മലയാള ചലച്ചിത്ര സംവിധായകന്, തിരക്കഥാകൃത്ത്, സാഹിത്യകാരന് എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന പി. പത്മരാജന്റെ എഴുപത്തിമൂന്നാം ജന്മദിനമായിരുന്നു മെയ് 23
മലയാള സാഹിത്യത്തിനും സിനിമക്കും പത്മരാജന് നല്കിയ സംഭാവനകള്‍ അതുല്യമായ കയ്യൊപ്പായി ഇന്നും അവശേഷിക്കുകയാണ്. മലയാളിയുടെ സിനിമാ സ്വപ്നങ്ങളെ സൗന്ദര്യം ചോരാതെ യാഥാര്‍ഥ്യമാക്കിയ ഗന്ധര്വ്വന്. മനുഷ്യന്റെയും മനസ്സിന്റെയും ഭാവവൈവിധ്യങ്ങളെ ചലച്ചിത്രങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് പകര്‍ന്ന അതുല്യ പ്രതിഭ. ഈ വിശേഷങ്ങള്‍ക്കപ്പുറത്ത് തിരക്കഥ, സംവിധാനം, സാഹിത്യരചന എന്നിവയിലൂടെ മലയാളലോകത്തെ പകരംവയ്ക്കാനില്ലാത്ത പേരായി മാറി പത്മരാജന്.
1971ല്‍ എഴുതിയ നക്ഷത്രങ്ങളേ കാവല്‍ എന്ന നോവല്‍ ഏറെ ശ്രദ്ധേയമായി. ആ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കുങ്കുമം അവാര്‍ഡും ഈ കൃതിയിലൂടെ പത്മരാജന് നേടി. പിന്നീട് വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകള്‍ പ്രസിദ്ധീകരിച്ചു. പതിനഞ്ചു നോവലുകള്‍ക്കും 35 തിരക്കഥകള്‍ക്കും പുറമേ ഏറെ ചെറുകഥകളും എഴുതി.
1975-ല്‍ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തില്‍ ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവര്‍ത്തി സിനിമകളുടെ ചുക്കാന്‍ പിടിച്ച ഭരതന്-പത്മരാജന് കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. പെരുവഴിയമ്പലം എന്ന സ്വന്തം നോവല്‍ സംവിധാനം ചെയ്തായിരുന്നു പത്മരാജന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് കള്ളന് പവിത്രന്, ഒരിടത്തൊരു ഫയല്വാന്, നവംബറിന്റെ നഷ്ടം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, മൂന്നാംപക്കം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പത്മരാജനിലെ പ്രതിഭയെ മലയാളക്കര അനുഭവിച്ചറിഞ്ഞു. ചിത്രത്തിന്റെ ആത്മാവറിഞ്ഞ് ഗാനങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിലും പത്മരാജന് പ്രത്യേകം മുദ്രപ്പതിപ്പിച്ചു. സംഗീത പ്രാധാന്യത്തോടെ ഒരുക്കിയ എക്കാലത്തെയും മഹത്തായ സൃഷ്ടിയായ ഞാന്‍ ഗന്ധര്‍വനായിരുന്നു പത്മരാജന്റെ അവസാനത്തെ ചലച്ചിത്രം. ഒരു കഥ പാതിയില്‍ പറഞ്ഞുനിര്‍ത്തും പോലെ 1991 ജനുവരിയില്‍ നാല്‍പ്പത്തിയാറാം വയസ്സില്‍ മലയാള സിനിമയുടെ പ്രിയപ്പെട്ട പപ്പേട്ടന് വിടവാങ്ങി. പത്മരാജന്റെ ഓര്‍മകള്‍ക്ക് മുന്പില് പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: