ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം നടത്തിയ ഐഎസ് ഐഎസ് ഖൊറാസന്‍ എന്ന തീവ്രവാദസംഘടനയില്‍ 14 മലയാളികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. 13 യുഎസ് പട്ടാളക്കാരുള്‍പ്പെടെ 170 പേരാണ് കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലെ രണ്ട് ചാവേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്ഥാനിലുള്ള സംഘമാണ് ഐഎസ് ഐഎസ് ഖൊറാസന്‍ പ്രവിശ്യ അഥവാ ഐഎസ് ഐഎസ്-കെപി. (ഐഎസ്കെ, ഐഎസ് ഐഎസ് കെ എന്നും ഈ സംഘം ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. ) ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്.
അധികാരം പിടിച്ചതോടെ അഫ്ഗാനിലെ ബാഗ്രാം ജയിലില്‍ നിന്നും താലിബാന് മോചിപ്പിച്ച തീവ്രവാദികളില്‍ 14 മലയാളികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ 14 പേരില്‍ ഒരാള്‍ കേരളത്തിലെ വീടുമായി ബന്ധപ്പെട്ടിരുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റ് 13 പേരും കാബൂളിലെ ഐഎസ് ഐഎസ് ഖൊറാസന്‍ പ്രവിശ്യ (ഐഎസ് ഐഎസ്-കെഎസ്) തീവ്രവാദസംഘത്തിനൊപ്പമാണ്. 2014ലാണ് സിറിയയും ലെവന്റും ചേര്‍ന്ന് 2014ല്‍ വടക്കന്‍ ഇറാഖിലെ മൊസൂള്‍ കൈവശപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ നിന്നും നിരവധി പേര് ഐഎസ് ഐഎസില്‍ ചേരാന്‍ നാടുവിട്ടു. മലപ്പുറം, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഇന്ത്യവിട്ട് പശ്ചിമേഷ്യയിലെ ജിഹാദി സംഘങ്ങളില്‍ ചേര്‍ന്നത്. ഇതില്‍ ചില മലയാളികളായ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ എത്തിച്ചേര്‍ന്നു. പാകിസ്ഥാനുമായി അതിര്‍ത്തിപങ്കുവെക്കുന്ന അഫ്ഗാനിസ്ഥാനിലെ പ്രവിശ്യയാണ് നംഗര്‍ഹാര്‍. ഇവിടെ താലിബാന് നേതാവായ ഹഖാനിയുടെ സംഘത്തിന് വലിയ സ്വാധീനമുണ്ട്.ഹഖാനി സംഘവുമായി ചേര്‍ന്ന് ഈ മലയാളികള്‍ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം തെരുവില്‍ ഏതാനും താലിബാന് തീവ്രവാദികള്‍ അഫ്ഗാന് പൗരന്മാരെ അടിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതില്‍ ഒരു തീവ്രവാദി മലയാളത്തില്‍ സംസാരിക്കുന്നതായി കാണാം. ഇത് മലയാളമല്ലെന്നും അഫ്ഗാനിസ്ഥാനിലെ ഏതോ ഒരു പ്രാദേശിക ഭാഷയാണ് സംസാരിക്കുന്നതെന്നും അന്ന് വിശദീകരണമുണ്ടായിരുന്നു. എന്നാല്‍ ഇത് മലയാളി തന്നെയാണെന്ന സംശയം ഈ പുതിയ റിപ്പോര്‍ട്ടോടെ ബലപ്പെടുകയാണ്. ഈ വീഡിയോ ശശി തരൂര്‍ എംപി ട്വിറ്ററില്‍ പങ്കുവെച്ചതും വിവാദമായി. താലിബാനില്‍ മലയാളികളുമുണ്ടെന്ന കമന്റോടെയാണ് ശശി തരൂര്‍ ഈ വീഡിയോ പങ്കുവെച്ചത്. അഫ്ഗാനിസ്ഥാന്റെ നിരവധി ഗ്രാമീണ ജില്ലകളില്‍ ഐഎസ് ഐഎസ് കെയ്ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. 2018ഓടെ അഫ്ഗാനിലെ നാല് പ്രധാന അതിതീവ്രസംഘടനകളില് ഒന്നായി ഐഎസ് ഐഎസ് കെ വളര്‍ന്നു. താലിബാന് ഈ മലയാളികളെ അഫ്ഗാനിസ്ഥാനിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഇന്ത്യ ഭയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: