പതിഞ്ഞ കുരുന്നുഹൃദയങ്ങളെക്കുറിച്ചുള്ള കഥകള്‍, വാര്‍ദ്ധക്യത്തിന്റെ ഏകാന്തത നിഴല്‍ പരത്തിയ കഥകള്‍, ദാമ്പത്യം എന്ന സ്ഥാപനത്തിന്റെ വിലക്കുകളില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്ന സ്ത്രീഹൃദയത്തിന്റെ കിരുകിരുപ്പുകളൊക്കെ പിടിച്ചെടുത്ത കഥകള്‍ ഭാവപരമായിത്തന്നെ അവര്‍ രചിച്ചു.
”എനിക്കറിഞ്ഞുകൂടാ. എന്തൊക്കെയോ ഈ അനന്തമെന്ന് തോന്നിക്കുന്ന യാത്രയില്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ എന്തെന്ന് എനിക്ക് ഇതുവരെ അറിയാത്തതുകൊണ്ട് ഞാന്‍ അതിനെപ്പറ്റി ദുഃഖിക്കുന്നില്ല. എന്റെ കനം ക്രമേണ കുറഞ്ഞുകുറഞ്ഞു വരുന്നുവെന്നു മാത്രം ഞാന്‍ അറിയുന്നു. വീഴുന്നത് എന്റെ കമനീയവസ്ത്രങ്ങളാണോ? അതോ എന്റെ ശരീരമാണോ? ശരീരത്തിന്റെ കനം താങ്ങാനാകാത്തതുതന്നെ. അതിലും ഭാരം പേരിനും മേല്വിലാസത്തിനുംതന്നെ. യാത്രയുടെ അന്ത്യത്തില്‍ ഞാന്‍ ഏതോ നാല്‍ക്കവലയില്‍വച്ച് ഒരപ്പൂപ്പന്താടിപോലെ ഉയര്‍ന്ന് ആകാശത്തിന്റെ നീലിമയില്‍ പറക്കും…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: